നാട്ടുവാര്‍ത്തകള്‍

അദാനിക്ക് പാക് അതിര്‍ത്തിയില്‍ സുരക്ഷാ നിയമങ്ങള്‍ ഇളവു ചെയ്തു; ഗുരുതര റിപ്പോര്‍ട്ടുമായി ബ്രിട്ടീഷ് പത്രം

അതിര്‍ത്തി സുരക്ഷാ നിയമങ്ങളെ കാറ്റില്‍ പറത്തി ഇന്ത്യ- പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ ഹൈബ്രിഡ് വൈദ്യുതിനിലയം നിര്‍മിക്കാന്‍ ഗൗതം അദാനിക്ക് മോദി സര്‍ക്കാര്‍ സുരക്ഷാ നിയമങ്ങള്‍ ഇളവു ചെയ്തു കൊടുത്തെന്നു ബ്രിട്ടീഷ് പത്രമായ 'ദ ഗാര്‍ഡിയന്‍' റിപ്പോര്‍ട്ട് ചെയ്യുന്നു. ഗുജറാത്തിലെ റാന്‍ ഓഫ് കച്ചില്‍ ഗൗതം അദാനി നിര്‍മിക്കുന്ന ശുദ്ധ ഊര്‍ജ പദ്ധതിയായ ഖാവ്ഡ പ്ലാന്റിനായി അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ഇളവുചെയ്തതായാണ് റിപ്പോര്‍ട്ട്.

പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ മാത്രമല്ല, ബംഗ്ലാദേശ്, ചൈന, മ്യാന്‍മാര്‍, നേപ്പാള്‍ എന്നീ രാജ്യങ്ങളോടു ചേര്‍ന്നുള്ള അതിര്‍ത്തികളിലെ സുരക്ഷാ മാനദണ്ഡങ്ങളെയും ബാധിക്കുന്ന മാര്‍ഗ നിര്‍ദേശങ്ങളാണ് ഇളവുചെയ്തത്.

ലോകത്തെ ഏറ്റവും വലിയ ശുദ്ധ ഊര്‍ജ പദ്ധതിയായ ഖാവ്ഡ പ്ലാന്റിനായാണ് ഈ ഇളവുകള്‍ വരുത്തിയത്. തീരുമാനത്തിനെതിരെ സൈന്യത്തിനുള്ളില്‍ നിന്നുയര്‍ന്ന ആശങ്കകളും വിദഗ്ധാഭിപ്രായങ്ങളും വകവെയ്ക്കാതെയാണ് മോദിസര്‍ക്കാര്‍ ഈ നീക്കം നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. അതിര്‍ത്തിയിലെ തന്ത്രപ്രധാനമായ 445 ഏക്കര്‍ ഭൂമിയാണ് ഗുജറാത്ത് സര്‍ക്കാര്‍ വൈദ്യുതി നിലയത്തിനെന്ന പേരില്‍ അദാനി ഗ്രൂപ്പിന് നല്‍കിയിട്ടുള്ളത്.

ദേശീയ പ്രതിരോധ ചട്ടം ഇന്ത്യ- പാക് അതിര്‍ത്തിയില്‍ 10 കിലോമീറ്റര്‍ ദൂരത്തില്‍ വരെ വലിയ നിര്‍മാണങ്ങള്‍ അനുവദിച്ചിരുന്നില്ല. നിലവിലുള്ള ഗ്രാമങ്ങളും റോഡുകളുമേ പാടുണ്ടായിരുന്നുള്ളൂ. എന്നാല്‍, അതിര്‍ത്തിയില്‍ നിന്ന് വെറും ഒരു കിലോമീറ്റര്‍ ദൂരത്തിലാണ് ഇപ്പോള്‍ അദാനി ഗ്രൂപ്പ് ഏക്കര്‍ കണക്കിന് ഭൂമിയില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ചിട്ടുള്ളത്. രണ്ട് കിലോമീറ്റര്‍ ദൂരത്തില്‍ കൂറ്റന്‍ കാറ്റാടികളുമുണ്ട്.

അദാനിക്കുവേണ്ടി നിയമങ്ങളില്‍ ഇളവുവരുത്താന്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള ഗുജറാത്ത് സര്‍ക്കാര്‍ ഉന്നതങ്ങളില്‍ സ്വാധീനംചെലുത്തി. ഖാവ്ഡ പ്ലാന്റിന്റെ കാര്യം പ്രതിരോധമന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തണം എന്നാവശ്യപ്പെട്ട് 2023 ഏപ്രിലില്‍ ഗുജറാത്ത് സര്‍ക്കാര്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് കത്തു നല്‍കി. ഗുജറാത്ത് സര്‍ക്കാരിന്റെ സോളാര്‍ പദ്ധതികള്‍ ചര്‍ച്ച ചെയ്യാന്‍ ഏപ്രില്‍ 21ന് ഡല്‍ഹിയില്‍ രഹസ്യയോഗം നടന്നു.

റാന്‍ ഓഫ് കച്ചില്‍ സോളാര്‍ പാനലുകളും കാറ്റാടിയന്ത്രങ്ങളും സ്ഥാപിക്കുന്നത് യുദ്ധ സമയങ്ങളില്‍ ടാങ്കുകളുടെ നീക്കത്തെ ബാധിക്കുമെന്ന ആശങ്ക മിലിട്ടറി ഉദ്യോഗസ്ഥര്‍ പങ്കുവെച്ചെങ്കിലും അദാനി ഗ്രൂപ്പ് അത് തള്ളി

മിലിട്ടറി ഒപ്പറേഷന്‍സ് ഡയറക്ടര്‍ ജനറലും ഗുജറാത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥരും പുനരുപയോഗ ഊര്‍ജമന്ത്രാലയത്തിന്റെ പ്രതിനിധികളുമാണ് അതില്‍ പങ്കെടുത്തത്. റാന്‍ ഓഫ് കച്ചില്‍ സോളാര്‍ പാനലുകളും കാറ്റാടിയന്ത്രങ്ങളും സ്ഥാപിക്കുന്നത് യുദ്ധസമയങ്ങളില്‍ ടാങ്കുകളുടെ നീക്കത്തെ ബാധിക്കുമെന്ന ആശങ്ക യോഗത്തിലുയര്‍ന്നു. എന്നാല്‍, പാനലുകള്‍ ശത്രു ടാങ്കുകളുടെ നീക്കം തടയുമെന്നാണ് അദാനി ഗ്രൂപ്പ് പറഞ്ഞത്. സോളാര്‍ പാനലുകളുടെ വലുപ്പം ക്രമീകരിക്കണമെന്ന സൈനിക വിദഗ്ധര്‍ ആവശ്യപ്പെട്ടു. എന്നാല്‍ സാമ്പത്തികമായി ലാഭകരമല്ലെന്ന കാരണം പറഞ്ഞ് ഈ നിര്‍ദേശവും അദാനി ഗ്രൂപ്പ് തള്ളി.

അങ്ങനെ പാകിസ്ഥാനില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ സോളാര്‍ പാനലുകള്‍ നിര്‍മിക്കാന്‍ സമവായമുണ്ടാക്കിയാണ് യോഗം അവസാനിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യോഗം നടക്കുമ്പോള്‍ പാകിസ്ഥാനടുത്തുള്ള 230 ചതുരശ്രകിലോമീറ്റര്‍ ഭൂമി സര്‍ക്കാര്‍ സ്ഥാപനമായ സോളാര്‍ എനര്‍ജി കോര്‍പ്പറേഷനാണ് (എസ്ഇസിഐ) അനുവദിച്ചിരുന്നത്. യോഗ ശേഷം ഗുജറാത്ത് സര്‍ക്കാര്‍ ഭൂമി തിരികെ വാങ്ങി.

