23 കാരന്റെ കൂട്ടക്കൊലയില്‍ വിറങ്ങലിച്ച് തലസ്ഥാനം; കൊല്ലപ്പെട്ടത് മൂന്നു വീടുകളിലായി അഞ്ചു പേര്‍
തിരുവനന്തപുരം: കേരള മനഃസാക്ഷിയെ നടുക്കി തലസ്ഥാനത്തെ കൂട്ടക്കൊല. വെഞ്ഞാറമൂട് പേരുമല സല്‍മാസില്‍ എ.ആര്‍.അഫാനാണ് (23) ഒന്‍പതാംക്ലാസുകാരനായ അനുജനെയും കാമുകിയെയും മുത്തശ്ശിയെയും അടക്കം അഞ്ചുപേരെ ചുറ്റികയ്ക്കു തലക്കടിച്ചു കൊലപ്പെടുത്തിയത്. വെട്ടേറ്റ കാന്‍സര്‍ ബാധിതയായ മാതാവ് ഷെമിന (40) ഗുരുതരവസ്ഥയില്‍ ഗോകുലം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
തലയില്‍ ചുറ്റിക കൊണ്ടടിച്ചും കത്തികൊണ്ട് കുത്തിയുമാണ് അരുംകൊലകള്‍ നടത്തിയത്. അനുജന്‍ അഫ്സാന്‍ (13), പെണ്‍സുഹൃത്ത് വെഞ്ഞാറമൂട് മുക്കുന്നൂര്‍ സ്വദേശി ഫര്‍സാന (19) ഉപ്പയുടെ സഹോദരന്‍ പുല്ലമ്പാറ പഞ്ചായത്ത് എസ്.എന്‍ പുരത്തെ പുല്ലമ്പാറ ആലമുക്കില്‍ ലത്തീഫ് (69), ഭാര്യ ഷാഹിദ(59), ഉപ്പയുടെ ഉമ്മ സല്‍മാബീവി (88) എന്നിവരാണ് കൊല്ലപ്പെട്ടത്. കിലോമീറ്ററുകള്‍ സഞ്ചരിച്ചായിരുന്നു മൂന്നു വീടുകളിലായി കൊലപാതക പരമ്പര.
പെണ്‍സുഹൃത്തിനെ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന് മുകളിലത്തെ മുറിയില്‍ വച്ച് തലക്കടിച്ചു കൊല്ലുകയായിരുന്നു. അവിടെവച്ചുതന്നെയാണ് അനുജനെ വകവരുത്തിയതും അമ്മയെ ആക്രമിച്ചതും. അനുജന്‍ സ്‌കൂള്‍ വിട്ടു വരുന്നത് കാത്തിരുന്നായിരുന്നു കൊല. ഇവരുടെ മരണം ഉറപ്പാക്കാന്‍ ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ടിരുന്നു.
ഉപ്പയുടെ സഹോദരനെയും ഭാര്യയെയും അവരുടെ വീട്ടിലെത്തി കൊല്ലുകയായിരുന്നു. ഉപ്പയുടെ ഉമ്മയെ കൊന്നത് അവര്‍ താമസിക്കുന്ന പാങ്ങോട് എലിച്ചുഴി പുത്തന്‍വീട്ടിലെത്തിയാണ്. തിങ്കളാഴ്ച രാവിലെ പത്തിനും വൈകിട്ട് ആറിനും ഇടയിലാണ് കൊലകള്‍ നടന്നതെന്ന് പോലീസ് പറഞ്ഞു
വൈകിട്ട് ആറോടെ പ്രതി ഓട്ടോയിലെത്തി വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെത്തി ആറുപേരെ കൊലപ്പെടുത്തിയെന്നു വെളിപ്പെടുത്തിയപ്പോഴാണ് പുറംലോകം അറിഞ്ഞത്. പിന്നീട് പോലീസ് എത്തി മൂന്നു വീടുകളില്‍ നിന്നായി ചോരയില്‍ കുളിച്ച നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ
മാതാവിനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
എലി വിഷം കഴിച്ചതായി പൊലീസനോട് പറഞ്ഞതിനെത്തുടര്‍ന്ന് പ്രതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയലേക്ക് മാറ്റി.
വെഞ്ഞാറമൂട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ട അഫ്സാന്‍.സ്കൂള്‍ വിട്ടെത്തിയ ഇളയ സഹോദരനെ വെഞ്ഞാറമൂട്ടിലെത്തിച്ച് കുഴിമന്തി വാങ്ങി നല്‍കിയ ശേഷമാണ് വീട്ടിലെത്തിച്ച് കൊലപ്പെടുത്തിയത്.
മൂര്‍ക്കന്നൂര്‍ സ്വദേശി ഫര്‍സാനയെ ഇയാള്‍ ഇന്നലെ ബൈക്കില്‍ വീട്ടില്‍ കൂട്ടിക്കൊണ്ട് വന്നാണ് കൊലപ്പെടുത്തിയതെന്നാണ് അഫാന്‍ പൊലീസിന് നല്‍കിയ മൊഴി. ഫര്‍സാനയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നതിനെ ചൊല്ലി ബന്ധുക്കളുമായി കലഹിച്ചതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.