തിരുവനന്തപുരം: കഴിഞ്ഞ ഒരു മാസത്തിലധികമായി സെക്രട്ടറിയേറ്റിന് മുന്നില്‍ ആശാ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരം ബിബിസിയിലും. 'ഇന്ത്യാസ് ഫ്രണ്ട്ലൈന്‍ ഹെല്‍ത്ത് ലൈന്‍ വര്‍ക്കേഴ്സ് ഫൈറ്റ് ഫോര്‍ ബെറ്റര്‍ പേ ആന്‍ഡ് റെക്കഗ്‌നിഷന്‍' എന്ന തലക്കെട്ടോട് കൂടിയാണ് ബിബിസി വാര്‍ത്ത നല്‍കിയിരിക്കുന്നത്.
ആശവര്‍ക്കര്‍മാര്‍ തങ്ങളുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റിന് മുന്നില്‍ ഒരു മാസത്തിലധികമായി സമരം ചെയ്യുകയാണ്. സര്‍ക്കാര്‍ ഇവരുമായി ചര്‍ച്ചക്ക് തയ്യാറാകുന്നില്ല എന്ന് മാത്രമല്ല പല പ്രമുഖ സി.പി.എം നേതാക്കളും സമരം ചെയ്യുന്നവരെ അധിക്ഷേപിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. സമരം ഒത്തുതീര്‍പ്പായില്ലെങ്കില്‍ അടുത്തയാഴ്ച സെക്രട്ടറിയേറ്റ് വളയാന്‍ ആശാ പ്രവര്‍ത്തകര്‍ തീരുമാനിച്ച കാര്യവും ബി.ബി.സി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് പത്ത് ലക്ഷത്തിലധികം ആശാ വര്‍ക്കര്‍മാരാണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ എം.പിയായ ഡോ.ശശി തരൂര്‍ സമരക്കാരെ അണ്‍സങ് ഹീറോസ് എന്ന് വിശേഷിപ്പിച്ച കാര്യവും ബി.ബി.സി റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത മഴയില്‍ നിന്ന് രക്ഷ നേടുന്നതിനായി ആശാ പ്രവര്‍ത്തകര്‍ കെട്ടിയിരുന്ന ടാര്‍പ്പോളിന്‍ പോലീസ് അഴിച്ചു മാറ്റിയ കാര്യവും റിപ്പോര്‍ട്ടിലുണ്ട്.
സമരം ചെയ്യുന്നവരുടെ വിശദമായ അഭിമുഖങ്ങളും വാര്‍ത്തയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ ചില സംസ്ഥാനങ്ങളിലെ വിദൂരമായ ഗ്രാമങ്ങളില്‍ പോലും സേവനം ചെയ്യുന്നവരാണ് ആശാ പ്രവര്‍ത്തകര്‍ എന്ന കാര്യവും ബി.ബി.സി ചൂണ്ടിക്കാട്ടുന്നു. നേരത്തേ കര്‍ണാടകത്തിലും ആന്ധ്രാപ്രദേശിലും ഇത്തരത്തില്‍ ആശാവര്‍ക്കര്‍മാര്‍ നടത്തിയ പ്രക്ഷോഭങ്ങളെ കുറിച്ചും ബി.ബി.സി പരാമര്‍ശിക്കുന്നുണ്ട്.