മുംബൈ ഭീകരാക്രമണ സൂത്രധാരന്‍ തഹവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറാന്‍ അമേരിക്കന്‍ സുപ്രീം കോടതി ഉത്തരവിട്ടു
മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ സൂത്രധാരന്‍ തഹവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറാന്‍ അമേരിക്കയിലെ സുപ്രീം കോടതി ഉത്തരവിട്ടു. തന്നെ ഇന്ത്യക്ക് കൈമാറുന്നതിനെതിരെ തഹാവൂര്‍ റാണ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. ഏറെക്കാലമായി തഹാവൂര്‍ റാണയെ വിട്ടുകിട്ടാനായി ഇന്ത്യ അന്തര്‍ദേശീയ തലത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടായിരുന്നു.
കനേഡിയന്‍ പൗരത്വമുള്ള പാകിസ്ഥാന്‍ വംശജനാണ് തഹാവൂര്‍ റാണ. 64 കാരനായ ഇയാള്‍ നിലവില്‍ ലോസ് ആഞ്ചലസിലെ മെട്രോപൊളിറ്റന്‍ ജയിലില്‍ തടവില്‍ കഴിയുകയാണ്. ഇന്ത്യക്ക് കൈമാറുന്നതിനെതിരെ അവസാന പരിശ്രമമെന്ന നിലയിലാണ് റാണ അമേരിക്കയിലെ സുപ്രീം കോടതിയെ സമീപിച്ചത്. ഇതിന് മുന്‍പ് അമേരിക്കയിലെ കീഴ്‌ക്കോടതികളിലെല്ലാം ഇയാള്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നെങ്കിലും ഇന്ത്യക്ക് അനുകൂലമായ വിധിയാണ് എല്ലാ കോടതികളില്‍ നിന്നും ഉണ്ടായത്.
2008 നവംബര്‍ 26-ന് 166 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തില്‍ ഇന്ത്യ തേടുന്ന കുറ്റവാളിയാണ് തഹാവുര്‍ ഹുസൈന്‍ റാണ. പാക് ഭീകരസംഘടനകള്‍ക്കുവേണ്ടി മുംബൈയില്‍ ഭീകരാക്രമണം നടത്താന്‍ സുഹൃത്തും യു.എസ്. പൗരനുമായ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിക്കൊപ്പം ഗൂഢാലോചന നടത്തിയതിനാണ് റാണ ഇന്ത്യയില്‍ നിയമനടപടി നേരിടുന്നത്. ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബയ്ക്ക് സഹായം നല്‍കിയ കേസില്‍ 2011-ല്‍ യു.എസ് കോടതി ഇയാളെ ശിക്ഷിച്ചിരുന്നു.