പണമുണ്ടാക്കാന്‍ വേണ്ടിയാണ് തമിഴിലും തെലുങ്കിലും അഭിനയിക്കുന്നത്- റഹ്‌മാന്‍
എണ്‍പതുകളിലെ ന്യൂജനറേഷന്‍ നായകനാണ് റഹ്‌മാന്‍. മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും ഒപ്പം ഇടിച്ചു നിന്നിരുന്ന മെലിഞ്ഞ പയ്യന്‍ ഇന്നും പ്രായം കീഴടക്കാത്ത മനസിനുടമയാണ്. നാല്‍പ്പത്തിയേഴിലും മുപ്പതിന്റെ ചെറുപ്പം. കൃത്യമായ ഭക്ഷണവും ചിട്ടയായ വ്യായാമവും ആണ് റഹ്‌മാന്റെ യൗവനരഹസ്യം.
നാല്‍പ്പത്തിയേഴു വയസ്സായി ,പക്ഷേ കാഴ്‌ചയില്‍ അത്രയും തോന്നിക്കില്ല. എന്താണ് ആരോഗ്യരഹസ്യം?
ചെറുപ്പം തോന്നിക്കുന്നുവെങ്കില്‍ അതിന്റെ ക്രെഡിറ്റ് നല്‍കേണ്ടത് ഭാര്യ മെഹറുന്നീസയ്‌ക്കാണ്. എല്ലാ ദിവസവും അവളുണ്ടാക്കിത്തരുന്നത് കൊഴുപ്പില്ലാത്ത നല്ല ഭക്ഷണമാണ്. വീട്ടിലുള്ള എല്ലാവരും പിന്തുടരുന്നത് ഒരേ ഡയറ്റാണ്. തമിഴ്, തെലുങ്ക് സിനിമകളുടെ ലൊക്കേഷനിലാണെങ്കില്‍ നമ്മളാവശ്യപ്പെടുന്ന ഭക്ഷണം കിട്ടും. വാക്കിംഗും ജോഗിംഗും നിര്‍ബന്ധമാണ്.
കുട്ടിക്കാലം മുതല്‍ സ്‌പോര്‍ട്‌സിനോട് താല്‍പ്പര്യമായിരുന്നു. ബേസിക്കലി ഞാനൊരു സ്‌പോര്‍ട്‌സ് പേഴ്‌സണ്‍ ആണ്. വ്യായാമം ചെയ്യുന്നത് സിനിമയ്‌ക്കു വേണ്ടിയല്ല. പള്ളിയിലോ അമ്പലത്തിലോ പോകുന്നതുപോലുള്ള ശീലമാണത്. പുലര്‍ച്ചെ നാലു മണിക്ക് എഴുന്നേല്‍ക്കും. നേരെ അണ്ണാനഗര്‍ ടവര്‍ പാര്‍ക്ക് ഗ്രൗണ്ടിലേക്ക്. ഒരു കിലോമീറ്ററാണ് ഗ്രൗണ്ടിന്റെ ചുറ്റളവ്. പത്തുതവണ ചുറ്റിവരുമ്പോഴേക്കും ആറു മണിയാവും.
വൈകുന്നേരം ഏഴു മുതല്‍ ഒന്‍പതുവരെ ജിമ്മില്‍ വര്‍ക്കൗട്ട്. ഷൂട്ടിംഗിന് പോയാലും മിനിമം ഒരു മണിക്കൂര്‍ നേരമെങ്കിലും എക്‌സൈസ് ചെയ്യും. സൈക്കിള്‍ വാങ്ങിച്ചപ്പോള്‍ മിക്കപ്പോഴും അതിലാണ് സഞ്ചാരം.
ജനിച്ചത് മലപ്പുറത്തെ നിലമ്പൂരില്‍. വളര്‍ന്നത് അബുദാബിയില്‍. സിനിമയില്‍ സജീവമായ സമയത്ത് കൊച്ചിയില്‍. ഇപ്പോള്‍ മദ്രാസി. അത്രയ്‌ക്കിഷ്‌ടമാണോ ചെന്നൈ നഗരം?
