സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ നിന്ന് മലയാളിയായ യുകെ പ്രതിനിധിയെ ഒഴിവാക്കി. പത്തനംതിട്ട സ്വദേശിയായ യുകെയില്‍ നിന്നുള്ള പ്രതിനിധി രാജേഷ് കൃഷ്ണയെയാണ് ഒഴിവാക്കിയത്. പല ഇടങ്ങളിലും നിന്ന് പാര്‍ട്ടിക്ക് ലഭിച്ച പരാതിയെ തുടര്‍ന്ന് കേന്ദ്ര കമ്മറ്റിയുടെതാണ് നടപടി. ഇടതുപക്ഷ എംഎല്‍എ ആയിരുന്ന പി വി അന്‍വറുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നത് സംബന്ധിച്ച പരാതിയാണ് നടപടിക്ക് കാരണം എന്നാണ് സൂചന. യുകെയില്‍ നിന്ന് രണ്ട് പ്രതിനിധികളാണ് സമ്മേളനത്തില്‍ നിശ്ചയിച്ചിരുന്നത്.
യുകെ മലയാളികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്കിടയിലെ പ്രശ്‌നങ്ങളില്‍ രാജേഷ് കൃഷ്ണയുടെ പങ്ക് സംബന്ധിച്ച പരാതികള്‍ കേന്ദ്ര നേതൃത്വത്തിന് ലഭിച്ചിരുന്നു. തുടര്‍ന്ന് രാജേഷിനെ പ്രതിനിധിയാക്കി ഉള്‍പ്പെടുത്തിയത് എന്തിനെന്ന ചോദ്യം കേന്ദ്ര കമ്മിറ്റിയില്‍ ഉയര്‍ന്നിരുന്നു. പിന്നാലെയാണ് പാര്‍ട്ടി നേതൃത്തിന്റെ അസാധാരണമായ നടപടി. മാധ്യമ പ്രവര്‍ത്തകനായിരുന്ന രാജേഷ് കൃഷ്ണ ഗ്രന്ഥകാരനും പുഴു, ന്റിക്കാക്ക് ഒരു പ്രേമം ഉണ്ടാര്‍ന്നു തുടങ്ങി നിരവധി മലയാള സിനിമകളുടെ നിര്‍മാണ പങ്കാളിയുമാണ്.