സ്പിരിച്വല്‍

ജീവിത സാക്ഷ്യങ്ങളില്‍ കൂടി ഹൃദയങ്ങളെ തൊടണം - മാര്‍ ആലഞ്ചേരി

പ്രസ്റ്റന്‍: സുവിശേഷ പ്രഘോഷണം എന്നത് ഏറെ ഉത്തരവാദിത്വമുള്ള ഒരു പ്രവര്‍ത്തിയാണ് . മാമ്മോദീസയിലൂടെ നമുക്ക് ലഭിച്ചിരിക്കുന്ന ഈ ദൗത്യം മറ്റുള്ളവരിലേക്ക് സ്വന്തം ജീവിത സാക്ഷ്യത്തിലൂടെ പകര്‍ന്നു നല്‍കുക എന്നത് ഓരോരുത്തരുടെയും ദൗത്യമാണ് .മറ്റുള്ളവരെ ശിഷ്യപ്പെടുത്തുവാന്‍ കഴിയുന്നതാണ് സുവിശേഷത്തിന്റെ യഥാര്‍ത്ഥ ആനന്ദം .സുവിശേഷത്തിന്റെ ഈ ആനന്ദമറിയുവാന്‍ സ്വന്തം ജീവിത സാക്ഷ്യങ്ങളില്‍ കൂടി ഹൃദയങ്ങളെ തൊടണമെന്ന് സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സുവിശേഷവത്കരണം കാരുണ്യത്തിന്റെ പ്രവര്‍ത്തനമാണെന്നും മറ്റുള്ളവരുടെ ഹൃദയങ്ങളെ തൊടുന്ന രീതിയില്‍ സുവിശേഷവത്കരണം നടത്താന്‍ സാധിക്കുമ്പോഴാണ്, ശിഷ്യപ്പെടുത്തുക എന്ന പ്രബോധനം പ്രാവര്‍ത്തികമാകുന്നതെന്നും കര്‍ദിനാള്‍ ഓര്‍മിപ്പിച്ചു. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ഓണ്‍ലൈനില്‍ ഒരുക്കിയ 'സുവിശേഷത്തിന്റെ ആനന്ദം എന്ന 'സുവിശേഷ വല്‍ക്കരണ മഹാസംഗമം 'ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമ്മള്‍ പഠിച്ചകാര്യങ്ങള്‍ മറ്റുള്ളവരെ പഠിപ്പിക്കാനുള്ള ഉത്തരവാദിത്വം ഓരോ വിശ്വാസിക്കുമുണ്ട്. ഉദാരമായി നല്‍കുക എന്ന ദൗത്യമാണ് ഇതിലൂടെ നിര്‍വഹിക്കപ്പെടുന്നത്. ശിഷ്യപ്പെടുത്തുക എന്ന പ്രബോധനമാണ് സുവിശേഷത്തിന്റെ ഈ പങ്കുവയ്ക്കലിലൂടെ വിശ്വാസികള്‍ ചെയ്യുന്നത്. ആരെയും നിര്‍ബന്ധിച്ചോ പ്രേരിപ്പിച്ചോ സ്വാധീനിച്ചോ അല്ല, മറിച്ച് സുവിശേഷത്തിന്റെ ആനന്ദത്തിലേക്ക് എല്ലാവരെയും ക്ഷണിക്കുക എന്നതാണ് ശിഷ്യപ്പെടുത്തുക എന്ന പ്രബോധനം അര്‍ത്ഥ മാക്കുന്നത്. മറ്റുള്ളവരെ ബോധ്യപ്പെടുത്തുമ്പോഴാണ് സുവിശേഷം ആനന്ദകരമായ അനുഭവമായി മാറുന്നത്.ഓരോരുത്തരും സ്വന്തം ജീവിതം കൊണ്ടുവേണം കര്‍ത്താവിനെ പ്രഘോഷിക്കേണ്ടത്. നമ്മുടെ ജീവിതങ്ങളിലൂടെ സാക്ഷ്യപെടുതാത്തതൊന്നും ആര്‍ക്കും സ്വീകാര്യമാവുകയില്ല . പ്രസംഗത്തേക്കാള്‍ സുവിശേഷം പ്രാവര്‍ത്തികമാക്കുന്ന ജീവിതങ്ങളാണ് മറ്റുള്ളവരെ ആകര്‍ഷിക്കുന്നത്. ഇത്തരത്തിലുള്ള ആകര്‍ഷണത്തിന്റെ സുവിശേഷമാണ് യഥാര്‍ത്ഥ ആനന്ദം നല്‍കുന്നത്. സമൂഹത്തില്‍ മറ്റുള്ളവര്‍ക്കവേണ്ടി നമ്മളെത്തന്നെ സമര്‍പ്പിക്കണം. ഈ സമര്‍പ്പണം കൂടുതലായി വേണ്ട കാലഘട്ടത്തിലാണ് നമ്മള്‍ ഇന്ന് ജീവിക്കുന്നത്. സുവിശേഷവല്‍കരണം കാരണ്യത്തിന്റെ പ്രവര്‍ത്തനമാകണം. കാരുണ്യപ്രവര്‍ത്തികളില്‍നിന്നും നന്മയില്‍നിന്നും നമുക്കുണ്ടാകുന്ന സന്തോഷമാണ് സുവിശേഷത്തിന്റെ ആനന്ദം. സമ്പത്തുണ്ടെങ്കിലും ആത്മാവിന്റെ ദാരിദ്ര്യം അനുഭവിക്കുന്നവര്‍ സമൂഹത്തില്‍ നിരവധിയാണ്. സുവിശേഷവുമായി ഇവരെ തേടിപ്പോകണമെന്നും കര്‍ദിനാള്‍ വിശ്വാസികളോട് അഭ്യര്‍ഥിച്ചു.

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത അധ്യക്ഷന്‍ബിഷപ് മാര്‍ . ജോസഫ് സ്രാമ്പിക്കല്‍ മഹാസംഗമത്തിന് അധ്യക്ഷത വഹിച്ചു. 'സന്തോഷത്തിന്റെ വാര്‍ത്തയായ സുവിശേഷം വെളിപാടായാണ് നമുക്ക് ലഭിച്ചിരിക്കുന്നത് .ഈ സന്തോഷത്തിന്റെ പേരും മുഖവും നസ്രായനായ ഈശോയാണ് . സുവിശേഷം ഒരു വ്യക്തിയാണ്, ആ വ്യക്തിയില്‍ മാത്രമേ നമുക്ക് സന്തോഷിക്കുവാനും , പ്രാര്‍ത്ഥിക്കുവാനും, എല്ലാ ജീവിതാനുഭവങ്ങളിലും നന്ദി പറയുവാനും സാധിക്കുകയുള്ളൂ , പാപികളുടെ മാനസാന്തരത്തിലൂടെയാണ് സ്വര്‍ഗം ആനന്ദിക്കുന്നത് . ഈ ആനന്ദം അനുഭവിക്കുവാന്‍ നാം തയ്യാറാകണം . ഈ കരുണയുടെയും , സ്‌നേഹത്തിന്റെയും സദ്‌വാര്‍ത്ത സ്വീകരിക്കുന്നവരാകണം എല്ലാവരും .ഈ നോമ്പുകാലത്ത് വിശുദ്ധീകരണത്തിന് പ്രാധാന്യം നല്‍കണം തുടര്‍ന്ന് ഒരു നവ പന്തക്കുസ്താ അനുഭവത്തിലേക്ക് പുത്തന്‍ സുവിശേഷ വല്‍ക്കരണത്തിലേക്ക് നീങ്ങണം അധ്യക്ഷ പ്രസംഗത്തില്‍ മാര്‍ സ്രാമ്പിക്കല്‍ പറഞ്ഞു .

സീറോ മലബാര്‍ സഭയുടെ ചരിത്രത്തില്‍ തന്നെ ഇദം പ്രഥമമായി ഓണ്‍ലൈനില്‍ കൂടി സംഘടിപ്പിച്ച ഈ സുവിശേഷ സംഗമത്തില്‍ കേരള സഭയിലെ അനുഗ്രഹീതരായ പത്തൊന്‍പത് വചനപ്രഘോഷകരാണ് യു കെ സമയം ഉച്ചക്ക് ഒന്നര മുതല്‍ അഞ്ചു മണി വരെ തുടര്‍ച്ചയായി സുവിശേഷ പ്രഘോഷണം നടത്തിയത്.പ്രശസ്ത വചന പ്രഘോഷകരായ ഫാ.ജോര്‍ജ് പനയ്ക്കല്‍ വി.സി, ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍, ഫാ.ഡൊമിനിക് വാളന്മനാല്‍, ഫാ.ഡാനിയല്‍ പൂവണ്ണത്തില്‍, ഫാ.മാത്യു വയലാമണ്ണില്‍ സിഎസ്ടി, സിസ്റ്റര്‍ ആന്‍മരിയ എസ്എച്ച്, ഷെവ. ബെന്നി പുന്നത്തറ, തോമസ് പോള്‍, സാബു ആറുതൊട്ടി, ഡോ.ജോണ്‍ ഡി., സന്തോഷ് കരുമത്ര, മനോജ് സണ്ണി, സെബാസ്റ്റ്യന്‍ താന്നിക്കല്‍, റെജി കൊട്ടാരം, ടി. സന്തോഷ് , സജിത്ത് ജോസഫ് , ജോസഫ് സ്റ്റാന്‍ലി, പ്രിന്‍സ് വിതയത്തില്‍, പ്രിന്‍സ് സെബാസ്റ്റ്യന്‍ എന്നിവര്‍ വചനം പങ്കുവച്ചു സംസാരിച്ചു. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത പ്രോട്ടോസിഞ്ചെലൂസ് മോണ്‍. ഡോ. ആന്റണി ചുണ്ടലിക്കാട്ട് മോഡറേറ്ററായിരുന്നു. സിഞ്ചെലുസ് മോണ്‍. ജോര്‍ജ് ചേലയ്ക്കല്‍ സ്വാഗതവും രൂപത സുവിശേഷവത്കരണ കോഓര്‍ഡിനേറ്റര്‍ ഡോ.ജോസി മാത്യു നന്ദിയും പറഞ്ഞു. സീറോ മലബാര്‍ സഭയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ സുവിശേഷ പ്രഘോഷണ മഹാ സംഗമത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച എല്ലാവരെയും ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഭിനന്ദിച്ചു.

  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിര സംഘടിപ്പിക്കുന്നു
  • ഹേവാര്‍ഡ്സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വര്‍ഷ അയ്യപ്പ പൂജ ശനിയാഴ്ച
  • മലങ്കര സുറിയാനി കത്തോലിക്ക സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റര്‍ ഡോ.കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്‌കോപ്പ സ്ഥാനമേറ്റു
  • ലണ്ടന്‍ സി എസ് ഐ ചര്‍ച്ച് അവതരിപ്പിക്കുന്ന ക്രിസ്മസ് കരോള്‍ ഡിസംബര്‍ 14 ന്
  • ഇംഗ്ലണ്ടിലെ കെന്റ് ഹിന്ദു സമാജത്തിന്റെ വാര്‍ഷിക അയ്യപ്പ പൂജ നവംബര്‍ 29ന്
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ ഭക്തിസാന്ദ്രമായി മണ്ഡല - മകരവിളക്ക് ചിറപ്പ് മഹോത്സവം
  • ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിച്ചു
  • ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ നവംബര്‍ ഒന്നിന് റയിന്‍ഹാമില്‍; ഫാ.ജോസഫ് മുക്കാട്ടും സി. ആന്‍ മരിയയും നയിക്കും
  • യുണൈറ്റഡ് കിങ്ഡം സീറോമലബാര്‍ ഫെയിത് ആന്‍ഡ് ജസ്റ്റിസ് ഫോറത്തിന് പുതിയ നേതൃത്വം
  • ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions