വിദേശം

യുക്രൈന് നാറ്റോ പ്രവേശനമില്ല, ക്രിമിയ ഉപേക്ഷിക്കുക- സെലെന്‍സ്‌കിയോട് ഒത്തുതീര്‍പ്പു ഫോര്‍മുലയുമായി ട്രംപ്

യുക്രൈന്‍ പ്രസിഡന്റ് വ്ളാദിമിര്‍ സെലെന്‍സ്‌കി മനസ്സ് വെച്ചാല്‍ യുദ്ധം ഉടനെ അവസാനിപ്പിക്കാമെന്നു യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സെലെന്‍സ്‌കിയുമായുള്ള വൈറ്റ് ഹൗസ് ചര്‍ച്ചകള്‍ നടക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ് ഈ ഓര്‍മ്മപ്പെടുത്തല്‍ എന്നതാണ് ശ്രദ്ധേയം. യുക്രൈന് നാറ്റോയില്‍ പ്രവേശനം നല്‍കില്ലെന്ന് വ്യക്തമാക്കിയ ട്രംപ് സെലന്‍സ്‌കിയോട് ക്രിമിയന്‍ ഉപദ്വീപ് ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ പ്രതികരണം. 2014-ലാണ് റഷ്യ യുക്രൈനില്‍നിന്ന് ക്രിമിയ പിടിച്ചെടുത്തത്.

'യുക്രൈന്‍ പ്രസിഡന്റ് സെലെന്‍സ്‌കിക്ക് വേണമെങ്കില്‍ റഷ്യയുമായുള്ള യുദ്ധം ഉടനടി അവസാനിപ്പിക്കാം, അല്ലെങ്കില്‍ അദ്ദേഹത്തിന് പോരാട്ടം തുടരാം. ഇതെങ്ങനെയാണ് തുടങ്ങിയതെന്ന് ഓര്‍ക്കുക. ഒബാമ നല്‍കിയ ക്രിമിയ തിരികെ ലഭിക്കില്ല (12 വര്‍ഷം മുന്‍പ്, ഒരു വെടി പോലും ഉതിര്‍ക്കാതെ!), യുക്രൈന്‍ നാറ്റോയില്‍ ചേരുകയുമില്ല. ചില കാര്യങ്ങള്‍ ഒരിക്കലും മാറില്ല' ട്രംപ് കുറിച്ചു.

അലാസ്‌കയില്‍ വെള്ളിയാഴ്ച റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് ട്രംപ് ഇത്തരത്തിലൊരു നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഉടന്‍ വെടിനിര്‍ത്തല്‍ എന്നതിനുപകരം നേരേ സമാധാന ഉടമ്പടിയുണ്ടാക്കുകയാണ് നല്ലതെന്ന് അലാസ്‌കയില്‍ നിന്ന് വാഷിങ്ടണിലേക്ക് മടങ്ങവേ ട്രംപ് പറഞ്ഞിരുന്നു.

എന്നാല്‍ വൈറ്റ് ഹൗസില്‍ സെലെന്‍സ്‌കി-ട്രംപ് കൂടിക്കാഴ്ചയില്‍ മറ്റ് യൂറോപ്യന്‍ നേതാക്കളും പങ്കെടുക്കുന്നുണ്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍, യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയെന്‍, ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രെഡ്‌റിച്ച് മെര്‍സ്, ഫ്രാന്‍സിന്റെ ഇമ്മാനുവല്‍ മാക്രോണ്‍ എന്നിവരും യുക്രൈന്‍ പക്ഷം പിടിക്കാന്‍ വാഷിംഗ്ടണില്‍ എത്തുന്നുണ്ട്.

പ്രസിഡന്റ് സെലെന്‍സ്‌കിയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് യോഗത്തില്‍ പങ്കെടുക്കുന്നതെന്നാണ് വോണ്‍ ഡെര്‍ ലെയെന്‍ അവകാശപ്പെടുന്നത്. ഫിന്നിഷ് പ്രസിഡന്റ് അലക്‌സാണ്ടര്‍ സ്റ്റബ്, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിന മെലോനി, നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റൂട്ടെ എന്നിവരും യോഗത്തിനെത്തും.

സഖ്യകക്ഷികളെ മുഴുവന്‍ കൂട്ടുപിടിച്ച് സെലെന്‍സ്‌കി എത്തുമ്പോള്‍ ഒത്തുതീര്‍പ്പ് എളുപ്പമാകില്ലെന്ന് വ്യക്തമാണ്. ക്രിമിയ ഭൂമി കൈയ്യേറ്റം അംഗീകരിച്ച് കൊടുത്ത് യുദ്ധം അവസാനിപ്പിക്കാനാണ് ട്രംപ് നിര്‍ദ്ദേശിക്കുക. ഇതിന് സഖ്യകക്ഷികള്‍ പ്രതിരോധം തീര്‍ക്കും.