ലേലത്തില്‍ പങ്കെടുത്ത സര്‍ക്കാര്‍ സ്ഥാപനങ്ങളെ മറികടന്ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി ഓഗസ്റ്റില്‍ ഭൂമി അദാനി ഗ്രൂപ്പിന് നല്‍കി. സുരക്ഷാ മാര്‍ഗരേഖയിലുണ്ടായ മാറ്റം എസ്ഇസിഐ അറിഞ്ഞിരുന്നില്ല. പിന്നീട് ഇന്ത്യന്‍ അതിര്‍ത്തികളിലെ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട മാര്‍ഗ നിര്‍ദേശങ്ങളില്‍ ഇളവുവരുത്തുന്ന വിവരം 2023 മേയ് 8ന് മോദിസര്‍ക്കാര്‍ എല്ലാ മന്ത്രാലയങ്ങളെയും ഔദ്യോഗികമായി അറിയിച്ചു. നിലവില്‍ 445 ചതുരശ്രകിലോമീറ്റര്‍ ഭൂമി അദാനിയുടെ കൈയിലാണ്. ഇവിടെ 30 ഗിഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് പദ്ധതിയിടുന്നത്.

  • പണം കൊടുത്താണ് സ്വര്‍ണം വാങ്ങിയതെന്ന് അറസ്റ്റിലായ ഗോവര്‍ധന്‍, ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കോടികള്‍ കൈമാറിയെന്ന് മൊഴി
  • നടന്നത് ലൈംഗിക സ്വഭാവത്തോടെയുള്ള കുറ്റകരമായ ബലപ്രയോഗം; പി ടി കുഞ്ഞുമുഹമ്മദിനെതിരെ ഗുരുതര കണ്ടെത്തലുമായി പൊലീസ്
  • പരാതിപ്പെട്ടത് എന്റെ തെറ്റ്, അന്നേ ആത്മഹത്യ ചെയ്യണമായിരുന്നു; വൈകാരിക കുറിപ്പുമായി അതിജീവിത
  • ശബരിമല സ്വര്‍ണക്കൊള്ള: സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയും ഗോവര്‍ധനും അറസ്റ്റില്‍
  • നാണം കെട്ടു; പോറ്റിയെ കേറ്റിയേ... പാരഡി ഗാനത്തില്‍ യൂ ടേണടിച്ച് സര്‍ക്കാര്‍; പുതിയ കേസും തുടര്‍നടപടികളും വേണ്ടെന്ന് പൊലീസിന് നിര്‍ദേശം
  • നെടുമ്പാശ്ശേരിയില്‍ അടിയന്തര ലാന്‍ഡിങ്ങിനിടെ എയര്‍ ഇന്ത്യ എക്സപ്രസ് വിമാനത്തിന്റെ ടയറുകള്‍ പൊട്ടി; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
  • 'അഹങ്കാരം, ധാര്‍ഷ്ട്യം എന്നിവയ്ക്ക് ജനങ്ങള്‍ മറുപടി നല്‍കി'; സര്‍ക്കാരിനെതിരെ കത്തോലിക്ക കോണ്‍ഗ്രസ്
  • രണ്ടാം പ്രതി മാര്‍ട്ടിന്‍ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോ നീക്കം ചെയ്യണമെന്ന് അതിജീവിത, പരാതി നല്‍കി
  • ബോണ്ടി ബീച്ചിലെ കൂട്ടക്കൊല; ഭീകരന്റെ ഇന്ത്യന്‍ കുടുംബം ഞെട്ടലില്‍
  • യുകെ മലയാളികളെ നടുക്കിയ അരുംകൊല: മലയാളി നഴ്സും മക്കളും കൊല്ലപ്പെട്ടിട്ട് മൂന്ന് വര്‍ഷം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions