പി സി ജോര്‍ജ് ഐസിയുവില്‍; ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെങ്കില്‍ ജയിലിലേക്ക് മാറ്റും
ചാനലിലൂടെയുള്ള മത വിദ്വേഷ പരാമര്‍ശ കേസില്‍ റിമാന്‍ഡിലായ ബിജെപി നേതാവ് പി സി ജോര്‍ജ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുന്നു. പി സി ജോര്‍ജിനെ കാര്‍ഡിയോളജി വിഭാഗത്തിലെ ഐസിയുവിലാണ് നിലവില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഇന്നലെ നടന്ന വൈദ്യ പരിശോധനയില്‍ ഇസിജി വേരിയേഷന്‍ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ഈരാറ്റുപേട്ട പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പാലാ ജനറല്‍ ആശുപത്രിയിലും പി സി ജോര്‍ജിന്റെ വൈദ്യ പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ ഇസിജി വ്യതിയാനം ഉണ്ടെന്ന് കണ്ടെത്തിയതിനാല്‍ ഡോക്ടര്‍മാര്‍ മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. 48 മണിക്കൂര്‍ നിരീക്ഷണം വേണമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്.
ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെങ്കില്‍ പി സി ജോര്‍ജിനെ പിന്നീട് പാലാ സബ് ജയിലേയ്ക്ക് മാറ്റും. പിസി വീണ്ടും ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. ചാനല്‍ ചര്‍ച്ചയില്‍ വിദ്വേഷ പരാമര്‍ശം നടത്തിയ സംഭവത്തില്‍ പി സി ജോര്‍ജിനെ റിമാന്‍ഡ് ചെയ്യാന്‍ ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ പ്രതിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.
പി സി ജോര്‍ജിന്റെ ജാമ്യാപക്ഷേ തള്ളിക്കൊണ്ടാണ് കോടതി റിമാന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടത്. നേരത്തെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നീക്കം നടത്തിയിരുന്നു. ഈ നീക്കം മറികടന്ന് പി സി ജോര്‍ജ് ഈരാറ്റുപേട്ട കോടതിയില്‍ കീഴടങ്ങുകയായിരുന്നു.