പ്രശസ്ത പിന്നണി ഗായികയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും ഏഷ്യാനെറ്റ് സ്റ്റാര്‍ സിംഗര്‍ വിജയിയുമായ കല്‍പ്പന രാഘവേന്ദ്ര ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റിപ്പോര്‍ട്ട്. ഹൈദരാബാദിലെ നിസാം പേട്ടിലെ വസതിയില്‍ വച്ചാണ് സംഭവം.
രണ്ടുദിവസമായി വീട് അടഞ്ഞു കിടക്കുന്നത് അയല്‍ക്കാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇവര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നുള്ള പരിശോധനയിലാണ് കല്‍പ്പന അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ നിസാംപേട്ടിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
അമിതമായ അളവില്‍ ഉറക്ക ഗുളിക കഴിച്ചിരുന്നുവെന്നാണ് വിവരം. ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണ്. കല്പനയുടെ ഭര്‍ത്താവ് ചെന്നൈയില്‍ ആയിരുന്നു എന്നാണ് റിപ്പോര്‍ട്ട്. കെപിഎച്ച്ബി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രശസ്ത പിന്നണി ഗായകന്‍ ടി എസ് രാഘവേന്ദ്രയുടെ മകളാണ് കല്‍പ്പന. ടെലിവിഷന്‍ പരിപാടിയായ സ്റ്റാര്‍ സിംഗര്‍ സീസണ്‍ അഞ്ചിലെ വിജയിയാണ് കല്‍പ്പന. ഇളയരാജ, എആര്‍ റഹ്മാന്‍ എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖ സംഗീത സംവിധായകരുമായി കല്‍പ്പന പ്രവര്‍ത്തിച്ചിട്ടുണ്ട്. വിവിധ ഭാഷകളായി 1500ലധികം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. കമല്‍ഹസന്‍ നായകനായ പുന്നഗൈ മന്നന്‍ എന്ന ചിത്രത്തില്‍ അതിഥി വേഷവും ചെയ്തിരുന്നു. ജൂനിയര്‍ എന്‍ടിആര്‍ അവതാരകനായ ബിഗ് ബോസ് തെലുങ്ക് സീസണ്‍ ഒന്നിലും കല്‍പ്പന പങ്കെടുത്തിരുന്നു.