സഹതടവുകാരിയായ വിദേശ വനിതയെ മര്‍ദിച്ചു; 'നല്ലനടപ്പിന്' ജയില്‍ മോചിതയാവാനിരിക്കുന്ന കാരണവര്‍ കേസ് പ്രതി ഷെറിനെതിരെ കേസ്
ഭാസ്കര കാരണവര്‍ കേസ് പ്രതി ഷെറിനെതിരെ കേസ്. സഹതടവുകാരിയെ മര്‍ദിച്ചതിനെ തുടര്‍ന്നാണ് കേസ്. കണ്ണൂര്‍ വനിതാ ജയിലില്‍ ഇന്നലെയാണ് സംഭവം. കുടിവെള്ളം എടുക്കാന്‍ പോയ സഹതടവുകാരിയായ വിദേശ വനിതയെ ഷെറിനും മറ്റൊരു തടവുകാരിയും മര്‍ദിച്ചെന്നാണ് കേസ്. ശിക്ഷാ ഇളവ് നല്‍കാന്‍ തീരുമാനം എടുത്തതിനു പിന്നാലെയാണ് ഷെറിനെതിരെ കേസെടുത്തിരിക്കുന്നത്.
ഷെറിന് മാനസാന്തരം വന്നെന്നും നല്ല നടപ്പെന്നും വിലയിരുത്തിയായിരുന്നു ജയില്‍ ഉപദേശക സമിതിയുടെ തീരുമാനം. എന്നാല്‍ ഇതിനെതിരെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. സഹതടവുകാരുമായും ഉദ്യോഗസ്ഥരുമായും ജയിലില്‍ പ്രശ്നങ്ങളുണ്ടാക്കിയതിനാല്‍ നാലു തവണ ജയില്‍ മാറ്റിയ ഷെറിനെ ജയില്‍ മോചിതയാക്കാനുള്ള മന്ത്രിസഭ തീരുമാനം വിവാദം സൃഷ്ടിച്ചിരുന്നു.
25 വര്‍ഷത്തിലധികമായി തടവിലുള്ളവരെ വിട്ടയക്കണമെന്ന് ജയില്‍ ഉപദേശ സമിതികളുടെ ശുപാര്‍ശകളില്‍ തീരുമാനം നീളുമ്പോഴാണ് 14 വര്‍ഷം പൂര്‍ത്തിയാക്കിയെന്ന കാരണം പറഞ്ഞ് ഷെറിനെ മോചിപ്പിക്കാനുള്ള തീരുമാനം ഉണ്ടായത്. കണ്ണൂര്‍ ജയില്‍ ഉപദേശക സമിതി ഡിസംബറില്‍ നല്‍കിയ ശുപാര്‍ശ പരിഗണിച്ചാണ് മന്ത്രിസഭാ തീരുമാനം. മന്ത്രി ഗണേഷാണ് ഇതിനു പിന്നിലെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഈ തീരുമാനം പിന്‍വലിക്കണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്.