സ്വതന്ത്ര വ്യാപാര കരാര്‍ നേടിയെടുക്കാന്‍ ഇന്ത്യയിലേക്ക് പറന്ന് ബിസിനസ്, ട്രേഡ് സെക്രട്ടറി
ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചകള്‍ ഊര്‍ജ്ജിതമാക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍. ശതകോടികളുടെ സ്വതന്ത്ര വ്യാപാര കരാര്‍ നേടാന്‍ കഴിഞ്ഞാല്‍ ഇത് യുകെ സമ്പദ് വ്യവസ്ഥയ്ക്ക് ഉണര്‍വേകുമെന്നാണ് മന്ത്രിമാരുടെ പ്രതീക്ഷ.
ചര്‍ച്ചകളുടെ ഭാഗമായി ബിസിനസ്, ട്രേഡ് സെക്രട്ടറി ജോന്നാഥന്‍ റെയ്‌നോള്‍ഡ്‌സ് ഡല്‍ഹിയില്‍ എത്തി. ഇന്ത്യന്‍ വ്യവസായ, വ്യാപാര വകുപ്പ് മന്ത്രി പീയുഷ് ഗോയലുമായി അദ്ദേഹം ചര്‍ച്ചകള്‍ നടത്തും. ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തിയ ശേഷം ആദ്യമായാണ് ചര്‍ച്ചകള്‍ നടത്തുന്നത്.
ഇന്ത്യയുമായി 15-ാം വട്ട ചര്‍ച്ചകളാണ് ഇനി നടക്കുക. 1.4 ബില്ല്യണ്‍ ജനങ്ങളുള്ള ഇന്ത്യന്‍ വിപണിയാണ് ബ്രിട്ടന്റെ സ്വപ്നം. മേയില്‍ റിഷി സുനാക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെയാണ് ചര്‍ച്ചകള്‍ നിര്‍ത്തിവെച്ചത്. ബ്രിക്‌സിറ്റിന് ശേഷം ഇന്ത്യയുമായി വ്യാപാര കരാര്‍ നേടാന്‍ മുന്‍ കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റുകള്‍ പരിശ്രമിച്ചിരുന്നു.
കരാര്‍ ഉറപ്പിക്കുന്നത് പ്രഥമ പരിഗണന നല്‍കുന്ന വിഷയമാണെന്ന് റെയ്‌നോള്‍ഡ്‌സ് വ്യക്തമാക്കി. ഇതിന് ആവശ്യമായ കഠിനമായ തീരുമാനങ്ങള്‍ എടുക്കാന്‍ മടിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. മുന്‍ ട്രേഡ് സെക്രട്ടറിമാര്‍ വരികയും, പോകുകയും ചെയ്‌തെങ്കിലും ബ്രിട്ടീഷ് ബിസിനസ്സുകള്‍ക്ക് ആവശ്യമായ കാര്യം നടന്നില്ല. ഇന്ത്യയുടെ വന്‍വിപണിയില്‍ ബിസിനസ്സ് വളര്‍ച്ച കൈവരിക്കാന്‍ ആവശ്യമായ കരാറാണ് അവര്‍ക്ക് വേണ്ടത്. ഈ ഗവണ്‍മെന്റ് അതാണ് നേടാന്‍ പോകുന്നത്, റെയ്‌നോള്‍ഡ്‌സ് പറഞ്ഞു.