വധശിക്ഷ നടപ്പിലാക്കാന്‍ ജയില്‍ അധികൃതര്‍ക്ക് അറിയിപ്പ് കിട്ടിയെന്ന് നിമിഷ പ്രിയയുടെ സന്ദേശം
ന്യൂഡല്‍ഹി: വധശിക്ഷ നടപ്പാക്കാനുള്ള സന്ദേശം ജയില്‍ അധികൃതര്‍ക്ക് കിട്ടിയെന്ന് യെമനില്‍ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ സന്ദേശം. ആക്ഷന്‍ കൗണ്‍സിലിനാണ് നിമിഷപ്രിയയുടെ സന്ദേശം കിട്ടിയിരിക്കുന്നത്. ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജയന്‍ എടപ്പാളിന് വോയ്സ് മെസേജായിട്ടാണ് സന്ദേശം കിട്ടിയതെന്ന് ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ജയിലിലേക്ക് ഒരു അഭിഭാഷക ഫോണ്‍ ചെയ്ത അറിയിച്ചതായിട്ടാണ് പറഞ്ഞിരിക്കുന്നത്. നിമിഷപ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടയിലാണ് സന്ദേശം വന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷപ്രിയ ജയിലില്‍ കഴിയുന്നത്. നിലവില്‍ യെമന്‍ ജയിലില്‍ കഴിയുകയാണ് നിമിഷപ്രിയ.
നേരത്തെ, നിമിഷ പ്രിയയുടെ മോചനത്തില്‍ ഇടപെട്ട് ഹൂതി വിമത ഗ്രൂപ്പ് പ്രതിനിധിയുമായി ഇറാന്‍ ചര്‍ച്ച നടത്തിയതായി വിവരം പുറത്തുവന്നിരുന്നു. ഹൂതി നേതാവ് അബ്ദുല്‍ സലാമുമായി ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ച്ചിയാണ് സംസാരിച്ചത്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു ഹൂതി വിമത ഗ്രൂപ്പ് പ്രതിനിധിയുമായി ഇറാന്‍ ചര്‍ച്ച ചെയ്തത്. നിമിഷപ്രിയയെ മോചിപ്പിക്കുന്ന വിഷയം ചര്‍ച്ചയായെന്ന് ഇറാന്‍ വിദേശകാര്യമന്ത്രിയാണ് ദ ഹിന്ദു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലും വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ കഴിയുന്നത് ചെയ്യാം എന്നാണ് ഹൂതി നേതാവ് മറുപടി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
യെമനുമായി ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി മുന്‍പ് അറിയിച്ചിരുന്നു. യെമനിലെ കൂടുതല്‍ മേഖലയും ഹൂതികളുടെ നിയന്ത്രണത്തിലായതിനാലാണ് ചര്‍ച്ചകള്‍ക്ക് ഇറാന്റെ സഹായം ഇന്ത്യ തേടിയത്. കൊല്ലപ്പെട്ട യമന്‍ പൗരന്റെ കുടുംബത്തിന് ദയാധനം നല്‍കി മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ അമ്മ നിലവില്‍ യമനില്‍ തങ്ങുകയാണ്. നിമിഷപ്രിയയുടെ കുടുംബത്തിന്റെ ആവശ്യപ്രകാരം വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ടിലൂടെ 40,000 ഡോളര്‍ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് കൈമാറിയെന്ന് കേന്ദ്ര മന്ത്രി കീര്‍ത്തിവര്‍ധന്‍ സിംഗ് പറഞ്ഞിരുന്നു.
ഇനിയുള്ള നടപടികള്‍ക്കായി നിമിഷപ്രിയയുടെ കുടുംബവും കൊല്ലപ്പെട്ടയാളുടെ കുടുംബവും തമ്മില്‍ ചര്‍ച്ച തുടരുകയാണെന്നും വിദേശ കാര്യ മന്ത്രി പറഞ്ഞിരുന്നു. നിമിഷപ്രിയയുടെ അമ്മയ്ക്ക് യെമനിലേക്ക് പോകാന്‍ സൗകര്യം ഒരുക്കി. ചര്‍ച്ചയ്ക്ക് പവര്‍ ഓഫ് അറ്റോണിയെ നിയോഗിച്ചു. ഒരു അഭിഭാഷകന്റെ സഹായം വിദേശകാര്യമന്ത്രാലയം ഫണ്ട് ഉപയോഗിച്ച് ഉറപ്പാക്കി. ആക്ഷന്‍ കൗണ്‍സില്‍ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് നല്‍കാന്‍ പിരിച്ച ബ്ലഡ് മണി യെമനില്‍ എത്തിക്കാനും സഹായം നല്‍കി. എന്നാല്‍ മോചനം സാധ്യമാക്കാന്‍ രണ്ട് കുടുംബങ്ങള്‍ക്കുമിടയില്‍ നടക്കുന്ന ചര്‍ച്ച വിജയിക്കേണ്ടതുണ്ടെന്നുമായിരുന്നു മന്ത്രിയുടെ മറുപടി.
2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. തുടര്‍ന്ന് ജൂലൈയില്‍ അറസ്റ്റിലായ നിമിഷ പ്രിയക്ക് 2020ലാണ് വധശിക്ഷ വിധിച്ചത്. ശേഷം അബ്ദുമഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. അബ്ദുമഹ്ദി ഉള്‍പ്പെടുന്ന ഗോത്രത്തിന്റെ തലവന്മാരുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും അതും ഫലവത്തായിരുന്നില്ല. നേരത്തെ വധശിക്ഷ ഉടന്‍ നടപ്പിലാക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ യെമന്‍ പ്രസിഡന്റ് ഡോ. റാഷിദ് അല്‍-അലിമി വധശിക്ഷ അംഗീകരിച്ചിട്ടില്ലെന്ന് ന്യൂഡല്‍ഹിയിലെ യെമന്‍ എംബസി വ്യക്തമാക്കിയിരുന്നു.