കോട്ടയം മെഡിക്കല്‍ കോളേജ് ഗാന്ധിനഗര്‍ സ്‌കൂള്‍ ഓഫ് നഴ്സിംഗ് കോളേജിലെ റാഗിംഗ് പരാതിയില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. വിദ്യാര്‍ഥികളായ കോട്ടയം മൂന്നിലവ് കീരിപ്ലാക്കല്‍ സാമുവല്‍(20), വയനാട് നടവയല്‍ ഞാവലത്ത് ജീവ(19), മലപ്പുറം സ്വദേശികളായ മഞ്ചേരി കച്ചേരിപ്പടി വീട്ടില്‍ റിജില്‍ജിത്ത്(20), വണ്ടൂര്‍ കരുമാരപ്പറ്റ രാഹുല്‍രാജ്(22), കോട്ടയം കോരൂത്തോട് നെടുങ്ങാട് വിവേക്(21) എന്നിവരാണ് അറസ്റ്റിലായത്.
ഇന്ന് പുലര്‍ച്ചെ ഹോസ്റ്റലില്‍ നിന്നാണ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ ഗാന്ധി നഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെയും പ്രിന്‍സിപ്പലിന്റെയും പരാതിയിലാണ് അറസ്റ്റ്.
അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തു. ഇവര്‍ക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളില്‍ നിന്നും അതിക്രൂരമായ റാഗിംഗിന് ഇരയായതാണ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ പരാതി. കോളേജ് തുറന്ന ദിവസംമുതലാണ് ഹോസ്റ്റലില്‍ റാഗിങ് അരങ്ങേറിയത്. കോളേജില്‍ അധ്യയനം തുടങ്ങിയ നവംബര്‍ നാലുമുതല്‍ തിങ്കളാഴ്ചവരെ തിരുവനന്തപുരം സ്വദേശികളായ ആറ് വിദ്യാര്‍ഥികളാണ് റാഗിങ്ങിന് വിധേയരായത്. കോമ്പസ് ഉപയോഗിച്ച് ശരീരത്തില്‍ മുറിവുകളുണ്ടാക്കിയും കത്തിവെച്ച് ഭീഷണിപ്പെടുത്തിയുമാണ് ക്രൂരപീഡനം നടത്തിയത്.
സീനിയര്‍ വിദ്യാര്‍ത്ഥികള്‍ കോമ്പസ് ഉപയോഗിച്ച് മുറിവേല്‍പ്പിക്കുകയും അതില്‍ ലോഷന്‍ തേയ്ക്കുകയും സ്വകാര്യ ഭാഗങ്ങളില്‍ ഡമ്പല്‍ തൂക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. മൂന്ന് മാസത്തോളം പീഡനങ്ങള്‍ തുടര്‍ന്നുവെന്നും വിദ്യാര്‍ത്ഥികള്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി. ശരീരമാസകലം വരഞ്ഞ് മുറിവുണ്ടാക്കിയതായും, ഈ മുറിവുകളില്‍ ലോഷന്‍ ഒഴിച്ചിരുന്നുവെന്നും പരാതിയുണ്ട്.
ലോഷന്‍ വീണ് വേദനയെടുത്ത് പുളയുമ്പോള്‍ വായിലും ശരീരഭാഗങ്ങളിലും ക്രീം തേച്ച് പിടിപ്പിക്കും. നഗ്നരാക്കിനിര്‍ത്തി സ്വകാര്യഭാഗങ്ങളില്‍ ഡമ്പല്‍ തൂക്കും. ഞായറാഴ്ച ദിവസങ്ങളില്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ മദ്യപിക്കുന്നതിനായി ഊഴമിട്ട് പിരിവെടുത്തിരുന്നുവെന്നും പരാതിയില്‍ പറയുന്നു.