കണ്ണൂരില്‍ ഭര്‍തൃവീട്ടില്‍ നവവധു മരിച്ചനിലയില്‍; ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് അന്വേഷണം
കണ്ണൂരില്‍ ഭര്‍തൃവീട്ടില്‍ നവവധുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തൃക്കരിപ്പൂര്‍ ബിച്ചാരക്കടവ് സ്വദേശിനി കളത്തില്‍പുരയില്‍ നിഖിത(20)യാണ് മരിച്ചത്. ഭര്‍ത്താവ് വൈശാഖിന്റെ നണിച്ചേരിയിലെ വീട്ടില്‍ നിഖിതയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.
ബിച്ചാരക്കടവ് സ്വദേശികളായ സുനില്‍-ഗീത ദമ്പതികളുടെ മകളാണ് നിഖിത. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ഒന്നിനായിരുന്നു നിഖിതയുടെയും വൈശാഖിന്റെയും വിവാഹം. തളിപ്പറമ്പിലെ സ്വകാര്യ നഴ്സിങ് കോളേജില്‍ ഡയാലിസിസ് ടെക്നീഷ്യന്‍ കോഴ്സിന് പഠിക്കുകയായിരുന്നു നിഖിത. ഭര്‍ത്താവ് വൈശാഖ് ഓട്ടോമൊബൈല്‍ എന്‍ജിനിയറായി വിദേശത്ത് ജോലിചെയ്യുകയാണ്. മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കുടുംബം പൊലീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞദിവസം പടന്നക്കടപ്പുറത്തെ വീട്ടില്‍നിന്ന് ഭര്‍തൃവീട്ടില്‍ തിരിച്ചെത്തിയതായിരുന്നു. പഠിക്കുന്ന സ്ഥാപനത്തില്‍ നിന്ന് അടുത്തദിവസം വിനോദയാത്രയ്ക്ക് പോകുന്നുണ്ടെന്ന് പറഞ്ഞിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.ആര്‍.ഡി.ഒ.യുടെ നേതൃത്വത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.