പെരുമ്പാവൂരില്‍ ബാലികമാര്‍ക്ക് പീഡനം, അമ്മയുടെ കാമുകന്‍ അറസ്റ്റില്‍
പെരുമ്പാവൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളോട് അമ്മയുടെ കാമുകന്റെ ക്രൂരത. പെരുമ്പാവൂര്‍ കുറുപ്പംപടിയിലാണ് സംഭവം. പത്തും, പന്ത്രണ്ടും വയസുള്ള സഹോദരിമാരാണ് പീഡനത്തിന് ഇരയായത്. സംഭവത്തില്‍ കുട്ടികളുടെ അമ്മയുടെ കാമുകന്‍ അയ്യമ്പുഴ കട്ടിങ് മഠത്തിപറമ്പില്‍ ധനേഷ് കുമാര്‍ (38)നെ കുറുപ്പംപടി പോലീസ് കസ്റ്റഡിയിലെടുത്തു.
പീഡനത്തിന് ഇരയായ പെണ്‍കുട്ടികളും മാതാവും പ്രതിക്കൊപ്പം കുറുപ്പംപടിയിലെ വാടകവീട്ടിലായിരുന്നു താമസം. ടാക്‌സി ഡ്രൈവറായ പ്രതി ശനിയാഴ്ചയും ഞായറാഴ്ചയുമാണ് ഇവരുടെ വീട്ടിലെത്തിയിരുന്നത്. 2023 മുതല്‍ കുട്ടികളെ പീഡിപ്പിച്ചു എന്നാണു വിവരം. യുവതിയുടെ ഭര്‍ത്താവ് രണ്ടു വര്‍ഷംമുന്‍പ് മരിച്ചുപോയിരുന്നു. അതിനുശേഷമാണ് ഇരുവരും തമ്മില്‍ ബന്ധമുണ്ടാകുന്നത്. യുവതിയുമായുള്ള ബന്ധം ഒഴിയുന്നതിനുവേണ്ടിയാണ് കുട്ടികളെ പീഡിപ്പിച്ചതെന്നാണ് ഇയാള്‍ പോലീസിനു മൊഴി നല്‍കിയത്.
ഈ മൊഴി പോലീസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല. കൂടുതല്‍ ചോദ്യം ചെയ്യലിനുശേഷമേ വ്യക്തത വരൂ. സഹപാഠികളെക്കൂടി എത്തിക്കാന്‍ ഇയാള്‍ കുട്ടികളോട് ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം സഹപാഠിക്ക് എഴുതിയ കത്ത് ആ കുട്ടിയുടെ അധ്യാപികയായ അമ്മ കണ്ടതാണ് പ്രതിയെ കുടുക്കിയത്. സംഭവത്തില്‍ കുട്ടികളുടെ മാതാവും സംശയത്തിന്റെ നിഴലിലാണ്. പീഡനം അമ്മ അറിഞ്ഞിരുന്നുവെന്ന് പൊലീസ് കരുതുന്നു, അമ്മക്കെതിരെയും കേസെടുക്കും.
പെണ്‍കുട്ടികളുടെ അമ്മയുടെ മൊഴി വീണ്ടും എടുക്കുകയാണ് പൊലീസ്. മൊഴി രേഖപ്പെടുത്തിയ ശേഷം അമ്മയ്ക്കെതിരെ പുതിയ കേസെടുക്കും. പീഡനം അറിഞ്ഞിട്ടും ഇത് മറച്ച് വെച്ചതിനാകും കേസ് എടുക്കുക. കേസില്‍ ഇരയാക്കപ്പെട്ട പെണ്‍കുട്ടികളുടെ രഹസ്യമൊഴിയും പൊലീസ് രേഖപ്പെടുത്തി. പെരുമ്പാവൂര്‍ മജിസ്ട്രേറ്റിന് മുന്നിലാണ് കുട്ടികളുടെ രഹസ്യമൊഴി രേഖപ്പെടുത്തിയത്.
പെണ്‍കുട്ടികളുടെ സുഹൃത്തുക്കളെയും ദുരുപയോഗം ചെയ്യാനുള്ള പ്രതിയുടെ ശ്രമമാണ് പീഡന വിവരം പുറത്തറിയാന്‍ കാരണമായത്. പ്രതി റിമാന്‍ഡിലാണ്. പെണ്‍കുട്ടികളെ ശിശുക്ഷേമ സമിതിയുടെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്.
പെണ്‍കുട്ടികളുടെ പിതാവ് മരിച്ചതിന് ശേഷമാണ് കുട്ടികളുടെ അമ്മയുമായി പ്രതി ബന്ധമുണ്ടാക്കിയത്. രണ്ടാനച്ഛന്‍ എന്ന നിലയിലുളള സ്വാതന്ത്ര്യം മുതലെടുത്താണ് പെണ്‍കുട്ടികളെ പ്രതി ദുരുപയോഗം ചെയ്തത്. അടിക്കടി വീട്ടില്‍ വന്നിരുന്ന പ്രതി പെണ്‍കുട്ടികളെ രണ്ട് വര്‍ഷത്തോളം ലൈംഗികമായി ചൂഷണം ചെയ്തെന്നാണ് പൊലീസ് കണ്ടെത്തല്‍.