തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള രാജ്യാന്തര റിക്രൂട്ട്മെന്റ് മേഖലയിലെ സുതാര്യത ഉറപ്പുവരുത്തി സുരക്ഷിത കുടിയേറ്റം സാധ്യമാക്കുന്നതിന് നിയമ നിര്‍മാണ സാധ്യത പരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ 10 അംഗ സമിതി രൂപീകരിച്ചു. അനധികൃത റിക്രൂട്ട്മെന്റ് ഏജന്റുമാരുടെ കെണിയില്‍പ്പെട്ട് പലരും ദുരിതത്തിലാകുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി. അഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി, ഡിജിപി, നോര്‍ക്ക സെക്രട്ടറി, നിയമ വകുപ്പ് സെക്രട്ടറി, നിയമസഭാ സെക്രട്ടറി, നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍, ലോക കേരള സഭാ സെക്രട്ടറിയേറ്റ് ഡയറക്ടര്‍, നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍, എന്‍ആര്‍ഐ സെല്‍ പൊലീസ് സൂപ്രണ്ട്, ഐഐഎംഎഡി ചെയര്‍ എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍.
ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന റിക്രൂട്ട്മെന്റ് സ്ഥാപനങ്ങള്‍, ഏജന്റുമാര്‍, ഇടനിലക്കാര്‍ തുടങ്ങിയവര്‍ നിയമ പരിമിതികള്‍ മനസിലാക്കി കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കുന്ന പ്രവണതയുണ്ട്. കേരളത്തില്‍ നിന്നുള്ള അനധികൃത റിക്രൂട്ട്മെന്റ് തടയുന്നതിനും സുരക്ഷിത കുടിയേറ്റം ഉറപ്പുവരുത്തുന്നതിനും സംസ്ഥാന തലത്തില്‍ പ്രത്യേക നിയമനിര്‍മ്മാണം സാധ്യമാകുമോ എന്ന് പരിശോധിക്കണമെന്നത് നാലാം ലോക കേരളസഭയുടെ സുപ്രധാന നിര്‍ദ്ദേശങ്ങളില്‍ ഒന്നായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നാലാം ലോക കേരളസഭ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം കേരളത്തില്‍ നിന്നുള്ള രാജ്യാന്തര റിക്രൂട്ട്മെന്റ് രീതികള്‍ കാര്യക്ഷമമാക്കുന്നതിന് വിവിധ ദേശീയ, രാജ്യാന്തര ഏജന്‍സികളെയും വിദഗ്ദ്ധരെയും പങ്കെടുപ്പിച്ച് 2024 ഒക്ടോബര്‍ 28ന് ബ്രെയിന്‍സ്റ്റോര്‍മിങ് സെഷന്‍ സംഘടിപ്പിച്ചിരുന്നു. രാജ്യാന്തര റിക്രൂട്ട്മെന്റ് മേഖലയിലെ നിയമനിര്‍മാണ സാധ്യത പഠിക്കുന്നതിനായി ഒരു വിദഗ്ദ്ധ സമിതി രൂപീകരിക്കണമെന്ന് യോഗം ശുപാര്‍ശ ചെയ്തു. ഈ യോഗത്തില്‍ ഉയര്‍ന്നുവന്ന നിര്‍ദ്ദേശങ്ങളെ തുടര്‍ന്ന് വിശദമായ പഠന റിപ്പോര്‍ട്ടും സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനതലത്തില്‍ പ്രത്യേക നിയമനിര്‍മാണം സാധ്യമാകുമോ എന്ന് പരിശോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.