നാട്ടുവാര്‍ത്തകള്‍

വിവാഹ പ്രായം 21, ലിവിങ് റിലേഷന് രജിസ്‌ട്രേഷന്‍; ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ കോഡ് പ്രാബല്യത്തില്‍

ഏകീകൃത സിവില്‍ കോഡ് (യുസിസി) നടപ്പാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് ചരിത്രം കുറിച്ചു. മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി യുസിസി പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്യുകയും ഏകീകൃത സിവില്‍ കോഡ് അംഗീകരിച്ചുകൊണ്ട് വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു. വിവേചനം അവസാനിപ്പിക്കാനുള്ള ഭരണഘടനാപരമായ നടപടിയാണ് ഏകീകൃത സിവില്‍ കോഡെന്ന് ചടങ്ങില്‍ മുഖ്യമന്ത്രി പറഞ്ഞു.

എല്ലാ പൗരന്മാര്‍ക്കും തുല്യാവകാശം നല്‍കാനുള്ള ശ്രമമാണ് ആരംഭിച്ചിരിക്കുന്നതെന്നും ഇത് നടപ്പാക്കുന്നതോടെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ സ്ത്രീ ശാക്തീകരണം ഉറപ്പാക്കുമെന്നും ധാമി പറഞ്ഞു. നിക്കാഹ് ഹലാല, ബഹുഭാര്യത്വം, ശൈശവവിവാഹം, മുത്തലാഖ് തുടങ്ങിയ തിന്മകള്‍ നിര്‍ത്തലാക്കാനാവും. ഭരണഘടനയുടെ 342-ാം അനുച്ഛേദത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന പട്ടികജാതി വിഭാഗങ്ങളുടെ അവകാശങ്ങള്‍ പൂര്‍ണമായും സംരക്ഷിക്കാനാകും. ഏകീകൃത സിവില്‍ കോഡ് ഒരു മതത്തിനും വിഭാഗത്തിനും എതിരല്ലെന്നും ആരെയും ലക്ഷ്യം വയ്ക്കുന്ന പ്രശ്നമില്ലെന്നും വീണ്ടും വ്യക്തമാക്കുന്നുവെന്നും ധാമി പറഞ്ഞു.

മതത്തിന്റെ വേര്‍തിരുവുകളില്ലാതെ എല്ലാ പൗരന്മാര്‍ക്കും ഏകീകൃത വിവാഹം, വിവാഹമോചനം, സ്വത്ത്, അനന്തരാവകാശം, ദത്തെടുക്കല്‍ എന്നിവ ഉറപ്പാക്കുന്ന ഏകീകൃത സിവില്‍ കോഡ് അഥവാ യൂണിഫോം സിവില്‍ കോഡാണ് ഇന്ന് ഉത്തരാഖണ്ഡില്‍ നിലവില്‍ വന്നത്. ഇതോടെ സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്ന സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറി. ബിജെപി അതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ ഒന്ന് പൂര്‍ത്തികരിക്കുകയാണ് ഇതിലൂടെ.

2022ലെ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു സംസ്ഥനത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുക എന്നത്. മതാചാര പ്രകാരം വിവാഹം കഴിഞ്ഞാലും യുസിസി പോര്‍ട്ടലില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യുക എന്നത് ഏകീകൃത സിവില്‍ കോഡിലെ പ്രധാന നിയമമാണ്. ഏകീകൃത സിവില്‍ കോഡ് പ്രകാരം പുരുഷന്റെയും സ്ത്രീയുടെയും വിവാഹ പ്രായം 21 വയസായിരിക്കും. വിവാഹത്തിന് മുമ്പ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. വിവാഹം രജിസ്റ്റര്‍ ചെയ്യാതിരുന്നാല്‍ മൂന്ന് മാസത്തേക്ക് ജയില്‍ തടവോ 25,000 രൂപ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കാം. രജിസ്ട്രേഷനില്‍ ഒരു മാസത്തെ കാലതാമസമുണ്ടായാല്‍ പോലും മൂന്ന് മാസം വരെ തടവോ 10,000 രൂപ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കാം.

ലിവിങ് റിലേഷനില്‍ ഏര്‍പ്പെടുന്നവരും യുസിസി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. അല്ലാത്തപക്ഷം തടവ് ശിക്ഷയുള്‍പ്പെട നിയമം വ്യവസ്ഥ ചെയ്യുന്നു. ബഹുഭാര്യത്വം, ശൈശവ വിവാഹം, മുത്തലാഖ് എന്നിവയ്ക്ക് പൂര്‍ണ്ണമായ നിരോധനം ഏര്‍പ്പെടുത്തുന്നു, വിവാഹ മോചനത്തിനുള്ള ഏകീകൃത നടപടിക്രമം എന്നിവയാണ് സിവില്‍ കോഡിലെ മറ്റ് ചില പ്രധാന ഘടകങ്ങള്‍. അതേസമയം ആദിവാസികളെയും ചില പ്രത്യേക സമുദായത്തെയും നിയമത്തിന്റെ പരിധിയില്‍ നിന്നും നിലവില്‍ ഒഴിവാക്കിയിട്ടുണ്ട്.

പാരമ്പര്യ അവകാശങ്ങളുടെ കാര്യത്തി ല്‍ പൗരന്മാര്‍ക്കിടയി ല്‍ തുല്യത ഉറപ്പാക്കാനും നിയമനിര്‍മ്മാണം ലക്ഷ്യമിടുന്നു. ലിവിങ് റിലേഷന്‍ഷിപ്പുകളില്‍ ജനിക്കുന്ന കുട്ടികളെ 'ദമ്പതികളുടെ നിയമാനുസൃത കുട്ടി' ആയി യുസിസി അംഗീകരിക്കുകയും അവര്‍ക്ക് അനന്തരാവകാശത്തില്‍ തുല്യാവകാശം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു. ലിംഗവ്യത്യാസങ്ങള്‍ ഒഴിവാക്കി ആണ്‍മക്കളെയും പെണ്‍മക്കളെയും കുട്ടികളായി സിവില്‍ കോഡില്‍ കണക്കാക്കുന്നു.

ഒരു സ്ത്രീക്ക് ഭര്‍ത്താവിനെ നഷ്ടപ്പെടുമ്പോഴോ വിവാഹമോചനം നേടുമ്പോഴോ മുസ്ലീം സമൂഹത്തിലെ ചില വിഭാഗങ്ങള്‍ പിന്തുടരുന്ന നിക്കാഹ് ഹലാലയും ഇദ്ദത്തും ഉള്‍പ്പെടെയുള്ള ആചാരങ്ങള്‍ യൂണിഫോം സിവില്‍ കോഡ് നിരോധിക്കുന്നു. സംസ്ഥാനത്തിന് പുറത്ത് താമസിക്കുന്നവരും നിയമത്തിന്റെ പരിധിയില്‍ വരും. നാല് സെക്ഷനുകളിലായി 182 പേജാണ് നിയമത്തിനുള്ളത്.

മതം, ലിംഗഭേദം, ജാതി, അല്ലെങ്കില്‍ സമുദായം എന്നിവയെ അടിസ്ഥാനമാക്കിയുള്ള വിവേചനങ്ങളില്ലാത്ത, യോജിപ്പുള്ള ഒരു സമൂഹത്തിന്റെ അടിത്തറ യുസിസി സ്ഥാപിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി വ്യക്തമാക്കുന്നു. ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ കോഡിനായുള്ള കരട് റിപ്പോര്‍ട്ട് 2023 ജൂലൈ 15 ന് സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഉത്തരാഖണ്ഡ് നിയമസഭ യുസിസി ബില്‍ പാസാക്കിയത്. കഴിഞ്ഞ വര്‍ഷം തന്നെ രാഷ്ട്രപതി ബില്ലിന് അനുമതി നല്‍കി. കഴിഞ്ഞ ബുധനാഴ്ച സര്‍ക്കാര്‍ ഇത് സംബന്ധിച്ച വിജ്ഞാപനമിറക്കി.

2019ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം, പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ യുസിസി നടപ്പാക്കുമെന്നതായിരുന്നു. സര്‍ക്കാര്‍ രൂപീകരണത്തിന് ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗത്തിലാണ് യുസിസിയുടെ കരട് തയ്യാറാക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് അഞ്ചംഗ വിദഗ്ധ സമിതിക്ക് രൂപംനല്‍കി. കരട് തയ്യാറാക്കുന്നതിനായി ഉത്തരാഖണ്ഡിലെ രാഷ്ട്രീയ നേതാക്കള്‍, മന്ത്രിമാര്‍, നിയമസഭാംഗങ്ങള്‍, പൊതുജനങ്ങള്‍ തുടങ്ങിയവരുടെ അഭിപ്രായങ്ങള്‍ സമിതി പരിഗണിച്ചിരുന്നു. രണ്ട് ലക്ഷത്തിലധികം ആളുകളുമായാണ് സംസാരിച്ചത്.

ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതില്‍ ഉത്തരാഖണ്ഡ് രാജ്യത്തിനാകെ മാതൃകയാണെന്ന് കഴിഞ്ഞ ദിവസം പുഷ്‌കര്‍ സിങ് ധാമി പറഞ്ഞിരുന്നു. ഭരണഘടനയുടെ 44 -ാം വകുപ്പ് പ്രകാരം നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണെന്നും ഇത് ഉത്തരാഖണ്ഡിലെ ജനങ്ങള്‍ പിന്തുണയ്ക്കുകയും ചെയ്തുവെന്നും ഇത് ഏറെ അഭിമാനകരമായ കാര്യമാണെന്നും പുഷ്‌കര്‍ സിങ് ധാമി കൂട്ടിച്ചേര്‍ത്തു.

അതേസമയം യുസിസിക്കെതിരെ പ്രതിപക്ഷം ശക്തമായ എതിര്‍പ്പ് തുടരുകയാണ്. വര്‍ഗീയ വിഭജനമാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. യുസിസി നടപ്പാക്കുക അസാധ്യമാണെന്നും, മതാടിസ്ഥാനത്തില്‍ ആളുകളെ വിഭജിക്കുകയാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിനായി ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലും നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.

  • പണം കൊടുത്താണ് സ്വര്‍ണം വാങ്ങിയതെന്ന് അറസ്റ്റിലായ ഗോവര്‍ധന്‍, ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കോടികള്‍ കൈമാറിയെന്ന് മൊഴി
  • നടന്നത് ലൈംഗിക സ്വഭാവത്തോടെയുള്ള കുറ്റകരമായ ബലപ്രയോഗം; പി ടി കുഞ്ഞുമുഹമ്മദിനെതിരെ ഗുരുതര കണ്ടെത്തലുമായി പൊലീസ്
  • പരാതിപ്പെട്ടത് എന്റെ തെറ്റ്, അന്നേ ആത്മഹത്യ ചെയ്യണമായിരുന്നു; വൈകാരിക കുറിപ്പുമായി അതിജീവിത
  • ശബരിമല സ്വര്‍ണക്കൊള്ള: സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയും ഗോവര്‍ധനും അറസ്റ്റില്‍
  • നാണം കെട്ടു; പോറ്റിയെ കേറ്റിയേ... പാരഡി ഗാനത്തില്‍ യൂ ടേണടിച്ച് സര്‍ക്കാര്‍; പുതിയ കേസും തുടര്‍നടപടികളും വേണ്ടെന്ന് പൊലീസിന് നിര്‍ദേശം
  • നെടുമ്പാശ്ശേരിയില്‍ അടിയന്തര ലാന്‍ഡിങ്ങിനിടെ എയര്‍ ഇന്ത്യ എക്സപ്രസ് വിമാനത്തിന്റെ ടയറുകള്‍ പൊട്ടി; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
  • 'അഹങ്കാരം, ധാര്‍ഷ്ട്യം എന്നിവയ്ക്ക് ജനങ്ങള്‍ മറുപടി നല്‍കി'; സര്‍ക്കാരിനെതിരെ കത്തോലിക്ക കോണ്‍ഗ്രസ്
  • രണ്ടാം പ്രതി മാര്‍ട്ടിന്‍ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോ നീക്കം ചെയ്യണമെന്ന് അതിജീവിത, പരാതി നല്‍കി
  • ബോണ്ടി ബീച്ചിലെ കൂട്ടക്കൊല; ഭീകരന്റെ ഇന്ത്യന്‍ കുടുംബം ഞെട്ടലില്‍
  • യുകെ മലയാളികളെ നടുക്കിയ അരുംകൊല: മലയാളി നഴ്സും മക്കളും കൊല്ലപ്പെട്ടിട്ട് മൂന്ന് വര്‍ഷം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions