ഇന്റര്‍വ്യൂ

സാധാരണ മനുഷ്യനുണ്ടാകുന്ന കുറ്റവും കുറവും ഒക്കെയേ എനിക്കുമുള്ളു- തിരുവഞ്ചൂര്‍

അടുത്തിടെ സോഷ്യല്‍ മീഡിയ വഴി ഏറ്റവും കൂടുതല്‍ പരിഹാസം നേരിട്ട രാഷ്ട്രീയ നേതാവാണ്‌ സിനിമാ മന്ത്രിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഇത്തവണത്തെ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപന വേദി മുതല്‍ അവാര്‍ഡ് വിതരണ വേദി വരെ അത് നീണ്ടു. തനിക്കെതിരെയുള്ള ആക്ഷേപ ശരങ്ങളോട് അനിഷ്ടം ഉണ്ടെങ്കിലും അതിനെതിരെ പ്രതികരിക്കാന്‍ തിരുവഞ്ചൂര്‍ മിനക്കെടാറില്ല.

"സത്യത്തില്‍ ഒരാളുടെ ഭാഷവരുന്നത് പശ്ചാത്തലത്തില്‍ നിന്നാണ്. 16 കിലോമീറ്റര്‍ ദൂരം നടന്ന് സ്കൂളില്‍ പഠിച്ചവനാണു ഞാന്‍. ഉച്ചഭക്ഷണം പലപ്പോഴും കഴിച്ചിട്ടില്ല. സാധാരണക്കാരനായ ഞാന്‍ പിന്നീട് പൊതുപ്രവര്‍ത്തനത്തില്‍ എത്തുമ്പോഴും യാത്ര കഠിന യാഥാര്‍ഥ്യങ്ങളിലൂടെയായിരുന്നു. എനിക്കെതിരെ ഒളിഞ്ഞിരുന്നുള്ള ഇൗ അപമാനിക്കലിനും ആക്രമണത്തിനുമൊക്കെ ഒരു ചിരി മാത്രമാണ് എന്റെ മറുപടി."- തിരുവഞ്ചൂര്‍ പറയുന്നു.

നസ്രിയ, നുസ്രിയ വിഷയം

സിനിമാ അവാര്‍ഡ് പ്രഖ്യാപനത്തിനു മൂന്നു മണിക്കാണു തിരുവനന്തപുരത്ത് പത്രസമ്മേളനം തീരുമാനിച്ചത്. യോഗങ്ങള്‍ കഴിഞ്ഞ് 2.45നാണ് എത്തിയത്. അപ്പോഴും പ്രഖ്യാപിക്കേണ്ട പേരുകളുടെ ഒറിജിനല്‍ പട്ടിക വന്നിരുന്നില്ല. പത്രസമ്മേളനത്തിനു രണ്ടു മിനിറ്റു മുന്‍പാണു കിട്ടിയത്. ഏതോ പുതിയ ഫോണ്ടിലായിരുന്നു അക്ഷരങ്ങള്‍. നുസ്റിയ എന്നാണ് എനിക്കു കിട്ടിയ പേപ്പറില്‍ എഴുതിയിരുന്നത്. സംശയം തോന്നി അതിന്റെ അടിയില്‍ വരയ്ക്കുകയും ചെയ്തു. സമയം അതിക്രമിച്ചിരുന്നു. പക്ഷേ, അക്കാര്യത്തില്‍ ആരെയും കുറ്റപ്പെടുത്തുന്നില്ല.

കണ്ണുണ്ണി എന്ന കണ്ണിലുണ്ണി

കോട്ടയത്തു സിനിമാ അവാര്‍ഡ് വേദിയില്‍ മോഹന്‍ലാലിനെക്കുറിച്ചു പറയുമ്പോള്‍ കണ്ണിലുണ്ണി എന്നു പറഞ്ഞതു കണ്ണുണ്ണി എന്നു പിശകി. അപ്പോള്‍ തന്നെ തിരുത്തുകയും ചെയ്തു. മോഹന്‍ലാലിനോടുള്ള അടുപ്പവും സ്നേഹവും കൊണ്ടു മനസ്സില്‍നിന്നു പറഞ്ഞതാണത്. ഞാനൊരു സാധാരണമനുഷ്യനല്ലേ. ചിലപ്പോള്‍ വികാരപരമായി പ്രസംഗിക്കേണ്ടി വരും. ചിലപ്പോള്‍ ഫലിതമായിരിക്കും ചിലപ്പോള്‍ രൂക്ഷപ്രതികരണമാവാം. ഇതൊക്കെ പറയുമ്പോള്‍ ആരോഹണ അവരോഹണത്തില്‍ വരുന്ന കുറവല്ലേ ഇൗ കുറ്റമായി പറയുന്നത്. അതു സത്യസന്ധമായി ചൂണ്ടിക്കാട്ടിയാല്‍ തിരുത്താം.

കോട്ടയം നസീറിന്റെ പരിപാടി

തിരുവനന്തപുരത്ത് 250 പേര്‍ക്കു മാത്രം ഇരിക്കാവുന്ന ഹാളില്‍നിന്നു കോട്ടയത്ത് പതിനായിരങ്ങള്‍ക്ക് ആസ്വദിക്കാവുന്ന പൊതുവേദിയിലേക്കു ഞാന്‍ സിനിമാ അവാര്‍ഡ്നിശ കൊണ്ടുവന്നു. ഞാന്‍കൂടി ഇരുന്ന സമ്മേളനത്തില്‍ എന്നെ അവഹേളിച്ചും അപമാനിച്ചും തമാശയെന്ന മട്ടില്‍ കാണിച്ച അധിക്ഷേപത്തിന് ഒരു കയ്യടിപോലുമുണ്ടായില്ലല്ലോ? എന്നെ അറിയാവുന്ന പാവങ്ങള്‍ എനിക്കുതന്ന സര്‍ട്ടിഫിക്കറ്റാണു നിശ്ശബ്ദമായി പ്രതിഷേധിച്ച ആ സദസ്സ്. പലരും പറഞ്ഞു പ്രതികരിക്കണമെന്നൊക്കെ. പൊതുപ്രവര്‍ത്തനത്തില്‍ അങ്ങനെ പ്രതികരിക്കാന്‍ പാടില്ലെന്നാണ് എന്റെ ചിന്ത.

സാമൂഹ മാധ്യമങ്ങളില്‍ വരുന്നതു കാണാറുണ്ടോ ?

ഞാനിടപെടുന്നത് സാധാരണക്കാരുടെ കാര്യങ്ങളിലാണ്. പാലവും റോഡും വെള്ളവുമൊക്കെ തേടിയാണ് എന്നെക്കാണാന്‍ പാവങ്ങള്‍ വരുന്നത്. സോഷ്യല്‍ മീഡിയ നോക്കിയിരുന്നാല്‍ അവരുടെ പ്രശ്നങ്ങളിലേക്കിറങ്ങാന്‍ പറ്റില്ല. സഹപ്രവര്‍ത്തകര്‍ ചിലതു കൊണ്ടുവന്നു കാണിക്കും. യാഥാര്‍ഥ്യത്തില്‍നിന്നു വളരെ അകന്ന് മനഃപൂര്‍വം അധിഷേപിക്കുന്നവയാണെന്നു തോന്നുമ്പോള്‍ സഹതാപം തോന്നും.

മന്ത്രിക്ക് എത്ര ലൈക്ക്?