ഡോണെട്‌സ്‌ക്, ലുഹാന്‍സ്‌ക് എന്നിവിടങ്ങളുടെ സമ്പൂര്‍ണ്ണ നിയന്ത്രണമാണ് വ്‌ളാദിമര്‍ പുടിന്‍ ആവശ്യപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. യുക്രൈന്‍ കൈവശം വെയ്ക്കുന്ന മേഖലകളാണ് ഇത്. യുദ്ധം അവസാനിപ്പിക്കാനുള്ള നിബന്ധനയായാണ് പുടിന്‍ ഈ ആവശ്യം ഉന്നയിക്കുന്നത്. യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ക്രഡിറ്റ് ലക്ഷ്യമിട്ടുള്ള ട്രംപിന്റെ നീക്കങ്ങള്‍ റഷ്യയ്ക്ക് അനുകൂലമാണ്. യുക്രൈന്റെ നാറ്റോ അംഗത്വം അടഞ്ഞ അധ്യായമായി മാറുമെന്ന് ബോധ്യപ്പെട്ടാല്‍ പുടിന്‍ ചെറിയ വിട്ടുവീഴ്ചയ്ക്ക് തയാറാകുമെന്നാണ് ട്രംപിന്റെ കണക്കുകൂട്ടല്‍.


ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനും തമ്മിലുള്ള നിര്‍ണായക ഉച്ചകോടി കഴിഞ്ഞപ്പോള്‍ സമാധാനത്തിനു ചെറിയ പ്രതീക്ഷ രൂപപ്പെട്ടിരുന്നു. അടച്ചിട്ടമുറിയില്‍ മൂന്ന് മണിക്കൂറോളം നീണ്ട ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു ഇരു നേതാക്കന്‍മാരുടെയും വാര്‍ത്താ സമ്മേളനം.

ചര്‍ച്ചയിലുണ്ടായ ധാരണകളെ കുറിച്ച് യുക്രൈന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലെന്‍സ്‌കിയുമായും നാറ്റോ നേതാക്കളുമായും സംസാരിക്കുമെന്നും ട്രംപ് വ്യക്തമാക്കി. പുടിനുമായി നേരിട്ടുള്ള ചര്‍ച്ച തുടരുമെന്ന സൂചനയും ട്രംപ് നല്‍കി. ചര്‍ച്ചയിലുണ്ടായ പുരോഗതിയെ ഇല്ലാതാക്കുന്ന നീക്കങ്ങള്‍ക്ക് യുക്രൈനോ യൂറോപ്യന്‍ രാജ്യങ്ങളോ മുതിരരുതെന്ന് പുടിന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

യുക്രൈന്‍ യുദ്ധം അവസാനിക്കണമെങ്കില്‍ റഷ്യയുടെ ആശങ്കകള്‍ പരിഹരിക്കപ്പെടണം. യുക്രൈനിലെ നിലവിലെ സാഹചര്യങ്ങള്‍ റഷ്യയുടെ ആഭ്യന്തര സുരക്ഷയ്ക്ക് വലിയ ഭീഷണി ഉയര്‍ത്തുന്നുണ്ട്. ദീര്‍ഘകാലത്തേക്കുള്ള സമാധാനം ഉണ്ടാവണമെങ്കില്‍ ഈ സംഘര്‍ഷളുടെ മൂലകാരണങ്ങള്‍ ഇല്ലാതാവണം. യുക്രൈന്‍ തങ്ങളുടെ സഹോദര രാജ്യമാണ്. യുക്രൈന്റെ സുരക്ഷ ഉറപ്പുവരുത്തണമെന്ന കാര്യത്തില്‍ താന്‍ പ്രസിഡന്റ് ട്രംപിനോട് യോജിക്കുന്നു. ഇന്ന് തങ്ങള്‍ എത്തിച്ചേര്‍ന്ന ധാരണകള്‍ ആ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാനുള്ള പാത തുറക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നുവെന്നും പുടിന്‍ പറഞ്ഞിരുന്നു. യുക്രൈനെ നാറ്റോയില്‍ ചേര്‍ക്കാതെ ഒരു ബഫര്‍സോണായി നിലനിര്‍ത്തുകയാണ് പുടിന്റെ ലക്ഷ്യമെന്നാണ് സൂചന.

  • ഉദ്ദേശിച്ചത് ഡോക്ടര്‍, ക്രിസ്തുവായി തെറ്റിദ്ധരിച്ചത്! എഐ ചിത്രം ഡിലീറ്റ് ചെയ്ത് ട്രംപ്
  • സ്വയം യേശുവായി രോഗശാന്തി നല്‍കുന്ന ചിത്രം പങ്കുവെച്ച് ട്രംപ്
  • ഒടുക്കം രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഇറാനും അമേരിക്കയും; ഇസ്ലാമാബാദില്‍ തുടര്‍ ചര്‍ച്ചകള്‍
  • 54 വര്‍ഷത്തിന് ശേഷം മനുഷ്യന്‍ ചന്ദ്രനിലേക്ക്; നാസയുടെ ആര്‍ട്ടെമിസ് 2 വിക്ഷേപിച്ചു
  • ഹോര്‍മുസ് തുറക്കാതെ തന്നെ ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ്
  • ഇറാഖില്‍ ഇറാന്‍ അക്രമണത്തില്‍ ഫ്രഞ്ച് സൈനികര്‍ക്കും യുകെ സ്‌പെഷ്യല്‍ ഫോഴ്‌സിന് നേര്‍ക്കും ആക്രമണം
  • മുജ്തബ ഖമനയി ഇറാന്റെ പുതിയ പരമോന്നത നേതാവ്
  • ദുബായിലെ ഇറാന്റെ ഡ്രോണ്‍ ആക്രമണം: അനിശ്ചിതമായി സര്‍വീസ് റദ്ദാക്കി എമിറേറ്റ്സ്
  • ഗള്‍ഫ് രാജ്യങ്ങളില്‍ ആക്രമണം നടത്തിയതിന് ക്ഷമാപണം നടത്തി ഇറാന്‍ പ്രസിഡന്റ്
  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions