ഇന്റര്‍വ്യൂ

എനിക്കൊരു മുഴുനീള വില്ലന്‍ വേഷം ചെയ്യണം- നിവിന്‍ പോളി

മലയാളത്തിലെ ഇപ്പോഴത്തെ ജനപ്രിയ നായകന്‍ ആരെന്നു ചോദിച്ചാല്‍ അതിനു ഒറ്റ ഉത്തരമേയുള്ളൂ- നിവിന്‍ പോളി. വിനീത് ശ്രീനിവാസന്‍ മലയാളത്തിനു പരിചയപ്പെടുത്തിയ നടന്‍. സൂപ്പര്‍ താരങ്ങള്‍ക്ക് പോലും അടി തെറ്റുമ്പോള്‍ തുടരെ ഹിറ്റ് കളുമായി കുതിക്കുകയാണ് ഈ പ്രണയ നായകന്‍. ഒടുവിലിറങ്ങിയ 'പ്രേമം' മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റായിരിക്കുന്നു. സ്വദേശത്തും വിദേശത്തും ഒരുപോലെ വിജയിച്ച ചിത്രം. സൂപ്പര്‍ താര പദവിലേക്ക് കുതിക്കുന്ന നിവിന്‍ പോളി സിനിമാ വിശേഷങ്ങളെ കുറിച്ചും പ്രണയ വിവാഹത്തെ കുറിച്ചും 'ടൈംസ് ഓഫ് ഇന്ത്യ'യ്ക്ക് നല്‍കിയ അഭിമുഖത്തലൂടെ വെളിപ്പെടുത്തുന്നു.


വടക്കന്‍ സെല്‍ഫിക്ക് പിന്നാലെ പ്രേമവും വലിയ വിജയം. എന്ത് തോന്നുന്നു?
പ്രേമത്തിന്റെ തുടക്കം മുതല്‍ ഞാന്‍ സിനിമയ്‌ക്കൊപ്പം ഉണ്ടായിരുന്നു. സിനിമ ഇത്രയും വലിയ വിജയമായിത്തീരുമ്പോള്‍ അതിന്റെ അഭിമാനവും സന്തോഷവുമുണ്ട്. ആ വിജയം ഞാന്‍ ആസ്വദിക്കുകയും ചെയ്യുന്നു. അതവിടെ കഴിഞ്ഞു. അതിന്റെ കനവും തലയില്‍ വച്ചു നടക്കില്ല. സിനിമയുടെ തിരക്കുകള്‍ കഴിഞ്ഞാല്‍ ഞാന്‍ വീണ്ടും പഴയതുപോലെ ആകും. പക്ഷെ പൊതു സ്ഥലത്ത് ആളുകളോടൊപ്പം സെല്‍ഫി എടുക്കുന്നതിനോട് എനിക്ക് താത്പര്യമില്ല.


പ്രേമത്തിലെ ജോര്‍ജും കോളേജ് കാലത്തെ നിവിനും?
ജോര്‍ജുമായി എനിക്ക് ഏറെ കുറേ സാമ്യമൊക്കെയുണ്ട്. പ്രേമകത്തിലെ കഥ ഞങ്ങള്‍ സുഹൃത്തുക്കളില്‍ പലര്‍ക്കും ഉണ്ടായ അനുഭവങ്ങളില്‍ നിന്നെല്ലാം എടുത്തെഴുതിയതാണ്. ജോര്‍ജിനെ പോലെ ഞാനും കോളേജില്‍ ബാക്ക് ബെഞ്ച് സ്റ്റുഡന്റായിരുന്നു. കുറച്ചു മടിയൊക്കെയുള്ള കുട്ടി. പക്ഷെ ഒരിക്കലും ഒരു മേരി ആ വഴി വന്നിരുന്നില്ല. പഠിപ്പിച്ച ടീച്ചര്‍മാരോട് ആരോടും ജോര്‍ജിനെ പോലെ ഇഷ്ടം തോന്നിയിട്ടില്ല. പക്ഷെ എന്റെ ഭാര്യ എന്റെ ക്ലാസ്‌മേറ്റായിരുന്നു (ചിരിക്കുന്നു)

ഒരു ബാക്ക്‌ബെഞ്ച് സ്റ്റുഡന്റിനോട് തോന്നിയ പ്രണയം എന്നെ അവള്‍ക്കൊരുപാട് ഇഷ്ടമായതുകൊണ്ടാവാം എന്ന് ഞാന്‍ ഊഹിക്കുന്നു. ക്ലാസിലെ പഠിപ്പിസ്റ്റുകളില്‍ ഒരാളായിരുന്നു റിന്ന. ഒരു മടിയനും ഒരു പഠിപ്പിസ്റ്റും തമ്മില്‍ ബാലന്‍സ് ചെയ്യാനാവും അങ്ങനെ സംഭവിച്ചത് (ചിരിക്കുന്നു). പക്ഷെ തമാശ മാറ്റി നിര്‍ത്തിയാല്‍, ഒരു നടനാകണം എന്ന എന്റെ ആഗ്രഹത്തിന് പൂര്‍ണ പിന്തുണ നല്‍കി അവളൊപ്പം ഉണ്ടായിട്ടുണ്ട്. ഞാന്‍ സിനിമയില്‍ എത്രമാത്രം സീരിയസ് ആണെന്ന് അവള്‍ക്കറിയാം. ചിന്തയില്‍ പക്വതയുണ്ട് അവള്‍ക്ക്.


