താമരശ്ശേരിയില്‍ ഫെയര്‍വെല്‍ ആഘോഷത്തില്‍ കൂകിയതിന്റെ പേരില്‍ സംഘര്‍ഷം; പത്താം ക്ലാസുകാരന്‍ മരിച്ചു
കോഴിക്കോട് താമരശേരിയില്‍ ഫെയര്‍വെല്‍ ആഘോഷത്തില്‍ കൂകിയതിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പരുക്കേറ്റ് ചികിത്സയിലുണ്ടായിരുന്ന പത്താം ക്ലാസുകാരന്‍ മരിച്ചു. താമരശ്ശേരി ചുങ്കം പാലോറക്കുന്ന് മുഹമ്മദ് ഷഹബാസ് ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഇന്നലെ രാത്രി 12.30ഓടെയാണ് മരണം സ്ഥിരീകരിച്ചത്. ഫെയര്‍വെല്‍ ആഘോഷവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
ട്യൂഷന്‍ സെന്ററിലെ ഫെയര്‍വെല്‍ പാര്‍ട്ടിക്കിടെ ആയിരുന്നു സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ ഷഹബാസിന് ഗുരുതരമായി പരുക്കേറ്റിരുന്നു. ട്യൂഷന്‍ സെന്ററിലെ വിദ്യാര്‍ത്ഥി അല്ലാത്ത ഷഹബാസിനെ, കൂട്ടുകാര്‍ ചേര്‍ന്ന് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. തലച്ചോറിന് 70% ക്ഷതം ഏറ്റ കുട്ടി കോമയിലായിരുന്നു.
സംഭവത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ക്രൂരമര്‍ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നിരുന്നു. ട്യൂഷന്‍ സെന്ററില്‍ ഫെയര്‍വെല്‍ പാര്‍ട്ടിക്കിടെ കൂകി വിളിച്ചതിന് പ്രതികാരം ചെയ്യാന്‍ ആണ് എം ജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഒന്നിച്ചത്. ഞായറാഴ്ച ആണ് ഫെയര്‍വെല്‍ പാര്‍ട്ടി നടന്നത്. പാര്‍ട്ടിയില്‍ എളേറ്റില്‍ വട്ടോളി എം ജെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ കപ്പിള്‍ ഡാന്‍സ് കളിച്ചു. കളിക്കിടെ പാട്ട് നിന്നതിനെ തുടര്‍ന്ന് താമരശേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ കൂവി വിളിച്ചു. ഇതിന് പ്രതികാരം ചെയ്യാനായി എംജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ സംഘടിച്ച് മര്‍ദിച്ചത്.
ഷഹബാസ് ട്യൂഷന്‍ സെന്ററില്‍ പഠിച്ച വിദ്യാര്‍ത്ഥിയല്ലായെന്ന് പ്രവീഷ് പറയുന്നു. 250 ഓളം വിദ്യാര്‍ത്ഥികള്‍ ട്യൂഷന്‍ സെന്ററില്‍ പഠിക്കുന്നുണ്ട്. ഒരു മാസം നീണ്ട നൈറ്റ് ക്യാമ്പ് അടക്കം നടത്തിയാണ് ഫെയര്‍വെല്‍ നടത്താറുള്ളത്. പത്ത് വര്‍ഷമായി ഫെയര്‍വെല്‍ നടത്താറുള്ളതാണ്. അത് പോലൊരു പ്രോഗ്രാമായിരുന്നു ഞായറാഴ്ച നടത്തിയതെന്നും ട്യൂഷന്‍ സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ അറിയിച്ചു.
വൈകീട്ട് 4 മണിക്ക് തുടങ്ങി 7 മണിക്ക് നിര്‍ത്തുന്ന തരത്തിലായിരുന്നു പരിപാടി. എളേറ്റ് സ്‌കൂളിലെ വിദ്യാര്‍ഥികളുടെ ഡാന്‍സിനിടയില്‍ പാട്ട് നിന്നു പോയി. മറ്റ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ അപ്പോള്‍ കൂവിവിളിച്ചു. പുറത്ത് നിന്നുള്ള ആരും ഹാളിലുണ്ടായിരുന്നില്ല. മരിച്ച ഷഹബാസും അന്ന് അവിടെ ഉണ്ടായിരുന്നില്ല. കൂവിയപ്പോഴും അപ്പോള്‍ അതൊരു പോസിറ്റീവായിട്ടാണ് എടുത്തത്. പിന്നീടാണ് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഹാളിന് പിന്നില്‍ പ്രശ്‌നം ഉണ്ടായത്. ടീച്ചര്‍മാര്‍ ഇടപെട്ട് വിദ്യാര്‍ത്ഥികളെ അവിടെ നിന്ന് മാറ്റിയിരുന്നു. അടി കിട്ടിയ എംജെ സ്‌കൂളില്‍ പഠിക്കുന്ന അഞ്ച് വിദ്യാര്‍ത്ഥികളെ അധ്യാപകര്‍ തന്നെയാണ് വീട്ടില്‍ കൊണ്ടുചെന്നാക്കിയത്. പിന്നാലെ രക്ഷിതാക്കളെ അറിയിക്കുകയും വിദ്യാര്‍ത്ഥികളോട് ഇനി ട്യൂഷന്‍ ക്ലാസില്‍ വരേണ്ട എന്ന് അറിയിക്കുകയും ചെയ്തിരുന്നു. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ഓഫീസിലേക്ക് വിളിച്ചാല്‍ മതിയെന്ന് അറിയിച്ചു.' പ്രവീഷ് വെളിപ്പെടുത്തി.
വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കിയെന്നത് ഇന്നലെയാണ് താനറിഞ്ഞതെന്നും വ്യാഴാഴ്ച വൈകീട്ടാണ് അടി നടക്കുന്നതെന്നും പ്രവീഷ് അറിയിച്ചു. ചായക്കടക്കാരാണ് സംഘര്‍ഷത്തെ കുറിച്ച് അറിയിച്ചത്. അധ്യാപകനും സ്റ്റാഫും അവിടെ ചെന്നിരുന്നു.
നാട്ടുകാരുടെ സഹായത്തോടെയാണ് വിദ്യാര്‍ത്ഥികളെ അവിടെ നിന്ന് മാറ്റാന്‍ സാധിച്ചത്. തല്ലിയതില്‍ ട്യൂഷന്‍ സെന്ററിലുള്ള വിദ്യാര്‍ത്ഥികളുമുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവത്തിന്റെ തുടക്കം. ട്യൂഷന്‍ സെന്ററില്‍ പത്താം ക്ലാസുകാരുടെ ഫെയര്‍വെല്‍ പരിപാടിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഞായറാഴ്ചയായിരുന്നു ട്യൂഷന്‍ സെന്ററിലെ പരിപാടി. ഇതിന്റെ തര്‍ക്കത്തിന്റെ തുടര്‍ച്ചയായിട്ടാണ് വ്യാഴാഴ്ച വിദ്യാര്‍ത്ഥികള്‍ ഏറ്റുമുട്ടിയത്.