നാടുകടത്തപ്പെട്ട നൂറിലധികം ഇന്ത്യന്‍ കുടിയേറ്റക്കാരുമായി അമേരിക്കയില്‍ നിന്നുള്ള സൈനിക വിമാനം പഞ്ചാബിലെ അമൃത്സറിലെ ശ്രീ ഗുരു രാംദാസ് ജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങി. നാടുകടത്തപ്പെട്ടവരില്‍ 25 സ്ത്രീകളും 12 പ്രായപൂര്‍ത്തിയാകാത്തവരും 79 പുരുഷന്മാരും ഉള്‍പ്പെടുന്നു. വിമാനത്താവളത്തില്‍ വലിയ ജനക്കൂട്ടമാണ് ഉണ്ടായിരുന്നത്. വിമാനത്താവളത്തില്‍ സുരക്ഷാ നടപടികള്‍ ശക്തമാക്കി.
ഇന്ത്യന്‍ പൗരന്മാരെ കൂടാതെ വിമാനത്തില്‍ 11 ജീവനക്കാരും 45 യുഎസ് ഉദ്യോഗസ്ഥരും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. പഞ്ചാബിന് പുറമെ ഹരിയാന, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് വിമാനത്തിലുള്ളത്. നാടുകടത്തപ്പെട്ടവരില്‍ 33 പേര്‍ ഗുജറാത്തില്‍ നിന്നുള്ളവരും 30 പേര്‍ പഞ്ചാബില്‍ നിന്നുള്ളവരുമാണ്. നാടുകടത്തപ്പെട്ട രണ്ട് പേര്‍ ഉത്തര്‍പ്രദേശ്, ചണ്ഡീഗഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്, മൂന്ന് പേര്‍ മഹാരാഷ്ട്രയില്‍ നിന്നുള്ളവരാണ്.
വിമാനത്താവളത്തില്‍ പഞ്ചാബ് പോലീസ് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. പൗരന്മാരെ അവരുടെ സ്ഥലങ്ങളിലേക്ക് എത്തിക്കുന്നതിന് പഞ്ചാബ് സര്‍ക്കാര്‍ മിനിബസുകള്‍ ക്രമീകരിച്ചിട്ടുണ്ട്. നാടുകടത്തപ്പെട്ടവരുടെ മുന്‍കാല ക്രിമിനല്‍ റെക്കോര്‍ഡുകള്‍ ഓണ്‍-സൈറ്റില്‍ സ്കാന്‍ ചെയ്യും. അവര്‍ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി.
അമേരിക്കയില്‍ അനധികൃതമായി കുടിയേറി പാര്‍ത്തവരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്ന നടപടി സുഗമമാക്കുന്നതിനായി ട്രംപ് ഭരണകൂടം യുഎസ് സൈന്യത്തിന്റെ സഹായം തേടിയിട്ടുണ്ട്. കുടിയേറ്റക്കാരെ നാടുകടത്താന്‍ സൈനിക വിമാനങ്ങള്‍ അയയ്ക്കുകയും അനധികൃത കുടിയേറ്റക്കാരെ പാര്‍പ്പിക്കാന്‍ സൈനിക താവളങ്ങള്‍ തുറക്കുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.