തുടരെ വിജയം, എങ്ങനെയാണ് കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നത്?
എനിക്കറിയില്ല, നല്ല ചിത്രങ്ങള്‍, അതങ്ങനെ സംഭവിക്കുന്നതാണ്. ഒരു സ്‌ക്രിപ്റ്റ് കേള്‍ക്കുമ്പോള്‍ എനിക്ക് താത്പര്യം തോന്നും, അത് വിജയിക്കും എന്ന് തോന്നും. അങ്ങനെ തോന്നിയാല്‍ ഞാന്‍ ആ തിരക്കഥയ്‌ക്കൊപ്പം പോകും. പിന്നെ എപ്പോഴും ഒരു സാധാരണക്കാരന്റെ വേഷം നോക്കി തിരഞ്ഞെടുക്കുന്നതല്ല. ഒരു കഥാപാത്രത്തെയോ തിരക്കഥയെയോ തിരഞ്ഞെടുത്ത് കഴിഞ്ഞാലാണ് ആ കഥാപാത്രത്തിനെ എല്ലാവരുമായി ബന്ധിപ്പിക്കാന്‍ കഴിയുന്നുണ്ട് എന്ന് മനസ്സിലാക്കുന്നത്.


ദൈവ വിശ്വാസിയാണ്..?
ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു. എപ്പോഴും ചര്‍ച്ചില്‍ പോകുന്ന ആളൊന്നുമല്ല. എന്നാല്‍ സമയം കിട്ടുമ്പോഴൊക്കെ പോകാറുണ്ട്. ഒറ്റയ്ക്കിരുന്ന് ഒരുപാട് നേരം പ്രാര്‍ത്ഥിയ്ക്കും. ദൈവത്തിന് നന്ദി പറയും. അടുത്ത ചിത്രം നന്നാകണം എന്ന് പ്രാര്‍ത്ഥിയ്ക്കും. എല്ലാം നല്ലതായി പോകുന്നത് അതുകൊണ്ടാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.


ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന സിനിമ?
എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന 'ആക്ഷന്‍ ഹീറോ ബിജു' എന്ന ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഒരു സബ് ഇന്‍സ്‌പെക്ടറായിട്ടാണ് ഞാന്‍ അഭിനയിക്കുന്നത്. ടെക്‌നിക്കള്‍ സൈഡിന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രമാണ്. ഞാന്‍ ആദ്യമായി നിര്‍മിക്കുന്ന ചിത്രവും. ഒരു തമിഴ് സിനിമ പരിഗണനയിലുണ്ട്.


ഡ്രീം റോള്‍?
ഇതിനു മുമ്പും ഞാന്‍ പറഞ്ഞിട്ടുള്ളതാണ്, എനിക്കൊരു മുഴുനീള വില്ലന്‍ വേഷം ചെയ്യണം എന്ന്. ടാ തടിയ എന്ന ചിത്രത്തില്‍ വില്ലന്‍ ഷെയ്ഡുള്ള കഥാപാത്രമായിരുന്നു. എന്നാല്‍ അത് പൂര്‍ണമായിരുന്നില്ല. കുറച്ച് ഹീറോയിസം ഉള്ള ഒരു മുഴുനീള വില്ലന്‍ വേഷം ചെയ്യാനാണ് എനിക്കിപ്പോള്‍ ഇഷ്ടം.

  • ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക് ഇന്ത്യയില്‍ പുതിയ നിയന്ത്രണങ്ങള്‍
  • കത്തോലിക്കാ സമൂഹത്തില്‍ സഹോദര സ്നേഹം കുറഞ്ഞു , സ്വാര്‍ത്ഥത വളര്‍ന്നു- ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് വലിയമറ്റം
  • പൊറിഞ്ചു ഞാനായതിന്റെ പേരില്‍ അഭിനയിക്കാതിരുന്നവരുമുണ്ട്- ജോജു ജോര്‍ജ്
  • റോയല്‍ ഗെറ്റപ്പില്‍ ഭാവന !
  • ഗ്ലാമര്‍ ലുക്കില്‍ മാത്രം പ്രത്യക്ഷപ്പെട്ട കസ്തൂരിയുടെ പുതിയ വേഷം കണ്ട് ആരാധകര്‍ ഞെട്ടി !
  • സഹിക്കാവുന്നതിനപ്പുറം സഹിച്ചു; പൊട്ടിത്തെറിച്ച് റിമിടോമിയുടെ ഭര്‍ത്താവ്
  • വീട് ജപ്തി ചെയ്തിട്ടില്ല, വാര്‍ത്തകള്‍ മാനസിക സംഘര്‍ഷമുണ്ടാക്കുന്നു- ശാലു മേനോന്‍
  • ജയിലില്‍ ആരെങ്കിലും സന്ദര്‍ശിക്കാന്‍ എത്തിയിരുന്നെങ്കിലെന്ന് കൊതിച്ചിട്ടുണ്ട്- അറ്റ്‌ലസ് രാമചന്ദ്രന്‍
  • രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല- കെ എം മാണി
  • ലിപ്‌ലോക്ക് അഭിനയിച്ചാല്‍ അച്ഛനും അമ്മയും എന്തു പറയും എന്നു ചിന്തിച്ചിരുന്നു- ഐശ്വര്യ ലക്ഷ്മി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions