നാട്ടുവാര്‍ത്തകള്‍

ലണ്ടന്‍ -കൊച്ചി ഡയറക്ട് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുമെന്നു എയര്‍ ഇന്ത്യ; സിയാലിന് കൈയടിയുമായി മലയാളികള്‍


മാര്‍ച്ച് 30 മുതല്‍ ലണ്ടനിലെ ഗാട്ട് വിക്ക് വിമാനത്താവളത്തില്‍ നിന്നും കൊച്ചിയിലേക്ക് ഇപ്പോള്‍ നിലവിലുള്ള സര്‍വീസുകള്‍ ഉണ്ടാകില്ല എന്ന വിവരം യുകെ മലയാളികള്‍ക്കു വലിയ നിരാശ സമ്മാനിച്ചിരുന്നു. എന്നാല്‍ 'സിയാല്‍' (കൊച്ചിന്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്) എയര്‍ ഇന്ത്യ അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന അറിയിപ്പ് ലഭിച്ചിരിക്കുകയാണ്.

യുകെ മലയാളികളുടെ ഉള്‍പ്പടെ വിവിധ സമൂഹങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദം ശക്തമായതിനെ തുടര്‍ന്നാണ് സിയാല്‍ പ്രതിനിധികള്‍ എയര്‍ ഇന്ത്യ അധികൃതരുമായി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയത്. കൊച്ചിയില്‍ നിന്ന് യുകെയിലേക്കുള്ള ഏക വിമാന സര്‍വീസ് മാര്‍ച്ച് 30 ന് ശേഷം ഉണ്ടാകില്ലെന്ന അറിയിപ്പ് വന്നതിനെ തുടര്‍ന്ന് വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് എയര്‍ ഇന്ത്യ അധികൃതരുമായി സിയാല്‍ ചര്‍ച്ച നടത്തിയത്.

കേരളത്തില്‍ നിന്നുള്ള ഏക യൂറോപ്യന്‍ സര്‍വീസായ എയര്‍ ഇന്ത്യ കൊച്ചി - ലണ്ടന്‍ സര്‍വീസ് മാര്‍ച്ച് അവസാനത്തോടെ അവസാനിപ്പിക്കുമെന്ന അറിയിപ്പ് വന്നതിനെ തുടര്‍ന്ന് ബദല്‍ മാര്‍ഗങ്ങള്‍ അന്വേഷിക്കുവാന്‍ വിവിധ കോണുകളില്‍ നിന്നും സമ്മര്‍ദ്ദം ഉയര്‍ന്നിരുന്നു. ബ്രിട്ടിഷ് എയര്‍വേയ്സ് ഉള്‍പ്പടെയുള്ള കമ്പനികളുമായി ചര്‍ച്ച നടത്തി പുതിയ സര്‍വീസുകള്‍ ആരംഭിക്കാനുള്ള നീക്കങ്ങളും നടന്നിരുന്നു.

യുകെയിലെ വിവിധ മലയാളി സംഘടനകളുടെയും കേരളത്തിലെ വിവിധ ജനപ്രതിനിധികളുടെയും നിരന്തരമായ ഇടപെടല്‍ മൂലം എയര്‍ ഇന്ത്യയുമായി സംസാരിക്കാന്‍ സിയാല്‍ അധികൃതരെ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ ചുമതലപ്പെടുത്തുകയായിരുന്നു.

ഇതേ തുടര്‍ന്നാണ് ഗുര്‍ഗാവിലെ ആസ്ഥാനത്ത് എയര്‍ ഇന്ത്യ അധികൃതരുമായി സിയാല്‍ അധികൃതര്‍ ചര്‍ച്ച നടത്തിയത്. ചര്‍ച്ചയില്‍ സര്‍വീസ് മുടങ്ങാതിരിക്കാന്‍ നടപ്പിലാക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഏകദേശ ധാരണയായതിനെ തുടര്‍ന്ന് സാങ്കേതിക അനുമതിയ്ക്ക് ശേഷം മാസങ്ങള്‍ക്കുള്ളില്‍ സര്‍വീസ് പുനരാരംഭിക്കാനാകുമെന്ന് സിയാല്‍ അധികൃതര്‍ പറഞ്ഞു.

വിമാനങ്ങളുടെ ലഭ്യത അനുസരിച്ച് ഈ റൂട്ടില്‍ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കാനാകുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചുവെന്നും എയര്‍ ഇന്ത്യയുടെ സര്‍വീസ് നടത്തിയിരുന്ന ബോയിങ് ഡ്രീം ലൈനര്‍ വിമാനത്തിന് വാര്‍ഷിക അറ്റകുറ്റപ്പണി മൂലമാണ് സര്‍വീസ് തുടരുന്നില്ലെന്ന വിശദീകരണം ഉണ്ടായതെന്നും എയര്‍ ഇന്ത്യ അധികൃതര്‍ പറഞ്ഞതായി സിയാല്‍ അധികൃതര്‍ വിശദീകരിച്ചു. സര്‍വീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച പാക്കേജ് നിര്‍ദേശങ്ങള്‍ സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ്.സുഹാസ് ഐഎഎസ് എയര്‍ ഇന്ത്യ ഗ്രൂപ്പ് ഹെഡ് പി.ബാലാജിക്ക്‌ നല്‍കി. സിയാല്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജി മനു ചര്‍ച്ചയില്‍ പങ്കെടുത്തു.

മാര്‍ച്ച് 30 മുതല്‍ ലണ്ടനിലെ ഗാട്ട് വിക്ക് വിമാനത്താവളത്തില്‍ നിന്നും കൊച്ചിയിലേക്ക് ഇപ്പോള്‍ നിലവിലുള്ള സര്‍വീസുകള്‍ ഉണ്ടാകില്ല. ആഴ്ചയില്‍ മൂന്നു ദിവസമായിരുന്നു ഗാട്ട് വിക്കില്‍ നിന്നും കൊച്ചിയിലേക്കും തിരിച്ച് കൊച്ചിയില്‍ നിന്നും ഗാട്ട് വിക്കിലേക്കും എയര്‍ ഇന്ത്യ ഡയറക്ട് സര്‍വീസ് നടത്തിയിരുന്നത്.

മാര്‍ച്ചിന് ശേഷമുള്ള സമ്മര്‍ ഷെഡ്യൂളില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ യുകെ മലയാളികള്‍ക്ക് സാധിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് കൊച്ചിയില്‍ നിന്നും ലണ്ടനിലെ ഗാട്വിക്ക്‌ എയര്‍പോര്‍ട്ടിലേക്കുള്ള എയര്‍ഇന്ത്യ സര്‍വീസ് നിര്‍ത്തലാക്കുന്നുവെന്ന വിവരം അനൗദ്യോഗികമായി പുറത്തുവന്നത്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായിരുന്നു കൊച്ചിയില്‍ നിന്നുള്ള സര്‍വീസ്. എക്കോണമി ക്ലാസില്‍ 238 സീറ്റുകളും ബിസിനസ് ക്ലാസില്‍ 18 സീറ്റുകളുമാണ് സര്‍വീസില്‍ ഉണ്ടായിരുന്നത്.

കോവിഡ് കാലത്ത് വന്ദേഭാരത് മിഷന്റെ ഭാഗമായി തുടങ്ങിയ ഈ സര്‍വീസ് തുടക്കത്തില്‍ ആഴ്ചയില്‍ ഒരെണ്ണമായിരുന്നു. എന്നാല്‍ പിന്നീട് യാത്രക്കാരുടെ എണ്ണം അനുദിനം വര്‍ധിച്ചുവരികയും ഇന്ത്യയിലേക്കുള്ള ഏറ്റവും ജനപ്രിയ റൂട്ടുകളിലൊന്നായി ഇതു മാറുകയും ചെയ്തതോടെ സര്‍വീസ് ആഴ്ചയില്‍ രണ്ടായും, പിന്നീട് മൂന്നായും ഉയര്‍ത്തുകയായിരുന്നു.

  • പണം കൊടുത്താണ് സ്വര്‍ണം വാങ്ങിയതെന്ന് അറസ്റ്റിലായ ഗോവര്‍ധന്‍, ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കോടികള്‍ കൈമാറിയെന്ന് മൊഴി
  • നടന്നത് ലൈംഗിക സ്വഭാവത്തോടെയുള്ള കുറ്റകരമായ ബലപ്രയോഗം; പി ടി കുഞ്ഞുമുഹമ്മദിനെതിരെ ഗുരുതര കണ്ടെത്തലുമായി പൊലീസ്
  • പരാതിപ്പെട്ടത് എന്റെ തെറ്റ്, അന്നേ ആത്മഹത്യ ചെയ്യണമായിരുന്നു; വൈകാരിക കുറിപ്പുമായി അതിജീവിത
  • ശബരിമല സ്വര്‍ണക്കൊള്ള: സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയും ഗോവര്‍ധനും അറസ്റ്റില്‍
  • നാണം കെട്ടു; പോറ്റിയെ കേറ്റിയേ... പാരഡി ഗാനത്തില്‍ യൂ ടേണടിച്ച് സര്‍ക്കാര്‍; പുതിയ കേസും തുടര്‍നടപടികളും വേണ്ടെന്ന് പൊലീസിന് നിര്‍ദേശം
  • നെടുമ്പാശ്ശേരിയില്‍ അടിയന്തര ലാന്‍ഡിങ്ങിനിടെ എയര്‍ ഇന്ത്യ എക്സപ്രസ് വിമാനത്തിന്റെ ടയറുകള്‍ പൊട്ടി; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
  • 'അഹങ്കാരം, ധാര്‍ഷ്ട്യം എന്നിവയ്ക്ക് ജനങ്ങള്‍ മറുപടി നല്‍കി'; സര്‍ക്കാരിനെതിരെ കത്തോലിക്ക കോണ്‍ഗ്രസ്
  • രണ്ടാം പ്രതി മാര്‍ട്ടിന്‍ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോ നീക്കം ചെയ്യണമെന്ന് അതിജീവിത, പരാതി നല്‍കി
  • ബോണ്ടി ബീച്ചിലെ കൂട്ടക്കൊല; ഭീകരന്റെ ഇന്ത്യന്‍ കുടുംബം ഞെട്ടലില്‍
  • യുകെ മലയാളികളെ നടുക്കിയ അരുംകൊല: മലയാളി നഴ്സും മക്കളും കൊല്ലപ്പെട്ടിട്ട് മൂന്ന് വര്‍ഷം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions