വഖഫ് ബില്ലിനെ എതിര്‍ക്കുന്നവരെ ഒഴിവാക്കാന്‍ കത്തോലിക്കാ സഭ
കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച വഖഫ് ഭേദഗതി ബില്‍ കേരളത്തിലെ ഇടതു വലതു മുന്നണികളെ ഒരുപോലെ വെട്ടിലാക്കും. വഖഫ് ബില്ലിനെ എതിര്‍ക്കുന്നവരെ ഭാവിയില്‍ തെരഞ്ഞെടുപ്പില്‍ പൂര്‍ണ്ണമായി ഒഴിവാക്കാന്‍ കത്തോലിക്കാ സഭ ഒരുങ്ങുന്നത് ബിജെപി മുന്നണിയ്ക്ക് സുവര്‍ണാവസരമാകും.
ലോക്‌സഭയില്‍ അവതരിപ്പിക്കുന്ന ബില്ലിനെ പിന്തണയ്ക്കുന്നില്ലെങ്കില്‍ കേരളത്തില്‍ നിന്നുള്ള എംപിമാരുടെ മതമൗലികവാദ നിലപാട് ചരിത്രമാകുമെന്നാണ് കത്തോലിക്കാ സഭാ മുഖപത്രമായ ദീപിക മുഖപ്രസംഗത്തില്‍ പറയുന്നത്. ബില്ലിനെ കുറിച്ച് സിപിഎമ്മിനും കോണ്‍ഗ്രസിനും ഇനിയും മനസിലായിട്ടില്ലെങ്കില്‍ കൂടുതല്‍ ഒന്നും പറയാനില്ലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
'വഖഫ്: പാര്‍ലമെന്റിലെ മതേതരത്വ പരീക്ഷ' എന്ന തലക്കെട്ടോടെയാണ് ദീപികയില്‍ വഖഫ് ഭേദഗതി ബില്ലിന് അനുകൂലമായ മുഖപ്രസംഗം വന്നത്. വഖഫ് നിയമഭേദഗതിയില്‍ രാഷ്രീയ പാര്‍ട്ടികള്‍ അന്തിമതീരുമാനം എടുക്കാന്‍ സമയമായി. വഖഫ് നിയമം ഇല്ലാതാക്കാനല്ല, കൈയേറ്റാനുമതി നല്‍കുന്നതും ഭരണഘടനാപരിഹാരം നിഷേധിക്കുന്നതുമായ വകുപ്പുകള്‍ ഭേദഗതിചെയ്യണമെന്നു മാത്രമാണ് ആവശ്യപ്പെടുന്നത്. അത്, മുസ്‌ലീം സമുദായത്തിലെ ഒരാള്‍ക്കും നീതി നിഷേധിക്കുന്നില്ല. വഖഫ് നിയമത്തിന്റെ ഇരകളായ ആയിരക്കണക്കിനു ഹിന്ദു-ക്രിസ്ത്യന്‍-മുസ്‌ലീം പൗരന്മാര്‍ നേരിടുന്ന അനീതിക്ക് അറുതി വരുത്തുകയും ചെയ്യുമെന്നാണ് മുഖപ്രസംഗം അഭിപ്രായപ്പെടുന്നത്.
വഖഫ് പാര്‍ലമെന്റിലെ മതേതരത്വ പരീക്ഷയാണെന്നും നിങ്ങള്‍ പിന്തുണച്ചില്ലെങ്കില്‍ ഭേദഗതി പാസാകുമോയെന്നത് വേറെ കാര്യമാണെന്നും കേരളത്തില്‍ നിന്നുള്ള എംപിമാരോട് പറയുന്നു. ഇതിനെ പിന്തുണച്ചില്ലെങ്കില്‍ നിങ്ങളുടെ മതമൗലികവാദ നിലപാട് ചരിത്രമായിരിക്കും, മതേതര തലമുറകളോട് കണക്കുപറയേണ്ട ചരിത്രം എന്നും മുഖപ്രസംഗം ഓര്‍മപ്പെടുത്തുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ ബില്ലിനെ അനുകൂലിക്കാന്‍ സിപിഎം-കോണ്‍ഗ്രസ് പാര്‍ട്ടികളോട് അഭ്യര്‍ഥിക്കുന്നുമുണ്ട്.
1995-ലെ വഖഫ് നിയമത്തിലെ 40-ാം അനുച്ഛേദം അനുസരിച്ച് സ്വത്ത് തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് വഖഫ് ബോര്‍ഡ് കരുതിയാല്‍ നിലവിലുള്ള ഏതു രജിസ്ട്രേഷന്‍ ആക്ടിനെയും മറികടന്ന് അതു സ്വന്തമാക്കാം. ഇരകള്‍ കോടതിയെ അല്ല, വഖഫ് ട്രൈബ്യൂണലിനെ സമീപിച്ചുകൊള്ളണം. 40-ാം വകുപ്പിന്റെ ഈ കൈയേറ്റ സാധൃത ഉപയോഗിച്ചാണ് 2019-ല്‍ കൊച്ചി വൈപ്പിന്‍ ദ്വീപിലെ മുനമ്പം വേളാങ്കണ്ണി കടപ്പുറത്തെ 404 ഏക്കര്‍ ഭൂമി വഖഫ് ബോര്‍ഡിന്റെ ആസ്തിവിവരത്തില്‍ ഉള്‍പ്പെടുത്തിയതെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
മുനമ്പത്തെ ജനങ്ങളെ സഹായിക്കാമെന്ന് പറയുന്ന കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും പാര്‍ലമെന്റില്‍ വഖഫ് നിയമത്തെ പിന്തുണച്ച് ഇരട്ടത്താപ്പ് കാണിക്കുകയാണ് മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നുണ്ട്. നിയമത്തില്‍ ഭേദഗതി ഉണ്ടായാല്‍ വഖഫ് പേടിയില്ലാതെ ഈ രാജ്യത്തെ മനുഷ്യര്‍ക്ക് സമാധാനമായി ഉറങ്ങാമല്ലോയെന്നും ദീപിക പറഞ്ഞുവെക്കുന്നുണ്ട്.
വഖഫ് ബോര്‍ഡിന്റെ കീഴില്‍ 9.4 ലക്ഷം ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന 1.2 ലക്ഷം കോടി രൂപ വിലവരുന്ന 8.7 ലക്ഷം സ്വത്തുക്കളുണ്ട്. അതില്‍ മുനമ്പത്തേതുപോലെ കൈവശപ്പെടുത്തിയവ ഒഴികെയുള്ളത് അഴിമതിയില്ലാതെ കൈകാര്യം ചെയ്താല്‍ മുസ്‌ലീം സമുദായത്തിലെ പാവങ്ങള്‍ക്ക് മികച്ച സാമ്പത്തിക കെട്ടുറപ്പ് നല്‍കാം. ആ സ്വത്തുക്കളില്‍ ബോര്‍ഡിലെ കൈകാര്യക്കാര്‍ അന്യാധീനപ്പെടുത്തിയതെല്ലാം തിരിച്ചുപിടിക്കുന്നത് പോലെയല്ല, കാശുകൊടുത്ത് വാങ്ങി കരമടച്ചുകൊണ്ടിരിക്കുന്ന കിടപ്പാടവും മറ്റു വസ്തുക്കളും വഖഫ് കൈയേറുന്നതെന്നും മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നു.
ബില്ലിനെ എതിര്‍ക്കുമെന്ന് 'ഇന്ത്യ' സഖ്യം വ്യക്തമാക്കിയതോടെ കേരളത്തിലെ പരമ്പരാഗത വോട്ടുകളില്‍ വിള്ളലുണ്ടാകുമെന്നു വ്യക്തമാണ്. വരുന്ന നിയമ സഭാ തെരഞ്ഞെടുപ്പില്‍ തന്നെ അതിന്റെ അലയൊലികള്‍ ഉണ്ടാകാം.
വഖഫ്ഭൂമിയാണെന്നു ചൂണ്ടിക്കാട്ടിമുനമ്പത്തെ ക്രൈസ്തവരെ കുടിയിറക്കുന്നതിനെതിരെ വലിയ പ്രക്ഷോഭം ആണ് നടന്നത്. ഈ പ്രതിഷേധം രാഷ്ട്രീയ ബോംബ് ആയി മാറിയതോടെയാണ് തടി രക്ഷിക്കാന്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചത്. ഹൈക്കോടതി റിട്ട. ജഡ്ജി ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായരെയാണ് മുനമ്പം ജുഡീഷ്യല്‍ കമ്മീഷനായി സര്‍ക്കാര്‍ നിയമിച്ചത്. എന്നാല്‍ ഈ നടപടി ഹൈക്കോടതി റദ്ദാക്കി. ജുഡീഷ്യല്‍ കമ്മീഷന്റെ നിയമസാധുത ചോദ്യം ചെയ്ത് വഖഫ് സംരക്ഷണ വേദി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ വിധി വന്നത്.
ഇതോടെ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന വഖഫ് ഭേദഗതി ബില്ലിന് പ്രസക്തി കൂടി. ബില്ലിനായി ബിജെപിയും സഭകളും പരസ്യമായി രംഗത്തിറങ്ങുമ്പോള്‍ സിപിഎം ഇതിനെതിരെ രംഗത്തുണ്ട്. ലീഗിനെ പേടിച്ചു കോണ്‍ഗ്രസും വഖഫ് ഭേദഗതി ബില്ലിനെ അനുകൂലിക്കാനാവാത്ത സ്ഥിതിയിലാണ്.