ഗുരുവായൂര്‍ അമ്പലത്തില്‍ യേശുദാസിന് പ്രവേശനം നല്‍കണമെന്ന് ശിവഗിരി മഠം; അടുത്തമാസം പ്രക്ഷോഭം
ഗാനഗന്ധര്‍വന്‍ കെ.ജെ.യേശുദാസിന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശനം നല്‍കണമെന്ന് ശിവഗിരി മഠം. ഇതിന്റെ ഭാഗമായി മഠത്തിന്റെ നേതൃത്വത്തില്‍ പ്രക്ഷോഭം നടത്തും. ആചാര പരിഷ്‌കരണം ആവശ്യപ്പെട്ട് ഗുരുവായൂര്‍ ദേവസ്വത്തിനു മുന്നില്‍ അടുത്തമാസം നടത്തുന്ന പ്രക്ഷോഭത്തിലെ പ്രധാന ആവശ്യം ഇതായിരിക്കുമെന്ന് ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. യേശുദാസിനു വേണ്ടി സംസ്ഥാന സര്‍ക്കാരും അനുകൂല നിലപാട് എടുക്കണമെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു. 2018ല്‍ ആര്‍എസ്എസും ഹിന്ദു ഐക്യവേദിയും വിശ്വഹിന്ദു പരിക്ഷത്തും യേശുദാസിനെ ഗുരുവായൂരില്‍ കയറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ അന്ന്, ഗുരുവായൂര്‍ ക്ഷേത്രപ്രവേശനം ആഗ്രഹിക്കുന്നവരിലെ അവസാന സ്ഥാനക്കാരനായി ക്ഷേത്രത്തില്‍ കയറാനാണ് തനിക്ക് ആഗ്രഹമെന്നാണ് ഗാനഗന്ധര്‍വന്‍ വ്യക്തമാക്കിയത്. ഗുരുവായൂര്‍ പ്രവേശനത്തിനു തനിക്കു പ്രത്യേക പരിഗണന വേണ്ട. ക്ഷേത്രം ഭരണാധികാരികളാണ് ഇക്കാര്യം തീരുമാനിക്കേണ്ടത്. തനിക്കു മാത്രമായി പ്രവേശനം അനുവദിക്കണമെന്നല്ല, പൂര്‍ണഭക്തിയോടെ ഗുരുവായൂരപ്പനെ കാണുന്ന എല്ലാവര്‍ക്കും ക്ഷേത്രദര്‍ശനം അനുവദിക്കുന്ന കാലത്തേ താന്‍ പോകൂ. അവര്‍ക്കിടയിലെ അവസാനക്കാരനായിട്ടായിരിക്കും തന്റെ പ്രവേശനമെന്നും അദേഹം വ്യക്തമാക്കി.
ഗുരുവായൂരില്‍ കയറാതെ മറ്റൊരു കൃഷ്ണക്ഷേത്രത്തിലും കയറില്ലെന്ന പ്രതിജ്ഞ പാലിക്കുന്നുണ്ട്. ഒരിക്കല്‍ യാത്രാമധ്യേ സുഹൃത്തിന്റെ നിര്‍ബന്ധത്തിനു വഴങ്ങി ഉടുപ്പി ശ്രീകൃഷ്ണക്ഷേത്രത്തില്‍ കയറിയപ്പോള്‍, തന്റെ മനസറിഞ്ഞു ശ്രീരാമവേഷത്തിലാണ് ശ്രീകൃഷ്ണന്‍ അണിഞ്ഞൊരുങ്ങിയിരുന്നത്. വേദങ്ങള്‍ എല്ലാവരും പഠിച്ചാല്‍ ലോകസമാധാനം തനിയെ ഉണ്ടാകും. വേദങ്ങളെ മതത്തിന്റെ ചട്ടക്കൂടില്‍ ഒതുക്കരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു.