ക്ഷേമ പെന്‍ഷന്‍ കൂട്ടിയില്ല; ഭൂനികുതി കുത്തനെ കൂട്ടി; സ്ലാബുകളില്‍ 50 ശതമാനം വര്‍ധന
രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റില്‍ ഭൂനികുതി കുത്തനെ കൂട്ടി. നിലവിലുള്ള നികുതി സ്ലാബുകളില്‍ 50 ശതമാനത്തിന്റെ വര്‍ദ്ധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അടിസ്ഥാന നികുതി ഏറ്റവും കുറഞ്ഞ സ്ലാബ് നിരക്കായ ഒരു ആറിന് അഞ്ച് രൂപ എന്നുള്ളത് ഏഴര രൂപയായി മാറും. ഉയര്‍ന്ന സ്ലാബ് നിരക്കായ ഒരു ആറിന് 30 രൂപ എന്നുള്ളത് 45 രൂപയായും മാറും.
ഭൂനികുതി പരിഷ്കരണത്തിലൂടെ 100 കോടി രൂപയുടെ അധിക വരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. പഞ്ചായത്ത് പ്രദേശങ്ങളില്‍ 8.1 ആര്‍ വരെ വിസ്തൃതിയുള്ള ഭൂമിക്കാണ് ആദ്യ സ്ലാബിലെ 7.50 രൂപ വരെയുള്ള നികുതി നിരക്ക് ബാധകമാവുന്നത്. ഉള്‍പ്പെടുന്ന 8.1 ആറിന് മുകളില്‍ വിസ്തൃതിയുള്ള ഭൂമിക്ക് ഒരു ആറിന് പ്രതിവര്‍ഷം 8 രൂപയായിരുന്നത് 12 രുപയായിട്ട് വര്‍ദ്ധിപ്പിച്ചു.
മുനിസിപ്പല്‍ കൗണ്‍സില്‍ പ്രദേശങ്ങളില്‍ 2.43 ആര്‍ വരെയുള്ള ഭൂമിക്ക് 10 രൂപ നിരക്കിലായിരുന്നത് ഇനി മുതല്‍ 15 രൂപയായിരിക്കും നികുതി. 2.43 ആറിന് മുകളിലുള്ള ഭൂമിക്ക് 15 രൂപയായിരുന്നത് ഇനി മുതല്‍ 22.50 രൂപാ നിരക്കിലായിരിക്കും. മുനിസിപ്പല്‍ കോര്‍പറേഷന്‍ പരിധിയില്‍ 1.62 ആര്‍ വരെയുള്ള ഭൂമിക്ക് 20 രൂപയായിരുന്നത് 30 രൂപയായിട്ടും, 1.62 ആറിന് മുകളിലുള്ള ഭൂമിക്ക് 30 രൂപയായിരിക്കുന്ന നിരക്ക് 45 രൂപയായിട്ടുമായിരിക്കും കൂട്ടുക. കോടതി ഫീസും കൂട്ടി.
സാമൂഹികക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുമെന്നതടക്കം പ്രതീക്ഷിച്ച പ്രഖ്യാപനങ്ങള്‍ ഒന്നും ഉണ്ടായില്ല. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെന്‍ഷന്‍ 200 രൂപയെങ്കിലും വര്‍ധിപ്പിക്കുമെന്നായിരുന്നു പ്രതീക്ഷ.
ഇത്തരത്തിലുള്ള സൂചനകള്‍ ധനമന്ത്രിയും നല്‍കിയിരുന്നു. എന്നാല്‍ ക്ഷേമ പെന്‍ഷന്റെ മൂന്നു മാസത്തെ കുടിശിക സമയബന്ധിതമായി നല്‍കുമെന്ന് മാത്രമായിരുന്നു ബജറ്റില്‍ ധനമന്ത്രി പറഞ്ഞത്.