എണ്‍പതുകളില്‍ മലയാളസിനിമയില്‍ സജീവമായ സമയത്താണ് കേരളത്തില്‍ ചുറ്റിക്കറങ്ങിയത്. അക്കാലത്ത് കേരളത്തില്‍ കുറച്ചെങ്കിലും ഇഷ്‌ടപ്പെട്ട സ്‌ഥലം കൊച്ചിയായിരുന്നു. എന്നാല്‍ അക്കാലത്ത് എനിക്കാവശ്യമായ സൗകര്യങ്ങളൊന്നും അവിടെയില്ലായിരുന്നു. എക്‌സസൈസ് ചെയ്യാന്‍ നല്ലൊരു ജിമ്മില്ല. ഇറ്റാലിയന്‍, ചൈനീസ് ഭക്ഷണം കഴിക്കാന്‍ പറ്റിയ റസ്‌റ്റോറന്റില്ല. ഇതൊക്കെ മദ്രാസിലുണ്ട്.
സിനിമയ്‌ക്കപ്പുറമുള്ള ജീവിതം ആസ്വദിക്കാന്‍ കഴിഞ്ഞത് ഇവിടെനിന്നാണ്. വീക്കെന്‍ഡില്‍ സമയം ചെലവഴിക്കാന്‍ ഗോള്‍ഡണ്‍ ബീച്ചിലുടെ ഡ്രൈവ് ചെയ്‌തു പോകാം. നൈറ്റ് ലൈഫ് ആസ്വദിക്കാം. ഇതൊക്കെയാണ് മദ്രാസിലേക്ക് ആകര്‍ഷിച്ചത്. വിവാഹം ചെയ്‌തതും വീടുവച്ചതുമെല്ലാം ചെന്നൈയിലാണ്. ബോംബെയെ അപേക്ഷിച്ച് കുറ്റകൃത്യങ്ങള്‍ ഇവിടെ കുറവാണ്.
ആദ്യ സിനിമ മുതല്‍ ഹിറ്റുകളുടെ സഹയാത്രികന്‍. ആ പ്രായത്തില്‍ കിട്ടിയ ഭീമമായ പ്രതിഫലം റഹ്‌മാനെന്ന നടന്റെ ജീവിതം മാറ്റിമറിച്ചോ?
ജീവിതം ആസ്വദിക്കാന്‍ വേണ്ടിയുള്ളതാണ് എന്ന വിശ്വാസക്കാരനാണ് ഞാന്‍. നല്ല ഭക്ഷണം കഴിക്കണം. ഒരുപാടു യാത്ര ചെയ്യണം. നല്ലരീതിയില്‍ ജീവിക്കണം. ഇതൊക്കെയേ ആഗ്രഹിച്ചുള്ളൂ. നൂറു രൂപ കിട്ടുമ്പോള്‍ നൂറു രൂപ കൂടി കടം മേടിച്ച് ഇരുനൂറുരൂപ ചെലവഴിക്കും. അന്നു മാത്രമല്ല, ഇന്നും ജീവിതത്തിന് മാറ്റമൊന്നും സംഭവിച്ചിട്ടില്ല. ഈയടുത്താണ് കുടുംബസമേതം അമേരിക്കയിലെ ഡിസ്‌നി വേള്‍ഡ് കാണാന്‍ പോയത്. പോകുന്നതിന് മുമ്പുതന്നെ ഭാര്യ ചോദിച്ചു.
''ഇത്രയും പണം ചെലവഴിച്ച് ഒരു യാത്ര വേണോ?''
വേണം എന്നത് എന്റെ നിര്‍ബന്ധമാണ്. ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോഴാണ് ഇതൊക്കെ കാണുക? എന്റെ മകള്‍ റുഷ്‌ദയ്‌ക്ക് പതിനെട്ടു വയസു കഴിഞ്ഞു. പഠിത്തം കഴിഞ്ഞാല്‍ അവള്‍ക്ക് വിവാഹമുണ്ടാകും. അതുകൊണ്ടുതന്നെ എല്ലാവരും ചേര്‍ന്നുള്ള ഹോളിഡേ ട്രിപ്പ് ഇനിയൊരിക്കല്‍ നടക്കണമെന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു അനാവശ്യചെലവല്ല. ആവശ്യമാണ്. എന്റെ ഇഷ്‌ടങ്ങളാണ്.
സിനിമാതാരത്തിന്റെ പകിട്ടില്‍ സ്വന്തം ജീവിതം മറന്നുപോയ കഥാപാത്രമാണ് 'ട്രാഫിക്കി'ലെ സിദ്ധാര്‍ഥ് ശങ്കര്‍. ജീവിതത്തില്‍ റഹ്‌മാന്‍ ഇതിന്റെ ഓപ്പസിറ്റാണ്?
ഓരോരുത്തരും വളര്‍ന്നുവന്ന സാഹചര്യമാണത്. 1993ലാണ് എന്റെ വിവാഹം. അതോടെയാണ് ശരിക്കും കുടുംബസ്‌ഥനാവുന്നത്. അത്രയുംകാലം ബാപ്പയും ഉമ്മയും അബുദാബിയിലായിരുന്നു. എന്റെ വിവാഹത്തോടെ അവരവിടം വിട്ട് എന്നോടൊപ്പം താമസമാക്കി. അന്നു മുതലാണ് ജീവിതം പഠിച്ചത്.
ബോര്‍ഡിംഗില്‍ താമസിച്ചായിരുന്നു എന്റെ പഠനം. പിന്നീട് സിനിമയിലെത്തിയപ്പോഴും ഞാനൊറ്റയ്‌ക്കായി. ചില നടന്മാര്‍ വീട്ടില്‍നിന്നുണ്ടാക്കിയ ഭക്ഷണമൊക്കെ ലൊക്കേഷനിലിരുന്ന് കഴിക്കുമ്പോള്‍ സങ്കടമുണ്ടായിട്ടുണ്ട്. അക്കാലത്ത് പത്രക്കാര്‍ സ്‌ഥിരം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്-ഓണത്തെക്കുറിച്ചുള്ള ഓര്‍മ്മ? എനിക്കെന്ത് ഓണം? ഓണക്കാലത്ത് ലൊക്കേഷനിലാണെങ്കില്‍ സദ്യയുണ്ടാകും.
സിനിമയ്‌ക്കൊപ്പം സാമൂഹ്യപ്രവര്‍ത്തനമുണ്ടോ?
പബ്ലിസിറ്റിക്കുവേണ്ടി ഒരുകാര്യവും ചെയ്യാറില്ല. കഴിഞ്ഞ കുറച്ചുകാലമായി ഞങ്ങളുടെ നാലുപേരുടെയും ജന്മദിനവും ഈദും ആഘോഷിക്കുന്നത് അനാഥാലയത്തിലാണ്. ചെന്നൈയിലെ ആരുമറിയാത്ത, അധികം പബ്ലിസിറ്റി കിട്ടാത്ത അനാഥാലയത്തിലേക്ക് സ്വീറ്റ്‌സും ഗിഫ്‌റ്റുമായി ചെല്ലും. ഡൊണേഷനും നല്‍കും. അന്നത്തെ ദിവസം അവര്‍ക്കൊപ്പം ചെലവഴിച്ച് ഒന്നിച്ച് ഭക്ഷണം കഴിച്ചാണ് പിരിയുക.
ആത്മസംതൃപ്‌തിക്കായി അവരോടൊപ്പം ഫോട്ടോയെടുക്കും. മകള്‍ റുഷ്‌ദയുടെ പതിനെട്ടാം ജന്മദിനം ഗ്രാന്റായാണ് ആഘോഷിച്ചത്. എല്ലാ നിയമങ്ങളും പാലിച്ചുകൊണ്ടാണ് എന്റെ ജീവിതം. വഴിവിട്ട് ഇതുവരെയും ഒന്നും ചെയ്‌തിട്ടില്ല. നരേന്ദ്രമോഡിയുടെ 'സ്വച്‌ഛ് ഭാരത്' പരിപാടിയില്‍ പങ്കെടുത്ത് ചെന്നൈയില്‍ എന്തെങ്കിലും ചെയ്യാന്‍ താല്‍പ്പര്യമുണ്ട്. കേരളത്തിലും എന്തെങ്കിലും ചെയ്യണം. പോയിവരാനുള്ള അസൗകര്യങ്ങള്‍ കൊണ്ടാണ് അവിടെയുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ കഴിയാത്തത്.
