വധശിക്ഷ നടപ്പാക്കാന്‍ തീരുമാനമായെന്ന് അറിയിച്ച് നിമിഷപ്രിയയ്‌ക്കു ജയിലിലേക്ക് വനിതാ അഭിഭാഷകയുടെ ഫോണ്‍കോള്‍ വന്നെന്നു വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് എംബസിയുടെ വിശദീകരണം.
ഇങ്ങനെയൊരു ഫോണ്‍കോള്‍ കിട്ടിയതായുള്ള നിമിഷയുടെ ശബ്‌ദസന്ദേശം അവരുടെ മോചനത്തിനായി പ്രവര്‍ത്തിക്കുന്ന ആക്ഷന്‍ കൗണ്‍സിലിന്റെ കണ്‍വീനര്‍ ജയന്‍ എടപ്പാളിനാണ് ലഭിച്ചത്. പക്ഷേ, ആരാണ് നിമിഷപ്രിയയെ വിളിച്ച വനിതാ അഭിഭാഷകയെന്ന കാര്യത്തില്‍ വ്യക്‌തതയില്ല.
നിമിഷപ്രിയയുടെ വധശിക്ഷ യെമന്‍ പ്രസിഡന്റ് റഷദ് അല്‍ അലിമി അംഗീകരിച്ചിട്ടില്ലെന്നായിരുന്നു യെമനിലെ ഇന്ത്യന്‍ എംബസി നേരത്തേ വ്യക്‌തമാക്കിയിരുന്നത്. വിമതരായ ഹുതികളുടെ നിയന്ത്രണത്തിലാണ് കേസെന്നും എംബസി വ്യക്‌തമാക്കിയിരുന്നു. പിന്നീടാണ് വിമതരുടെ പ്രസിഡന്റും ഹുതി സുപ്രീം പൊളിറ്റിക്കല്‍ കൗണ്‍സില്‍ നേതാവുമായ മെഹ്‌ദി അല്‍ മഷാദ് വധശിക്ഷ ശരിവച്ചെന്ന് വ്യക്‌തമായത്.
2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. തുടര്‍ന്ന് ജൂലൈയില്‍ അറസ്റ്റിലായ നിമിഷ പ്രിയക്ക് 2020ലാണ് വധശിക്ഷ വിധിച്ചത്. ശേഷം അബ്ദുമഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. അബ്ദുമഹ്ദി ഉള്‍പ്പെടുന്ന ഗോത്രത്തിന്റെ തലവന്മാരുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും അതും ഫലവത്തായിരുന്നില്ല. നേരത്തെ വധശിക്ഷ ഉടന്‍ നടപ്പിലാക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ യെമന്‍ പ്രസിഡന്റ് ഡോ. റാഷിദ് അല്‍-അലിമി വധശിക്ഷ അംഗീകരിച്ചിട്ടില്ലെന്ന് ന്യൂഡല്‍ഹിയിലെ യെമന്‍ എംബസി വ്യക്തമാക്കിയിരുന്നു.