ജനറല്‍ പ്രാക്ടീസിലെ രോഗികളുടെ സംതൃപ്തി എക്കാലത്തെയും താഴ്ന്ന നിലയിലേക്ക് എത്തിയതായി സര്‍വെകള്‍. പകുതിയില്‍ താഴെ ജിപി അപ്പോയിന്റ്‌മെന്റുകളില്‍ മാത്രമാണ് രോഗിക്ക് ഡോക്ടറെ കണ്ടുകിട്ടുന്നതെന്നാണ് എന്‍എച്ച്എസ് കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നത്.
ജനറല്‍ പ്രാക്ടീസിലെ നല്ലൊരു ശതമാനം കണ്‍സള്‍ട്ടേഷനുകളും നയിക്കുന്നത് നഴ്‌സുമാരും, ഫാര്‍മസിസ്റ്റുകളും, ഫിസിഷ്യന്‍ അസോസിയേറ്റ്‌സുമാണെന്നാണ് എന്‍എച്ച്എസ് കണക്കുകള്‍ സ്ഥിരീകരിക്കുന്നത്. ഫാമിലി ഡോക്ടര്‍ അപ്പോയിന്റ്‌മെന്റുകള്‍ 'കൈയെത്തി പിടിക്കാന്‍ കഴിയാത്ത ദൂരത്തേക്ക്' പോകുന്നതായി രോഗികളുടെ ഗ്രൂപ്പുകള്‍ ഇതോടെ ചൂണ്ടിക്കാണിക്കുന്നു. ലേബര്‍ ഗവണ്‍മെന്റ് അവസാനത്തെ ആണിയും അടിച്ചെന്നാണ് ഇവരുടെ ആരോപണം.
ജിപിമാരുടെ എണ്ണത്തിലും വലിയ കുറവാണ് നേരിട്ടിരിക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഒരു ദശകം മുന്‍പ് മറ്റ് ക്ലിനിക്കല്‍ ജീവനക്കാരേക്കാള്‍ കൂടുതല്‍ ജിപിമാര്‍ ഉണ്ടായിരുന്നിടത്താണ് ഈ ഇടിവ്. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ 329 മില്ല്യണ്‍ ജിപി അപ്പോയിന്റ്‌മെന്റുകളാണ് രേഖപ്പെടുത്തിയത്. എന്നാല്‍ ഇതില്‍ 162.5 മില്ല്യണ്‍ അപ്പോയിന്റ്‌മെന്റുകളില്‍ മാത്രമാണ് ജിപിമാര്‍ നടത്തിയത്.
ഫോണില്‍ ലഭിക്കാനുള്ള ബുദ്ധിമുട്ടും, നേരിട്ട് കാണാനുള്ള പ്രശ്‌നങ്ങളും അവസ്ഥ കൂടുതല്‍ മോശമാക്കുന്നു. ആവശ്യത്തിന് ഡോക്ടര്‍മാരെ റിക്രൂട്ട് ചെയ്യാനും നിലനിര്‍ത്താനും സര്‍ജറികളോട് എന്‍എച്ച്എസ് ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപ്പാകുന്നില്ല.