പ്രണയപ്പക: മുന്‍ കാമുകിയുടെ സഹോദരനെ കൊലപ്പെടുത്തി യുവാവ് ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി
കൊല്ലം: കോളേജ് വിദ്യാര്‍ത്ഥിയെ വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്തിയശേഷം യുവാവ് ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. ഉളിയക്കോവില്‍ വിളപ്പുറം മാതൃകാനഗര്‍ 162 ഫ്ലോറി ഡെയിലില്‍ ഫെബിന്‍ ജോര്‍ജ് ഗോമസാണ് (21) കൊല്ലപ്പെട്ടത്. നീണ്ടകര പുത്തന്‍തുറ തെക്കേടത്ത് വീട്ടില്‍ തേജസ് രാജുവാണ് (22) ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്. തേജസുമായുള്ള ബന്ധത്തില്‍ നിന്ന് ഫെബിന്റെ സഹോദരി പിന്മാറിയതാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
ഫെബിന്റെയും തേജസിന്റെയും കുടുംബങ്ങള്‍ തമ്മില്‍ വര്‍ഷങ്ങള്‍ നീണ്ട അടുപ്പമുണ്ടെന്ന് പൊലീസ് പറഞ്ഞു. ഫെബിന്റെ സഹോദരിയും തേജസ് രാജും പ്രണയത്തിലായിരുന്നു. ഇരുവരും എഞ്ചിനീയറിംഗ് കോളേജില്‍ സഹപാഠികളായിരുന്നു. ബാങ്ക് പരീക്ഷാ പരിശീലനത്തിനും ഇരുവരും ഒന്നിച്ചുണ്ടായിരുന്നു. ഇരുവരും പരീക്ഷയെഴുതെയെങ്കിലും യുവതിക്ക് മാത്രമാണ് ജോലി ലഭിച്ചത്. തേജസ് സിവില്‍ പൊലീസ് ഓഫീസര്‍ പരീക്ഷ ജയിച്ചെങ്കിലും കായികക്ഷമതാ പരീക്ഷയില്‍ പരാജയപ്പെട്ടു.
വിവാഹത്തിന് രണ്ടുപേരുടെയും കുടുംബങ്ങള്‍ സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് യുവതി ബന്ധത്തില്‍ നിന്ന് പിന്‍മാറി. ബന്ധം തുടരണമെന്ന് ആവശ്യപ്പെട്ട് യുവതിയെ തേജസ് ശല്യം ചെയ്തത് വീട്ടുകാര്‍ വിലക്കി. ഇതിലുള്ള വൈരാഗ്യമാണ് കൊലയില്‍ കലാശിച്ചത്. യുവതിയെ കൊലപ്പെടുത്താന്‍ തേജസ് ലക്ഷ്യമിട്ടിരുന്നോയെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
തേജസ് പെട്രോള്‍ കൈവശം വച്ചത് ഫെബിന്റെ സഹോദരിയെ കൊലപ്പെടുത്താനായിരുന്നു എന്നാണ് പൊലീസ് സംശയിക്കുന്നത്. എന്നാല്‍ യുവതി വീട്ടിലുണ്ടായിരുന്നില്ല. മറ്റൊരു പെട്രോള്‍ ടിന്‍ കാറില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. തേജസ് എത്തിയ സമയം വീട്ടുകാര്‍ പേരയ്ക്ക കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇവരുടെ കൈവശമുണ്ടായിരുന്ന കത്തിയാണ് തേജസ് ഫെബിനെ കുത്താന്‍ ഉപയോഗിച്ചതെന്നും വിവരമുണ്ട്.
ഫെബിനെ കൊലപ്പെടുത്തിയതിനുശേഷം കാറില്‍ രക്ഷപ്പെട്ട തേജസ് കടപ്പാക്കടയ്ക്കടുത്ത് ചെമ്മാംമുക്ക് ആര്‍.ഒ.ബിക്ക് താഴെയെത്തി 7.30 ഓടെ ട്രെയിനിന് മുന്നില്‍ച്ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. കൈ ഞരമ്പ് മുറിച്ചതിനുശേഷമായിരുന്നു ട്രെയിനിന് മുന്നില്‍ ചാടിയത്.