ഞാന്‍ റവന്യു മന്ത്രിയായിരുന്നപ്പോഴാണ് ഭൂരഹിതകേരളം എന്ന ആശയം കൊണ്ടുവന്നത്. ഏറ്റവും പ്രശ്നങ്ങള്‍ ഉള്ള സമയത്ത് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്തു. ടിപി വധക്കേസില്‍ സിപിഎമ്മുമായി ആഭ്യന്തരവകുപ്പ് നേര്‍ക്കുനേര്‍നിന്നു. ഒരു ലക്ഷത്തില്‍പ്പരം ആളുകള്‍ സെക്രട്ടേറിയറ്റ് ഉപരോധിച്ചു. ഒരുപ്രശ്നവുമില്ലാതെ അവസാനിച്ചില്ലേ... ഗതാഗതവകുപ്പിന്റെ ചുമതല വഹിക്കുന്നു. കെഎസ്ആര്‍ടിസിക്ക് പ്രതിവര്‍ഷം 360 കോടി പലിശയിനത്തില്‍ ലാഭമുണ്ടാക്കുന്ന തീരുമാനമെടുത്തു. രാജ്യാന്തര ചലച്ചിത്രമേള ഏറ്റവും ഭംഗിയായി നടത്തിയതിനു പ്രതിപക്ഷനേതാവ് വിഎസ് പോലും അഭിനന്ദിച്ചു. ഒരു സോഷ്യല്‍ മീഡിയക്കാരും ലൈക്ക് തന്നില്ല.

വിമര്‍ശകരോട് പറയാനുള്ളത്?

രാവിലെ മുതല്‍ കിടന്നുറങ്ങുന്നയാളിനെ ആരെങ്കിലും വിമര്‍ശിക്കുമോ? സാധാരണമനുഷ്യനുണ്ടാകുന്ന കുറ്റവും കുറവും ഒക്കെയേ എനിക്കുമുള്ളു. പിന്നെ ജനാധിപത്യമല്ലേ. നമ്മളുടെപരിധി നിശ്ചയിക്കേണ്ടതു നമ്മുടെ സംസ്കാരമാണ്. വിമര്‍ശിക്കുന്നവരുടെ സംസ്കാരം അവരുടെ പരിധി നിശ്ചയിക്കട്ടെ...ഒരുകാര്യമേ പറയാനുള്ളൂ; നിങ്ങള്‍ കണ്ണാടി സ്വന്തം മുഖത്തേക്ക് തിരിച്ചുപിടിക്കുക.

(കടപ്പാട്- മനോരമ)

  • ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക് ഇന്ത്യയില്‍ പുതിയ നിയന്ത്രണങ്ങള്‍
  • കത്തോലിക്കാ സമൂഹത്തില്‍ സഹോദര സ്നേഹം കുറഞ്ഞു , സ്വാര്‍ത്ഥത വളര്‍ന്നു- ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് വലിയമറ്റം
  • പൊറിഞ്ചു ഞാനായതിന്റെ പേരില്‍ അഭിനയിക്കാതിരുന്നവരുമുണ്ട്- ജോജു ജോര്‍ജ്
  • റോയല്‍ ഗെറ്റപ്പില്‍ ഭാവന !
  • ഗ്ലാമര്‍ ലുക്കില്‍ മാത്രം പ്രത്യക്ഷപ്പെട്ട കസ്തൂരിയുടെ പുതിയ വേഷം കണ്ട് ആരാധകര്‍ ഞെട്ടി !
  • സഹിക്കാവുന്നതിനപ്പുറം സഹിച്ചു; പൊട്ടിത്തെറിച്ച് റിമിടോമിയുടെ ഭര്‍ത്താവ്
  • വീട് ജപ്തി ചെയ്തിട്ടില്ല, വാര്‍ത്തകള്‍ മാനസിക സംഘര്‍ഷമുണ്ടാക്കുന്നു- ശാലു മേനോന്‍
  • ജയിലില്‍ ആരെങ്കിലും സന്ദര്‍ശിക്കാന്‍ എത്തിയിരുന്നെങ്കിലെന്ന് കൊതിച്ചിട്ടുണ്ട്- അറ്റ്‌ലസ് രാമചന്ദ്രന്‍
  • രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല- കെ എം മാണി
  • ലിപ്‌ലോക്ക് അഭിനയിച്ചാല്‍ അച്ഛനും അമ്മയും എന്തു പറയും എന്നു ചിന്തിച്ചിരുന്നു- ഐശ്വര്യ ലക്ഷ്മി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions