നാട്ടുവാര്‍ത്തകള്‍

പാതിവില തട്ടിപ്പ്; അനന്തുകൃഷ്ണന്‍ തട്ടിയത് 800 കോടിയിലേറെ! വിവിധ പാര്‍ട്ടി നേതാക്കള്‍ക്കും പണം ഒഴുകി

മലയാളികളെ ഒന്നടങ്കം കബളിപ്പിച്ചു പാതിവിലയ്ക്ക് സ്‌കൂട്ടര്‍, ലാപ് ടോപ്പ് വാഗ്‌ദാനം അടക്കമുള്ള തട്ടിപ്പു കേസില്‍ പ്രതി അനന്തുകൃഷ്ണന്‍ 800 കോടിരൂപയെങ്കിലും തട്ടിച്ചതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊലീസ് ഈരാറ്റുപേട്ടയിലും തൊടുപുഴയിലും തെളിവെടുപ്പ് നടത്തി. അനന്തുകൃഷ്ണയ്‌ക്കെതിരെ 153 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 600 പരാതികള്‍ ലഭിച്ചു. ഇയാള്‍ ഇടുക്കി ജില്ലയിലെ ചെറുതും വലുതുമായ അമ്പതോളം രാഷ്ട്രീയക്കാര്‍ക്ക് തെരഞ്ഞെടുപ്പുകളില്‍ പണം നല്‍കിയിട്ടുണ്ടെന്നാണ് കണക്ക്.

പരിപാടികളുടെ സ്‌പോണ്‍സറായും തിരഞ്ഞെടുപ്പ് ഫണ്ട് നല്‍കിയും എല്ലാവരേയും വലയിലാക്കി. മുന്‍നിരപാര്‍ട്ടികളെ വരെ ബാധിക്കുന്ന കേസായതിനാല്‍ പൊലീസ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എന്‍ജിഒ കോണ്‍ഫെഡറേഷന്‍ ചെയര്‍മാന്‍ കെ എന്‍ ആനന്ദകുമാറിന് മാസം 10 ലക്ഷം രൂപവീതം നല്‍കിയതായും മൊഴിയുണ്ട്.

അതിനിടെ അനന്തുകൃഷ്ണന്‍ നടത്തിയ വ്യാപക തട്ടിപ്പില്‍ കാസര്‍കോഡും പരാതി. കാസര്‍കോട് ജില്ലയിലെ കുമ്പഡാജെ പഞ്ചായത്തിലെ മൈത്രി വായനശാല വഴിയാണ് അനന്തു കൃഷ്ണന്‍ സ്‌കൂട്ടര്‍ തട്ടിപ്പ് നടത്തിയത്. ഏകദേശം 30 ലക്ഷം രൂപ നഷ്ടപ്പെട്ടതായി വായനശാല ഭാരവാഹികള്‍ പറഞ്ഞു.

സായി ഗ്രാം ഗ്ലോബല്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ എന്‍ ആനന്ദകുമാര്‍ വഴിയാണ് അനന്തകൃഷ്ണനെ പരിചയപ്പെട്ടതെന്നാണ് വായനശാല ഭാരവാഹികള്‍ പറയുന്നത്. സംഭവത്തില്‍ ബദിയഡുക്ക പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.

വായനശാല മുഖേനയാണ് അനന്തു കൃഷ്ണന്‍ സ്‌കൂട്ടര്‍, ലാപ്‌ടോപ്പ് പദ്ധതിയുടെ ഗുണഭോക്താക്കളെ കണ്ടെത്തിയത്. നേരത്തെ പണം അടച്ചത് പ്രകാരം 40 സ്‌കൂട്ടറുകളും 75 ലാപ്‌ടോപ്പും 250 തയ്യല്‍ മെഷീനുകളും ലഭിച്ചതായി വായനശാല ഭാരവാഹികള്‍ അറിയിച്ചു. എന്നാല്‍ ഇതിനുശേഷം 36 സ്‌കൂട്ടറുകള്‍ക്കും 36 ലാപ്‌ടോപ്പുകള്‍ക്കും പണം അടച്ചിരുന്നു. എന്നാല്‍ ഇവ നല്‍കാതെ അനുകൃഷ്ണനും സംഘവും കബളിപ്പിച്ചതായാണ് പരാതി.

