കോഴിക്കോട്: തൊണ്ടയില്‍ കുപ്പിയുടെ അടപ്പ് കുടങ്ങി എട്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പൊക്കുന്ന് അബീന ഹൗസില്‍ നിസാറിന്റെ മകന്‍ മുഹമ്മദ് ഇബാദ് ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. കുട്ടിയെ ഉടന്‍ തന്നെ കോട്ടപ്പറമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് കുഞ്ഞ് മരിച്ചിരുന്നു. തുടര്‍ന്ന് മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം, കുഞ്ഞിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് പിതാവ് പറയുന്നത്. ഇതേതുടര്‍ന്ന് നിസാര്‍ പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ കോഴിക്കോട് ടൗണ്‍ പൊലീസ് കേസെടുത്തു. രണ്ടാഴ്ച മുമ്പ് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ് കുട്ടിക്ക് പരിക്കേറ്റിരുന്നെന്നാണ് പിതാവ് പറയുന്നത്. ഇവരുടെ ആദ്യത്തെ കുട്ടി 14 ദിവസം പ്രായമുള്ളപ്പോള്‍ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചിരുന്നു. ഈ സംഭവങ്ങള്‍ ഭാര്യ വീട്ടില്‍ വച്ചായിരുന്നു. മരണങ്ങളില്‍ ദുരൂഹതയുണ്ടെന്നുമാണ് നിസാര്‍ പരാതിയില്‍ വ്യക്തമാക്കുന്നത്.