യുകെയിലേക്ക് വീണ്ടും മഞ്ഞ് തിരിച്ചെത്തുന്നു. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ രാത്രിയോടെ -5 സെല്‍ഷ്യസ് വരെ താപനില താഴുമെന്നാണ് മെറ്റ് ഓഫീസ് മുന്നറിയിപ്പ്. വ്യാഴാഴ്ച രാവിലെ 10 വരെ 12 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള മഞ്ഞ ഐസ് ജാഗ്രതയും കാലാവസ്ഥാ നിരീക്ഷകര്‍ നല്‍കിയിട്ടുണ്ട്.
നോര്‍ത്തേണ്‍ അയര്‍ലണ്ട്, നോര്‍ത്തേണ്‍ സ്‌കോട്ട്‌ലണ്ട് എന്നിവിടങ്ങളിലാണ് ഈ ജാഗ്രതാ നിര്‍ദ്ദേശം. 200 മീറ്ററിന് മുകളില്‍ ഉയരമുള്ള ഇടങ്ങളില്‍ മഞ്ഞ് മൂടാനുള്ള സാധ്യതയും തെളിഞ്ഞിട്ടുണ്ട്. ശൈത്യകാല മഴ മൂലം ട്രീറ്റ് ചെയ്യാത്ത റോഡുകളില്‍ ഐസ് പാച്ചുകള്‍ രൂപപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കി.
ആളുകള്‍ യാത്ര ചെയ്യാന്‍ കൂടുതല്‍ സമയം എടുക്കണമെന്നും, ഗുരുതരമായ യാത്രാ തടസ്സങ്ങള്‍ മുന്നിലുണ്ടാകുമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. അര്‍ദ്ധരാത്രിയോടെ സ്‌കോട്ട്‌ലണ്ടിലെ പ്രാദേശിക മേഖലകളില്‍ താപനില -5 സെല്‍ഷ്യസ് വരെ താഴ്ന്നിരുന്നു. കംബ്രിയയിലും, നോര്‍ത്ത് യോര്‍ക്ക്ഷയറിലും താപനില -4 സെല്‍ഷ്യസ് വരെ കുറയുമെന്നാണ് സൂചന.
കഴിഞ്ഞ ആഴ്ച എയോവിന്‍ കൊടുങ്കാറ്റ് കടന്നുപോയപ്പോള്‍ നോര്‍ത്ത് ഭാഗത്ത് ഒരാള്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. 130,000 ആളുകള്‍ക്ക് വൈദ്യുതി ബന്ധവും നഷ്ടമായി. ഇതിനിടെ സതേണ്‍ ഇംഗ്ലണ്ടില്‍ 60 മൈല്‍ വേഗത്തിലുള്ള കാറ്റും, ശക്തമായ മഴയുമാണ് നേരിടുന്നത്. ഇവോ കൊടുങ്കാറ്റിന്റെ വരവാണ് ഇതിന് കാരണം.
ആറ് ദിവസത്തിനിടെ മൂന്നാമത്തെ കൊടുങ്കാറ്റാണ് ബ്രിട്ടന്‍ അനുഭവിക്കുന്നത്. സൗത്ത് വെസ്റ്റ് മേഖലയില്‍ നിന്നും ശക്തമായ മഴയോടെ എത്തിയ കൊടുങ്കാറ്റിന്റെ പ്രഭാവം ഇപ്പോള്‍ ഈസ്റ്റ് മേഖലയില്‍ കെന്റ് വരെ നീളുന്നുണ്ട്.