2000-2004 കാലഘട്ടത്തില്‍ റഹ്‌മാനെ അഭിനയരംഗത്ത് ആരും കണ്ടില്ല. എന്തിനായിരുന്നു ആ അജ്‌ഞാതവാസം?
സത്യം പറഞ്ഞാല്‍ ചില കാര്യങ്ങളില്‍ ഞാനൊരു മടിയനാണ്. ഡോര്‍ തുറന്ന് അകത്തേക്കു കടന്നാല്‍ പിന്നെ ഇരുന്നിടത്തുനിന്ന് എഴുന്നേല്‍ക്കില്ല. ഭക്ഷണം പോലും മുമ്പില്‍ കൊണ്ടുവരണം. ആ സമയത്ത് എന്റെ റിമോട്ട് കണ്‍ട്രോള്‍ ഭാര്യയാണ്. ഒരടി ദൂരത്തുള്ള ടി.വി.റിമോട്ട് എടുക്കാന്‍ അടുത്ത മുറിയില്‍ പഠിച്ചുകൊണ്ടിരിക്കുന്ന മകളെ വിളിക്കും.
മലയാളം സിനിമയില്‍ ഒരിടവേള അക്കാലത്തുണ്ടായിരുന്നു. തമിഴില്‍ തിരക്കായപ്പോള്‍ മലയാളത്തിന് ഡേറ്റ് നല്‍കാന്‍ പറ്റിയില്ല. കുറച്ചുനാള്‍ വിട്ടുനിന്നതോടെ മലയാളത്തിന് ഞാന്‍ അന്യനായി. തമിഴിലും തെലുങ്കിലും ശ്രദ്ധിച്ചതോടെ മലയാളവുമായുള്ള ബന്ധമേ ഇല്ലാതായി. മറ്റു ഭാഷാ സിനിമകളും കുറഞ്ഞതോടെ വീട്ടില്‍ത്തന്നെയായി. സമയം മോശമായിരുന്നു. ആരുടെയും മുമ്പില്‍ ചാന്‍സ് ചോദിച്ചുപോകാന്‍ അഭിമാനം അനുവദിച്ചില്ല.
രഞ്‌ജിത്തിന്റെ 'ബ്ലാക്കി'ലൂടെയാണ് പിന്നീട് തിരിച്ചെത്തിയത്. മലയാളത്തില്‍ ശക്‌തമായ കഥാപാത്രങ്ങള്‍ക്കേ ഞാന്‍ ഡേറ്റ് നല്‍കാറുള്ളൂ. ഞാനഭിനയിച്ച സിനിമകള്‍ നോക്കിയാല്‍ നിങ്ങള്‍ക്കത് മനസിലാക്കാം. മുംബൈ പോലീസ്, മഞ്ചാടിക്കുരു, ട്രാഫിക്, രാജമാണിക്യം, ബ്ലാക്ക്.... ഇതൊന്നും വൃത്തികെട്ട സിനിമകളാണെന്ന് ആരും പറയില്ല. പണമുണ്ടാക്കാന്‍ വേണ്ടിയാണ് തമിഴിലും തെലുങ്കിലും അഭിനയിക്കുന്നത്. അതുകൊണ്ടുതന്നെ കഥാപാത്രത്തിന്റെ പ്രാധാന്യം നോക്കാറില്ല.
സ്‌കൂള്‍ കാലഘട്ടത്തില്‍ നാടകങ്ങളില്‍ അഭിനയിക്കുമ്പോള്‍ പോലും സിനിമ സ്വപ്‌നം കണ്ടിരുന്നില്ല. യാദൃച്‌ഛികമായാണ് 'കൂടെവിടെ' യില്‍ അഭിനയിച്ചത്. പിന്നീട് ഭാഗ്യം കൊണ്ട് ഞാനും താരമായി. ഇപ്പോള്‍ തോന്നുന്നു, ഒരുപക്ഷേ സിനിമയിലെത്തിയില്ലെങ്കില്‍ ഞാന്‍ പരാജയപ്പെട്ടുപോയേനെ എന്ന്. കാരണം അഭിനയമല്ലാതെ മറ്റൊന്നും എനിക്കറിയില്ല.
(കടപ്പാട്- മംഗളം)