3 പേരോടുള്ള അമിത സ്നേഹവും 3 പേരോടുള്ള പകയും; വെഞ്ഞാറമൂട് കൂട്ടക്കൊലയ്ക്ക് പിന്നിലെ കാരണം പറഞ്ഞ് പ്രതി അഫാന്‍
വെഞ്ഞാറമൂട് അഞ്ചുപേരുടെ കൂട്ടക്കൊലയ്ക്കു കാരണം മൂന്നുപേരോടുള്ള അമിത സ്നേഹവും മറ്റു മൂന്നുപേരോടുള്ള അടങ്ങാത്ത പകയുമെന്ന് പ്രതി അഫാന്റെ മൊഴി. കടം കാരണം ജീവിക്കാനാവാതെ വന്നതോടെയാണ് മാതാവിനെയും സഹോദരനെയും പെണ്‍സുഹൃത്തിനെയും കൊലപ്പെടുത്തി ജീവനൊടുക്കാന്‍ തീരുമാനിച്ചതെന്നാണ് അഫാന്റെ മൊഴി.
കടുത്ത പ്രതിസന്ധിയിലും ആഭരണമോ പണമോ നല്‍കി സഹായിച്ചില്ലെന്നതായിരുന്നു മുത്തശ്ശി സല്‍മാ ബീവി, പിതൃസഹോദരന്‍ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ ഷാഹിദ എന്നിവരോടുള്ള പകയ്ക്ക് കാരണം. പണം കടംവാങ്ങി ധൂര്‍ത്തടിക്കുന്നുവെന്ന പേരില്‍ ലത്തീഫ് വഴക്ക് പറയുകയും ഉപദേശിക്കുകയും ചെയ്തു. ഒന്നരലക്ഷം രൂപ ലത്തീഫ് മുന്‍പ് നല്‍കിയിരുന്നു. കൂടുതല്‍ പണം ചോദിച്ചെങ്കിലും നല്‍കിയില്ല.
ഇതൊക്കെയാണ് ലത്തീഫിനോട് കടുത്ത വിരോധമുണ്ടാകാന്‍ കാരണം. കടക്കാരുടെ ശല്യം രൂക്ഷമായതോടെ എന്തു ചെയ്യണമെന്നറിയാത്ത നിലയിലായിരുന്നു. കാന്‍സര്‍ രോഗിയായ മാതാവിന്റെ ചികിത്സയ്ക്കുപോലും പണമില്ല. മാതാവിനെയും അനുജനെയും ഒറ്റയ്ക്കാക്കാനുള്ള മനസുവന്നില്ല. താന്‍ ഇല്ലാതെ ഫര്‍സാനയും ജീവിക്കേണ്ട എന്നതായിരുന്നു പെണ്‍സുഹൃത്തിനെ കൊലപ്പെടുത്താനുള്ള കാരണം. ഫര്‍സാന അനാഥയാവുമെന്നായിരുന്നു അഫാന്റെ വാദം.
പരിക്കേറ്റ് ഗോകുലം മെഡിക്കല്‍ കോളേജില്‍ കഴിയുന്ന അഫാന്റെ ഉമ്മ ഷെമിയുടെ ആരോഗ്യ നില തൃപ്തികരമാണ്. ഷെമിയുടെ മൊഴിയെടുത്ത് സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് പൊലീസ് ശ്രമിക്കുന്നത്.
തിങ്കളാഴ്ചയാണ് കേരളത്തെ നടുക്കിയ കൂട്ടക്കൊലപാതകം നടന്നത്. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലപാതകങ്ങള്‍ നടന്നതെന്നാണ് പൊലീസ് പറയുന്നത്. തിങ്കളാഴ്ച രാവിലെ 11.30-ഓടെയാണ് മാതാവ് ഷെമിയെ ഷാള്‍ കഴുത്തില്‍ ചുറ്റി തല ചുമരിലിടിച്ച് പ്രതി ആക്രമിച്ചത്. പിന്നീട് ഷെമിയെ റൂമില്‍ പൂട്ടിയിട്ട് പ്രതി പാങ്ങോട്ടെ മുത്തശ്ശിയുടെ വീട്ടിലേക്ക് പോയി. അഫാന്‍ നേരത്തെ മുത്തശിയുടെ സ്വര്‍ണ മോതിരം പണയം വെച്ചിരുന്നു. കൂടുതല്‍ സ്വര്‍ണം പണയം വെയ്ക്കാന്‍ നല്‍കാത്തതോടെയാണ് മുത്തശ്ശിയെ തലയ്ക്കടിച്ച് കൊന്നതെന്നാണ് സൂചന.
കൂടുതല്‍ സ്വര്‍ണം നല്‍കാതെ വന്നതോടെ മുത്തശിയെ തലക്കടിച്ച് കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം മുത്തശിയുടെ മാല കവര്‍ന്ന് വെഞ്ഞാറമൂട്ടില്‍ പണയം വച്ചു. ഈ സമയം ചുള്ളാളത്തെ പിതാവിന്റെ സഹോദരന്‍ ലത്തീഫ്, അഫാനെ ഫോണില്‍ വിളിച്ചിരുന്നു. തുടര്‍ന്നാണ് അവിടെ എത്തി ലത്തീഫിനെയും ഭാര്യ ഷാഹിദയെയും കൊല്ലുന്നത്. ഇവരും സാമ്പത്തികമായി അഫാനെ സഹായിച്ചിരുന്നില്ല. ചുള്ളാളത്തെ കൊലപാതകത്തിന് ശേഷം വീട്ടിലേക്ക് തിരിക്കുന്ന സമയത്ത് പെണ്‍സുഹൃത്ത് ഫര്‍സാനയോട് വീട്ടില്‍ വന്ന് തന്റെ മുറിയില്‍ ഇരിക്കാന്‍ അറിയിച്ചിരുന്നു. പിന്നാലെ സ്വന്തം വീട്ടില്‍ മടങ്ങിയെത്തിയാണ് അഫാന്‍ പെണ്‍സുഹൃത്തിനെ കൊലപ്പെടുത്തുന്നത്.