തട്ടിപ്പിലൂടെ സമാഹരിച്ച പണത്തില്‍ നല്ലൊരു പങ്ക് തന്റെ ആഡംബര ജീവിതത്തിന് വേണ്ടിയും അനന്തുകൃഷ്ണന്‍ ഉപയോഗിച്ചിരുന്നുവെന്നതിന്റെ തെളിവായി ബാങ്ക് അക്കൗണ്ട് രേഖകള്‍.

തട്ടിപ്പിലൂടെ സമാഹരിച്ച പണം അനന്തുവിന്റെ തട്ടിക്കൂട്ട് കമ്പനിയായ സോഷ്യല്‍ ബീ വെന്‍ച്വേഴ്‌സിന്റെ അക്കൗണ്ടിലേക്ക് മാറ്റിയ ശേഷമാണ് അനന്തു സ്വന്തം ജീവിതാഡംബരങ്ങള്‍ക്കായും ഈ പണം ഉപയോഗിച്ചത്. വിമാനയാത്രയ്ക്കും പഞ്ചനക്ഷത്ര ഹോട്ടലുകളിലെ താമസത്തിനുമായി ഇക്കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ മാത്രം അനന്തു ചെലവിട്ടത് ഏഴു ലക്ഷത്തിലേറെ രൂപയാണ്.

തിരഞ്ഞെടുപ്പ് ഫണ്ടിനായി യുഡിഎഫ് എംപി വാങ്ങിയത് 45 ലക്ഷം രൂപയാണെന്നും എന്നാല്‍ അയാള്‍ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് കൊടുത്തത് 15 ലക്ഷം രൂപയാണെന്നും അനന്തു കൃഷ്ണന്‍ മൊഴി നല്‍കി. പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് ഉന്നത പാര്‍ട്ടി നേതാക്കള്‍ക്ക് ബന്ധമുണ്ടെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

തിരഞ്ഞെടുപ്പ് ഫണ്ടിനായി 45 ലക്ഷം രൂപ വാങ്ങിയ യുഡിഎഫ് എംപി 15 ലക്ഷം രൂപ മാത്രം തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് നല്‍കിയെന്ന് ഉള്‍പ്പെടെ അനന്തു കൃഷ്ണന്‍ പൊലീസിനോട് പറഞ്ഞു. എറണാകുളം ജില്ലയിലെ യുഡിഎഫ് എംഎല്‍എ 7 ലക്ഷം രൂപ കയ്യില്‍ വാങ്ങി. തങ്കമണി സര്‍വീസ് സഹകരണ ബാങ്ക് വഴി സിപിഐഎം നേതാവിന് 25 ലക്ഷം രൂപ നല്‍കിയിട്ടുണ്ട്. മൂവാറ്റുപുഴയിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് 5 ലക്ഷം രൂപ വായ്പ വാങ്ങിയെന്നും മൊഴി ഉണ്ട്.

മലയോര ജില്ലയിലെ യുഡിഎഫ് എംപിക്ക് തിരഞ്ഞെടുപ്പ് ഫണ്ടിനായി 9 ലക്ഷം രൂപ നല്‍കിയെന്നും അനന്തു കൃഷ്ണന്‍ പൊലീസിനോട് പറഞ്ഞു. അതേസമയം വിവിധ പാര്‍ട്ടിക്കാരുടെ തിരഞ്ഞെടുപ്പ് ഫണ്ടര്‍ കൂടിയാണ് അനന്തു കൃഷ്ണനെന്ന സൂചന ഇന്നലെ തന്നെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ആര്‍ക്കൊക്കെയാണ് താന്‍ പണം നല്‍കിയത് എന്നതിന്റെ വിശദാംശങ്ങള്‍ പ്രതി പൊലീസിനോട് പറഞ്ഞത്.

പ്രമുഖരെ കുടുക്കുന്ന ചില ഫോണ്‍ കോള്‍ റെക്കോര്‍ഡിംഗുകളും വാട്ട്സ്ആപ്പ് ചാറ്റ് വിവരങ്ങളും പൊലീസ് കണ്ടെടുത്തതായാണ് സൂചന. തെളിവുകള്‍ നഷ്ടപ്പെട്ട് പോകാതിരിക്കാന്‍ പലതും ക്ലൗഡ് സ്റ്റോറേജിലാണ് സൂക്ഷിച്ചിരുന്നത്. രാഷ്ട്രീയ നേതാക്കള്‍ക്ക് പണം നല്‍കിയതിന്റെ കോള്‍ റെക്കോര്‍ഡിങ്ങുകളും വാട്സ്ആപ്പ് ചാറ്റുകളും ക്ലൗഡ് സ്റ്റോറേജിലുണ്ട് എന്ന് അനന്തു കൃഷ്ണന്‍ പറയുന്നു. എല്ലാ ഉന്നതരും പെടട്ടേ എന്ന് അനന്തു തങ്ങളോട് പറഞ്ഞതായും പൊലീസ് അറിയിച്ചു.

  • പണം കൊടുത്താണ് സ്വര്‍ണം വാങ്ങിയതെന്ന് അറസ്റ്റിലായ ഗോവര്‍ധന്‍, ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കോടികള്‍ കൈമാറിയെന്ന് മൊഴി
  • നടന്നത് ലൈംഗിക സ്വഭാവത്തോടെയുള്ള കുറ്റകരമായ ബലപ്രയോഗം; പി ടി കുഞ്ഞുമുഹമ്മദിനെതിരെ ഗുരുതര കണ്ടെത്തലുമായി പൊലീസ്
  • പരാതിപ്പെട്ടത് എന്റെ തെറ്റ്, അന്നേ ആത്മഹത്യ ചെയ്യണമായിരുന്നു; വൈകാരിക കുറിപ്പുമായി അതിജീവിത
  • ശബരിമല സ്വര്‍ണക്കൊള്ള: സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയും ഗോവര്‍ധനും അറസ്റ്റില്‍
  • നാണം കെട്ടു; പോറ്റിയെ കേറ്റിയേ... പാരഡി ഗാനത്തില്‍ യൂ ടേണടിച്ച് സര്‍ക്കാര്‍; പുതിയ കേസും തുടര്‍നടപടികളും വേണ്ടെന്ന് പൊലീസിന് നിര്‍ദേശം
  • നെടുമ്പാശ്ശേരിയില്‍ അടിയന്തര ലാന്‍ഡിങ്ങിനിടെ എയര്‍ ഇന്ത്യ എക്സപ്രസ് വിമാനത്തിന്റെ ടയറുകള്‍ പൊട്ടി; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
  • 'അഹങ്കാരം, ധാര്‍ഷ്ട്യം എന്നിവയ്ക്ക് ജനങ്ങള്‍ മറുപടി നല്‍കി'; സര്‍ക്കാരിനെതിരെ കത്തോലിക്ക കോണ്‍ഗ്രസ്
  • രണ്ടാം പ്രതി മാര്‍ട്ടിന്‍ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോ നീക്കം ചെയ്യണമെന്ന് അതിജീവിത, പരാതി നല്‍കി
  • ബോണ്ടി ബീച്ചിലെ കൂട്ടക്കൊല; ഭീകരന്റെ ഇന്ത്യന്‍ കുടുംബം ഞെട്ടലില്‍
  • യുകെ മലയാളികളെ നടുക്കിയ അരുംകൊല: മലയാളി നഴ്സും മക്കളും കൊല്ലപ്പെട്ടിട്ട് മൂന്ന് വര്‍ഷം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions