യുകെയിലടക്കം ജോലി വാഗ്ദാനംചെയ്ത് കോടികള്‍ തട്ടി; പോലീസ് ഇന്‍സ്പെക്ടറും വനിതാ സുഹൃത്തും അറസ്റ്റില്‍
കോട്ടയം: യുകെയിലടക്കം വിദേശ രാജ്യങ്ങളില്‍ ജോലി വാഗ്ദാനംചെയ്ത് കോടികള്‍ തട്ടിയെടുത്തെന്ന പരാതിയില്‍ പോലീസ് ഇന്‍സ്പെക്ടറും വനിതാ സുഹൃത്തും അറസ്റ്റില്‍. സസ്പെന്‍ഷനിലുള്ള എറണാകുളം തോപ്പുംപടി പോലീസ് ഇന്‍സ്‌പെക്ടര്‍ ചങ്ങനാശ്ശേരി ചീനിക്കടുപ്പില്‍ സി.ടി. സഞ്ജയ് (47), വനിതാ സുഹൃത്തും കോട്ടയത്തെ കാന്‍ അഷ്വര്‍ സ്ഥാപന ഉടമയുമായ മല്ലപ്പള്ളി തുരുത്തിക്കാട് അപ്പക്കോട്ടമുറിയില്‍ പ്രീതി മാത്യു (50) എന്നിവരെയാണ് അറസ്റ്റുചെയ്തത്. കോട്ടയം വെസ്റ്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.ആര്‍ പ്രശാന്ത്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കര്‍ണാടകയിലെ കുടകിലെ ഒളിസങ്കേതത്തില്‍നിന്നാണ് ഇവരെ പിടികൂടിയത്.
പ്രീതിയ്ക്കായി പോലീസ് കര്‍ണ്ണാടകയില്‍ നടത്തിയ തിരച്ചിലിലാണ് ഒപ്പം താമസിച്ചിരുന്ന ഇന്‍സ്പെക്ടറും കുടുങ്ങിയത്.
പത്തനംതിട്ട കീഴ്വായ്പൂര്‍ പോലീസ് സ്റ്റേഷനില്‍ ഇന്‍സ്പെക്ടറായി ജോലിനോക്കുന്നതിനിടെയാണ് പ്രീതിയുമായി സഞ്ജയ് അടുപ്പം സ്ഥാപിച്ചത്.
തുടര്‍ന്ന് ഇരുവരും തട്ടിപ്പില്‍ പങ്കാളികളായി. കൂടുതല്‍ ആളുകളില്‍ നിന്ന് പണം തട്ടിയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി ജില്ലാ പോലീസ് മേധാവി എ. ഷാഹുല്‍ ഹമീദ് ഉത്തരവിട്ടു.
കോട്ടയം വെസ്റ്റ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. തുടരന്വേഷണം കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. സാജു വര്‍ഗീസ് ഏറ്റെടുത്തു. കോട്ടയം ജില്ലയില്‍ സ്ഥാപനത്തിനെതിരേ 14 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
വയനാട്, ആലപ്പുഴ, തിരുവനന്തപുരം, എറണാകുളമടക്കം മറ്റ് ജില്ലകളിലും സമാനപരാതികള്‍ ഉണ്ട്. പോലീസ് പദവി ദുരുപയോഗം ചെയ്ത് ഇന്‍സ്പെക്ടര്‍ തട്ടിപ്പിന് കളമൊരുക്കുകയായിരുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തി. പ്രീതിയുടെ അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ ഇന്‍സ്പെക്ടറുടെ അക്കൗണ്ടിലേയ്ക്ക് കൈമാറ്റം ചെയ്തതിന്റെ രേഖകളും പരസ്പരമുള്ള ഫോണ്‍വിളികളുടെ രേഖകളും പോലീസ് ശേഖരിച്ചു. യൂറോപ്പിലേയ്ക്ക് അടക്കം വിവിധ സ്ഥലങ്ങളില്‍ ജോലി വാഗ്ദാനംചെയ്ത് ഒട്ടേറെ പേരില്‍ നിന്ന് കാന്‍ അഷ്വര്‍ എന്ന സ്ഥാപനത്തിന്റെ പേരില്‍ പണം വാങ്ങിയിട്ടുണ്ട്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവര്‍ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ട്യൂഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടായാണ് പ്രീതി കോട്ടയത്ത് സ്ഥാപനം തുടങ്ങിയത്. ഇവര്‍ക്ക് വിദേശത്തേയ്ക്ക് ആളുകളെ റിക്രൂട്ട് ചെയ്യാന്‍ ലൈസന്‍സ് ഇല്ല. പോലീസിലെ പദവി ഉപയോഗിച്ച് പല ഉദ്യോഗാര്‍ഥികളെയും ഭീഷണിപ്പെടുത്തിയിരുന്നു.
തലപ്പുലം സ്വദേശിയായ മധ്യവയസ്കയുടെ മകള്‍ക്ക് യു.കെ.യില്‍ ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് 8.6 ലക്ഷവും, സെക്രട്ടേറിയറ്റ് ജീവനക്കാരിയില്‍ നിന്ന് ഏഴ് ലക്ഷവും ഇവരുടെ വീട് ഉള്‍പ്പെടുന്ന 28 സെന്റ് സ്ഥലത്തിന്റെ ആധാരവും വാങ്ങി. ആധാരം പണയപ്പെടുത്തിയും ലക്ഷങ്ങള്‍ തട്ടിയെടുത്തു. ഈ വസ്തു ജപ്തി നടപടിനേരിടുകയാണ്. ഇത്തരത്തില്‍ നിരവധി തട്ടിപ്പ് വിവിധ സ്ഥലങ്ങളില്‍ നടത്തിയിട്ടുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ ഒന്‍പത് കേസുകളും മറ്റ് സ്റ്റേഷനുകളില്‍ അഞ്ച് കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.