ഇന്റര്‍വ്യൂ

എന്നെപ്പറ്റി ഒരുപാട്‌ മോശം കാര്യങ്ങളാണ്‌ ഫെയ്‌സ്ബുക്കിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്‌- സോനാനായര്‍

മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്‌ സ്ക്രീന്‍ പ്രേക്ഷകര്‍ക്കും ഒരുപോലെ സുപരിചിതയാണ് സോനാനായര്‍. 25 വര്‍ഷമായി സീരിയല്‍ രംഗത്ത്‌ സജീവമായിരുന്ന സോനാ സീരിയല്‍ അഭിനയത്തോടു വിടപറയുകയാണ്. ഇപ്പോള്‍ മലയാളം സീരിയലുകള്‍ക്കുള്ളത്‌ ലോ ക്ലാസ്‌ പ്രേക്ഷകരാണ്‌. ശരാശരി നിലവാരത്തിന്‌ മുകളില്‍ ജീവിക്കുന്ന ആരും ഇത്തരം കെട്ടുകഥകള്‍ നിറഞ്ഞ സീരിയലുകള്‍ കാണാന്‍ മിനക്കെടാറില്ല. ആ സമയത്ത്‌ വായന പോലുള്ള മറ്റ്‌ ലോകങ്ങളില്‍ ചിലവഴിക്കാനാണ്‌ അവര്‍ ഇഷ്‌ടപ്പെടുന്നതെന്നു സോനാ പറയുന്നു.

അഭിനയം നിര്‍ത്തുന്നു എന്ന സോഷ്യല്‍ മീഡിയയുടെ വാര്‍ത്തയ്‌ക്കു പിന്നിലെ യാഥാര്‍ത്ഥ്യം?
സീരിയല്‍ അഭിനയം നിര്‍ത്തുന്നു എന്നാണ്‌ പറഞ്ഞത്‌. സിനിമയില്‍ തുടര്‍ന്നും അഭിനയിക്കും. ഏത്‌ വിരുതനാണ്‌ ഇത്തരത്തില്‍ ഒരു വാര്‍ത്ത അണിയിച്ചൊരുക്കിയത്‌ എന്നറിയില്ല. അല്ലെങ്കില്‍ തന്നെ പണിയില്ലാത്ത കുറേ പേര്‍ക്ക്‌ സോഷ്യല്‍ മീഡിയകളില്‍ ഇത്തരം വാര്‍ത്തകള്‍ സൃഷ്‌ടിക്കുകയാണല്ലോ പുതിയ ജോലി.
സെലിബ്രിറ്റികളുടെ പേരില്‍ വാര്‍ത്തകള്‍ ഉണ്ടാക്കിയാല്‍ അതിന്‌ പ്രേക്ഷകര്‍ ഏറും. പ്രത്യേകിച്ച്‌ പെണ്ണുങ്ങളെപ്പറ്റി. ഫെയ്‌സ്ബുക്ക്‌ പോലുള്ള നവമാധ്യമങ്ങള്‍ ഉപയോഗിച്ച്‌ സ്‌ത്രീകളെ എങ്ങനെയൊക്കെ മോശമാക്കാം എന്നതിനെപ്പറ്റി ഗവേഷണം തന്നെ നടത്തുകയാണ്‌ ചിലര്‍.
എന്നെപ്പറ്റി ഒരുപാട്‌ മോശം കാര്യങ്ങളാണ്‌ ഫെയ്‌സ്ബുക്കിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്‌. ഞാനതിനെ മൈന്‍ഡ്‌ ചെയ്യാറില്ല. നമ്മള്‍ പ്രതികരിക്കാന്‍ പോകുമ്പോള്‍ അല്ലേ വിവാദങ്ങള്‍ ഉണ്ടാകുന്നത്‌.എനിക്ക്‌ ബോധ്യപ്പെടുത്തേണ്ടത്‌ എന്റെ വീട്ടുകാരേയും നാട്ടുകാരേയും പ്രേക്ഷകരേയും ആണ്‌. അവര്‍ക്കെന്നെ അറിയാം. പിന്നെ ഞാനെന്തിനാണ്‌ ഭയപ്പെടുന്നത്‌. അതുകൊണ്ട്‌ എന്നെപ്പറ്റി ഇറങ്ങുന്ന സോഷ്യല്‍ മീഡിയ വാര്‍ത്തകള്‍ വിശ്വസിക്കരുത്‌ എന്നു മാത്രമാണ്‌ പറയാനുള്ളത്‌.

സീരിയല്‍ അഭിനയം ഉപേക്ഷിച്ചതിനു പിന്നില്‍?
സമൂഹത്തിലുണ്ടായ മാറ്റം സീരിയലിലും ഉണ്ടായതാണ്‌ ഒന്നാമത്തെ കാരണം. സമൂഹത്തിന്‌ ഒരു സന്ദേശവും നല്‍കാത്ത കെട്ടുകഥകളുടെ ലോകത്തു കൂടിയാണ്‌ ഇന്നത്തെ സീരിയലുകളുടെ പോക്ക്‌.നമുക്ക്‌ സിനിമയില്‍ നിന്ന്‌ ഒരുപാട്‌ കാര്യങ്ങള്‍ പഠിക്കാനുണ്ട്‌. പുതിയ ലൊക്കേഷനില്‍, പുതിയ കഥാപാത്രങ്ങളില്‍, സംവിധായകനില്‍ നിന്നും ഒക്കെ നമ്മള്‍ ഒരുപാട്‌ കാര്യങ്ങള്‍ പഠിക്കുകയാണ്‌. എന്നാല്‍ സീരിയലില്‍ എന്നും ഒരേ കഥാപാത്രങ്ങള്‍. അതും രണ്ടും മൂന്നും വര്‍ഷം നമ്മള്‍ ആ കഥാപാത്രമായി തന്നെ നില്‍ക്കണം. പിന്നെ എന്നും ഒരേ ലൊക്കേഷന്‍.
പുതിയതായി അതില്‍ നിന്നും ഒന്നും പഠിക്കാനില്ല. രണ്ടു മണിക്കൂര്‍കൊണ്ട്‌ സിനിമയില്‍ പറയാവുന്ന ഒരു വിഷയമായിരിക്കും രണ്ടു വര്‍ഷം കൊണ്ട്‌ സീരിയലില്‍ പറയുന്നത്‌. സീരിയലില്‍ ദിവസവും നമ്മുടെ ഒരേ മുഖം തന്നെ കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകര്‍,തിയറ്ററില്‍ നമ്മുടെ ഒരു സിനിമ കാണാന്‍ പോയാല്‍ നമ്മള്‍ ചെയ്‌ത കഥാപാത്രത്തെ സ്വീകരിക്കില്ല.
അവരുടെ മനസ്സില്‍ അന്നേരവും വരുന്നത്‌ സീരിയല്‍ കഥാപാത്രത്തിന്റെ മുഖമായിരിക്കും. അതുകൊണ്ട്‌ സീരിയല്‍ അഭിനയം പൂര്‍ണമായും ഉപേക്ഷിച്ച്‌ സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ്‌ തീരുമാനം.

പക്ഷേ സര്‍ക്കാര്‍ ജോലിപോലെ വരുമാനത്തിന്റെ കാര്യത്തില്‍ ഗ്യാരന്റി ഉള്ള ഒന്നാണ്‌ സീരിയല്‍ മേഖല?
അതു ശരിയാണ്‌. പക്ഷേ നമുക്ക്‌ എത്ര രൂപ തരുന്നുണ്ടോ അതിന്റെ ഇരട്ടിപ്പണി അവര്‍ നമ്മളെക്കൊണ്ട്‌ എടുപ്പിക്കും. ശരിക്കും വളരെ സ്‌ട്രെയിന്‍ ഉള്ള ഒന്നാണ്‌ സീരിയല്‍ മേഖല.
വളരെ പണ്ടുതന്നെ ലോഹി സാറും (ലോഹിതദാസ്‌) സത്യന്‍ സാറും (സത്യന്‍ അന്തിക്കാട്‌) എന്നോടു പറഞ്ഞതാണ്‌ സീരിയലില്‍ അഭിനയിക്കരുതെന്ന്‌. അന്ന്‌ ഈ പറഞ്ഞതുപോലെ വരുമാനത്തിന്റെ കാര്യം മാത്രം നോക്കി കുറേ സീരിയലുകള്‍ ചെയ്‌തു. പക്ഷേ ഇപ്പോള്‍ ശരിക്കും മടുത്തു.
സിനിമയില്‍ മാസത്തില്‍ രണ്ടോ മൂന്നോ പുതിയ കഥാപാത്രങ്ങള്‍ ചെയ്യാന്‍ സാധിക്കും. അതുകൊണ്ട്‌ നമ്മള്‍ എപ്പോഴും ഫ്രഷ്‌ ആയിരിക്കും. സീരിയലില്‍ അഭിനയിക്കുന്ന പലര്‍ക്കും ഈ രംഗം ഉപേക്ഷിക്കണം എന്നുണ്ട്‌. പക്ഷേ ഈ പറയുന്ന വരുമാനം നോക്കി അവരും അതില്‍ കുടുങ്ങിക്കിടക്കുകയാണ്‌.
പണത്തിനു മീതെ പരുന്തും പറക്കില്ലല്ലോ. അവരോട്‌ ഒന്നേ പറയാനുള്ളൂ, സിനിമകള്‍ക്ക്‌ അപ്പുറം മറ്റൊരു മാധ്യമവും വരാത്തിടത്തോളം കാലം, പണത്തിനേക്കാള്‍ മേലെ അഭിനയത്തില്‍ എന്നും സംതൃപ്‌തി തരുന്നത്‌ സിനിമ ആയിരിക്കും.

സ്‌ത്രീകള്‍ക്കെതിരെ കൂടി വരുന്ന ലൈംഗിക അക്രമങ്ങളെ സോന എങ്ങനെയാണ്‌ നോക്കിക്കാണുന്നത്‌?
പണ്ടു മുതലേ പുരുഷാധിപത്യത്തിന്റെ ഇരകളാണ്‌ സ്‌ത്രീകള്‍. മാറു മറയ്‌ക്കാന്‍ അവകാശം ഇല്ലാതിരുന്ന കാലംതൊട്ടേ സ്‌ത്രീകള്‍ ലൈംഗിക ചൂഷണത്തിന്‌ ഇരയാകുന്നുണ്ട്‌. ഇപ്പോള്‍ മീഡിയകളുടെ എണ്ണം കൂടിയപ്പോള്‍ അത്തരത്തിലുള്ള വാര്‍ത്തകള്‍ പുറംലോകം അറിഞ്ഞുതുടങ്ങി എന്നതാണ്‌ വാസ്‌തവം.
നമ്മുടെ കുടുംബാന്തരീക്ഷത്തില്‍ നിന്നാണ്‌ ഇങ്ങനെയുള്ള ജന്മങ്ങള്‍ പിറവിയെടുക്കുന്നത്‌. മോശം അന്തരീക്ഷത്തില്‍ ജനിക്കുന്ന ഒരു പുരുഷന്‍ എല്ലാ കാര്യത്തിലും സമൂഹത്തില്‍ മോശമായിരിക്കും. പ്രത്യേകിച്ച്‌ സ്‌ത്രീകളുടെ കാര്യത്തില്‍. പണ്ട്‌ കൂട്ടുകുടുംബങ്ങളില്‍ ജീവിക്കുമ്പോള്‍ സെക്‌സിന്‌ സ്വീകാര്യത കുറവായിരുന്നു.
അന്നത്തെ അക്രമങ്ങളെ അടിച്ചമര്‍ത്തപ്പെട്ടവന്റെ വികാരം എന്നു വേണമെങ്കില്‍ പറയാം. എന്നാല്‍ അണുകുടുംബങ്ങള്‍ വന്നപ്പോള്‍ സെക്‌സിന്‌ വേണ്ടത്ര സ്വീകാര്യത കിട്ടി. എന്നിട്ടും അവന്‍ സ്‌ത്രീകളെ അക്രമിക്കാന്‍ തുനിഞ്ഞാല്‍ അവന്‌ കാര്യമായ എന്തോ കുഴപ്പമുണ്ട്‌ എന്നാണ്‌ അര്‍ത്ഥം.
ഇതിന്‌ മാറ്റം വരാനായി ചെറുപ്പത്തില്‍ തന്നെ സെക്‌സ് വിദ്യാഭ്യാസം നല്‍കണമെന്ന്‌ വാദിക്കുന്ന ഒരു കൂട്ടരുണ്ട്‌. പക്ഷേ അത്‌ പഠിപ്പിക്കാന്‍ വരുന്ന ടീച്ചറെ ആ ക്ലാസില്‍ ഇരിക്കുന്ന കുട്ടി കയറി പിടിക്കില്ല എന്ന്‌ ആരു കണ്ടു. അങ്ങനെയുള്ള നമ്മുടെ സമൂഹത്തില്‍ സ്‌ത്രീകള്‍ക്കെതിരെയുള്ള അക്രമം അവസാനിപ്പിക്കണമെങ്കില്‍ പുരുഷാധിപത്യം തന്നെ ഇല്ലാതാകണം.

സ്‌ത്രീകള്‍ക്ക്‌ സിനിമയില്‍ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ട്‌ എന്നു കേള്‍ക്കുന്നുണ്ട്‌.?

എനിക്ക്‌ അത്തരത്തില്‍ ഒരനുഭവം ഉണ്ടായിട്ടില്ല. സിനിമാ മേഖലയില്‍ ആരെങ്കിലും ഇതുവരെ ബലാത്സംഗത്തിന്‌ ഇരയായി എന്നു കേള്‍ക്കുന്നുണ്ടോ.
അപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകളില്‍ പലതും രഹസ്യമായി സംഭവിക്കുന്നതാണ്‌. സ്‌ത്രീ വാതില്‍ തുറന്നു കൊടുക്കുന്നത്‌ കൊണ്ടാകാം പുരുഷന്‍ അകത്തുകയറുന്നത്‌.
തുറക്കാതിരുന്നാല്‍ ആ പ്രശ്‌നം ഉണ്ടാകുമോ? ഇത്തരം വാര്‍ത്തകള്‍ ഉണ്ടാകുമോ? അപ്പോള്‍ തുറന്നുകൊടുക്കുന്നവര്‍ക്ക്‌ സ്വീകരണം ഏറ്റു വാങ്ങാനെത്തുന്നവരെ കൊണ്ട്‌ എന്തെങ്കിലും പ്രയോജനമുണ്ടാകാം. എന്തായാലും ഇത്രയും വര്‍ഷമായിട്ടും എനിക്ക്‌ ആരില്‍ നിന്നും അത്തരത്തിലൊരു മോശം അനുഭവം നേരിടേണ്ടി വന്നിട്ടില്ല.

സോന ഭയങ്കര ബോള്‍ഡാണല്ലോ?
അച്‌ഛനും അമ്മയ്‌ക്കും ജോലിയുണ്ടായിരുന്നതിനാല്‍ ചെറുപ്പം മുതലേ ലൊക്കേഷനിലേക്ക്‌ ഒറ്റയ്‌ക്കാണ്‌ യാത്ര ചെയ്‌തിരുന്നത്‌. കല്യാണം കഴിഞ്ഞ്‌ അദ്ദേഹത്തിന്‌ തിരക്കുകള്‍ ഉണ്ടായിരുന്നതിനാല്‍ പിന്നെയും യാത്രകള്‍ ഒറ്റയ്‌ക്കായിരുന്നു. അത്‌ അമേരിക്കയ്‌ക്ക് ആയാലും ലണ്ടനിലേക്ക്‌ ആയാലും.
എന്നെ സംരക്ഷിക്കാന്‍ ഞാന്‍ മാത്രമേ ഉള്ളൂ എന്നു ബോധ്യമുള്ളതുകൊണ്ട്‌ ഞാന്‍ ധൈര്യവതിയായി. ആ ധൈര്യം ഉള്ളില്‍ ഉള്ളതുകൊണ്ടാകാം ഞാന്‍ ബോള്‍ഡാണെന്ന്‌ മറ്റുള്ളവര്‍ക്ക്‌ തോന്നുന്നത്‌.

കാപാലിക
സോഷ്യല്‍ മീഡിയ എന്നെ ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചിട്ടുള്ളത്‌ കാപാലിക എന്ന ചിത്രത്തിന്റെ സമയത്തായിരുന്നു. അതില്‍ ഞാന്‍ അഭിനയിച്ച ഒരു രംഗത്തിന്റെ ഒരു സ്‌റ്റില്‍ ഫോട്ടോ കാണിച്ചിട്ട്‌ പല വൃത്തികെട്ട കമന്റുകളും എഴുതി.കാപാലിക എന്നത്‌ എന്‍.എന്‍.പിള്ള സാറിന്റെ ഏറ്റവും ശക്‌തമായ രചനയായിരുന്നു.
പണ്ട്‌ കാപാലിക എന്ന നാടകം ഒരുപാട്‌ വേദികള്‍ കീഴടക്കിയിട്ടുള്ളതാണ്‌. ഞാനതില്‍ ചെയ്‌തത്‌ ഒരു വേശ്യയുടെ കഥാപാത്രമാണ്‌. ആ സിനിമയില്‍ കഥാപാത്രം ആവശ്യപ്പെടുന്നത്‌ കൊണ്ടാണ്‌ ആ പോസില്‍ ഫോട്ടോയ്‌ക്കുവേണ്ടി ഷൂട്ട്‌ ചെയ്‌തത്‌. എന്നാല്‍ അഭിനയം ഒരു തൊഴിലാണ്‌ എന്നുപോലും ചിന്തിക്കാതെയാണ്‌ എന്നെ അപമാനിച്ചത്‌. ഇങ്ങനെ ചെയ്യുന്നവര്‍ ഒന്നാലോചിക്കണം.
എനിക്കും ഒരു കുടുംബമുണ്ടെന്ന്‌.താല്‍ക്കാലിക മനസുഖത്തിനുവേണ്ടി ഇങ്ങനെയുള്ള പോസ്‌റ്റ് പടച്ചു വിടുന്നവര്‍ സ്വന്തം കുടുംബത്തിലെ ആര്‍ക്കെങ്കിലും ഈ ഗതി വന്നാലേ അതിന്റെ വിഷമം എന്തെന്ന്‌ പഠിക്കൂ.
(കടപ്പാട്- മംഗളം)

  • ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക് ഇന്ത്യയില്‍ പുതിയ നിയന്ത്രണങ്ങള്‍
  • കത്തോലിക്കാ സമൂഹത്തില്‍ സഹോദര സ്നേഹം കുറഞ്ഞു , സ്വാര്‍ത്ഥത വളര്‍ന്നു- ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് വലിയമറ്റം
  • പൊറിഞ്ചു ഞാനായതിന്റെ പേരില്‍ അഭിനയിക്കാതിരുന്നവരുമുണ്ട്- ജോജു ജോര്‍ജ്
  • റോയല്‍ ഗെറ്റപ്പില്‍ ഭാവന !
  • ഗ്ലാമര്‍ ലുക്കില്‍ മാത്രം പ്രത്യക്ഷപ്പെട്ട കസ്തൂരിയുടെ പുതിയ വേഷം കണ്ട് ആരാധകര്‍ ഞെട്ടി !
  • സഹിക്കാവുന്നതിനപ്പുറം സഹിച്ചു; പൊട്ടിത്തെറിച്ച് റിമിടോമിയുടെ ഭര്‍ത്താവ്
  • വീട് ജപ്തി ചെയ്തിട്ടില്ല, വാര്‍ത്തകള്‍ മാനസിക സംഘര്‍ഷമുണ്ടാക്കുന്നു- ശാലു മേനോന്‍
  • ജയിലില്‍ ആരെങ്കിലും സന്ദര്‍ശിക്കാന്‍ എത്തിയിരുന്നെങ്കിലെന്ന് കൊതിച്ചിട്ടുണ്ട്- അറ്റ്‌ലസ് രാമചന്ദ്രന്‍
  • രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല- കെ എം മാണി
  • ലിപ്‌ലോക്ക് അഭിനയിച്ചാല്‍ അച്ഛനും അമ്മയും എന്തു പറയും എന്നു ചിന്തിച്ചിരുന്നു- ഐശ്വര്യ ലക്ഷ്മി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions