'അമ്മ ജീവനൊടുക്കാന്‍ ശ്രമിച്ചതല്ല, മരുന്ന് കഴിച്ചപ്പോള്‍ ഡോസ് കൂടിയതാണ്': ഗായിക കല്‍പനയുടെ മകള്‍
പ്രശസ്ത പിന്നണി ഗായിക കല്‍പന രാഘവേന്ദ്ര ആത്മഹത്യക്ക് ശ്രമിച്ചെന്ന വാര്‍ത്ത നിഷേധിച്ച് മകള്‍ ദയാ പ്രസാദ് പ്രഭാകര്‍. തന്റെ അമ്മയുടേത് ആത്മഹത്യാ ശ്രമമല്ലെന്നും മരുന്ന് കഴിച്ചപ്പോള്‍ ഡോസ് കൂടി പോയതാണെന്നും മകള്‍ മാധ്യമങ്ങളോട് പറഞ്ഞു.
'എന്റെ അമ്മയ്ക്ക് ഒരു പ്രശ്നവുമില്ല. അവര്‍ പൂര്‍ണമായും സുഖമായിരിക്കുന്നു, സന്തോഷവതിയും ആരോഗ്യവതിയുമാണ്. അവര്‍ ഒരു ഗായികയാണ്, കൂടാതെ പിഎച്ച്ഡിയും എല്‍എല്‍ബിയും പഠിക്കുന്നു. ഇത് ഉറക്കമില്ലായ്മയിലേക്ക് നയിച്ചു. ഉറക്കമില്ലായ്മയ്ക്ക് ഡോക്ടര്‍ നിര്‍ദ്ദേശിച്ച ഗുളികകള്‍ അമ്മ കഴിച്ചു. സമ്മര്‍ദം കാരണം ചെറിയ അളവിലുള്ള മരുന്ന് അമിതമായി കഴിച്ചു. ദയവായി ഒരു വാര്‍ത്തയും തെറ്റായി വ്യാഖ്യാനിക്കരുത്. മാതാപിതാക്കള്‍ രണ്ടുപേരും സന്തുഷ്ടരാണ്', ദയാ പ്രസാദ് പറഞ്ഞു.
ഹൈദരാബാദിലായിരുന്നു കല്‍പന താമസിച്ചുവന്നിരുന്നത്. രണ്ടുദിവസമായി വീട് അടഞ്ഞു കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി നടത്തിയ പരിശോധനയില്‍ കല്‍പനയെ അബോധാവസ്ഥയില്‍ കണ്ടെത്തി. ഇതിന് പിന്നാലെ കല്‍പനയെ സാംപേട്ടിലുള്ള ഹോളിസ്റ്റിക് ആശുപത്രിയി പ്രവേശിപ്പിച്ചു. കല്‍പന ആത്മഹത്യക്ക് ശ്രമിച്ചു എന്നായിരുന്നു പ്രചരിച്ച വാര്‍ത്തകള്‍.