പരുന്തുംപാറയില്‍ കൈയേറ്റ ഭൂമിയിലെ റിസോര്‍ട്ടിനു സുരക്ഷയൊരുക്കാന്‍ സ്ഥാപിച്ച കൂറ്റന്‍ കുരിശ് പൊളിച്ചുനീക്കി
പീരുമേട്: പരുന്തുംപാറയില്‍ വന്‍കിട കൈയേറ്റം ഒഴിപ്പിക്കാതിരിക്കാന്‍ പണിത കൂറ്റന്‍ കുരിശ് റവന്യൂസംഘം പൊളിച്ചുമാറ്റി. കൈയേറ്റസ്ഥലത്തെ ഒന്‍പത് റിസോര്‍ട്ടുകള്‍ക്കു മുമ്പില്‍ സ്ഥാപിച്ച കുരിശാണു പൊളിച്ചുനീക്കിയത്. ഇടുക്കി ജില്ലാ കലക്ടറുടെ ഉത്തരവ് പ്രകാരമായിരുന്നു റവന്യൂവകുപ്പ് ഉദ്യോഗസ്ഥരുടെ നടപടി. ചങ്ങനാശേരി സ്വദേശി സജിത് ജോസഫിന്റെ കൈയേറ്റഭൂമിയിലാണു കുരിശ് സ്ഥാപിച്ചിരുന്നത്.
അനധികൃത നിര്‍മാണം തടഞ്ഞുകൊണ്ട് ഈ മാസം രണ്ടിന് ജില്ലാ കലക്ടര്‍ റിസോര്‍ട്ടിനു സ്‌റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. പ്രദേശത്ത് നിരോധനാജ്ഞയും പ്രഖ്യാപിച്ചു. ഇതു മറികടക്കാനാണു കുരിശ് സ്ഥാപിച്ചത്. കൈയേറ്റ ഭൂമിയില്‍ യാതൊരു നിര്‍മാണവും നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ കലക്ടര്‍ നിര്‍ദേശിച്ചിരുന്നു. ഇതെല്ലാം കാറ്റില്‍പ്പറത്തിയാണ് സജിത് ജോസഫിന്റെ പേരിലുള്ള ഭൂമിയില്‍ കഴിഞ്ഞദിവസം കുരിശ് സ്ഥാപിച്ചത്. പരുന്തുംപാറയിലെ കൈയേറ്റമൊഴിപ്പിക്കല്‍ നടപടികള്‍ക്കായി 15 ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നു.
സ്‌റ്റോപ്പ് മെമ്മോ അവഗണിച്ചു നിര്‍മാണം നടത്താന്‍ ഉദ്യോഗസ്ഥര്‍ മൗനാനുവാദം നല്‍കിയെന്ന് ആക്ഷേപമുണ്ട്. നിരോധനം ലംഘിച്ചിട്ടും സജിത് ജോസഫിനെതിരേ കേസെടുക്കാന്‍ റവന്യൂസംഘം പോലീസില്‍ പരാതി നല്‍കിയിട്ടില്ല. പരുന്തുംപാറയില്‍ മൂന്നേക്കര്‍ 31 സെന്റ് സര്‍ക്കാര്‍ഭൂമിയാണു സജിത് ജോസഫ് കൈയേറിയതെന്ന് ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
പരുന്തുംപാറ, വാഗമണ്‍ എന്നിവിടങ്ങളില്‍ നിരോധനം മറികടന്നു നിര്‍മാണം നടത്തിയ ഏഴുപേര്‍ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. വരുംദിവസങ്ങളിലും റവന്യൂസംഘം പരുന്തുംപാറയില്‍ പരിശോധന നടത്തും. സര്‍ക്കാര്‍ ഭൂമിയിലെ അനധികൃത കൈയേറ്റം, സംഘര്‍ഷസാധ്യത എന്നിവ കണക്കിലെടുത്ത്് പീരുമേട് വില്ലേജിലെ സര്‍വേ നമ്പര്‍ 534, മഞ്ചുമല വില്ലേജിലെ സര്‍വേ നമ്പര്‍ 441, വാഗമണ്‍ വില്ലേജിലെ സര്‍വേ നമ്പര്‍ 724, 813, 896 എന്നിവിടങ്ങളില്‍ ഭാരതീയ നാഗരിക് സുരക്ഷാസംഹിത 163-ാം വകുപ്പ് പ്രകാരം മേയ് രണ്ടിന് അര്‍ധരാത്രിവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിരോധനാജ്ഞ ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ജില്ലാ കലക്ടര്‍ വി. വിഗ്‌നേശ്വരി വ്യക്തമാക്കി.
നിയമം ലംഘിച്ചതിന് ഇന്നലെവരെ ഏഴുപേര്‍ക്കെതിരേ എഫ്.ഐ.ആര്‍. ഇടുന്നതടക്കമുള്ള നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സാധാരണക്കാരെ മുന്നില്‍നിര്‍ത്തി വന്‍കൈയേറ്റങ്ങള്‍ നടത്തുന്ന വന്‍കിടക്കാരെ വെളിച്ചത്തുകൊണ്ടുവരാന്‍ പോലീസ്, വിജിലന്‍സ് തുടങ്ങിയ സംവിധാനങ്ങളെ ഉപയോഗിക്കുമെന്നും കലക്ടര്‍ അറിയിച്ചു. അനധികൃത കെട്ടിട നിര്‍മാണങ്ങള്‍ക്കെതിരേ കേരള പഞ്ചായത്ത് ബില്‍ഡിങ് റൂള്‍സ് പ്രകാരമാകും നടപടി. അനധികൃത കൈയേറ്റങ്ങള്‍ക്കെതിരേ കേരള ലാന്‍ഡ് കണ്‍സര്‍വന്‍സി ചട്ടങ്ങള്‍ പ്രകാരവും നടപടിയുണ്ടാകും.