ഇന്റര്‍വ്യൂ

സിനിമയില്‍ എനിക്ക്‌ ശത്രുക്കളില്ല- മണിയന്‍പിള്ള രാജു

തീയറ്ററില്‍ തരംഗം സൃഷ്‌ടിച്ച്‌ സൂപ്പര്‍ഹിറ്റിലേക്ക്‌ കുതിക്കുകയാണ് മണിയന്‍പിള്ള രാജു നിര്‍മ്മിച്ച 'പാവാട'. പേര്‌ കേട്ടപ്പോഴേ ഞാന്‍ തീരുമാനിച്ചതാ, സിനിമ തകര്‍ത്തുവാരുമെന്ന്‌. അതുപോലെ തന്നെ സംഭവിച്ചു. കേരളം മുഴുവന്‍ പാവാടയെ ഏറ്റെടുത്തുകഴിഞ്ഞു- മണിയന്‍പിള്ള രാജു പറഞ്ഞു.


എങ്ങനെയാണ്‌ 'പാവാട'യിലേക്ക്‌ എത്തിയത്‌?
'സംസാരം ആരോഗ്യത്തിന്‌ ഹാനികരം' എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ്‌ തിരക്കഥാകൃത്ത്‌ ബിപിന്‍ചന്ദ്രനെ പരിചയപ്പെടുന്നത്‌. മനോഹരമായ ഡയലോഗുകളായിരുന്നു ആ സിനിമയില്‍. ബെസ്‌റ്റ് ആക്‌ടര്‍ എന്ന സിനിമയുടെ സംഭാഷണമെഴുതിയ ആളാണ്‌ ബിപിന്‍. പൃഥ്വിരാജിനെ വച്ച്‌ ഒരു സിനിമ നിര്‍മ്മിക്കണമെന്ന്‌ ആലോചിച്ച സമയമായിരുന്നു അത്‌. ഇക്കാര്യം സൂചിപ്പിച്ചപ്പോള്‍ ബിപിന്‍ പറഞ്ഞു-എന്റടുത്ത്‌ ഒരു കഥയുണ്ട്‌. പേര്‌ പാവാട. ''ഉഗ്രന്‍ പേരാണത്‌. ആ പേരില്‍ ഇതുവരെ ഒരു സിനിമ ഇറങ്ങിയിട്ടില്ല.'
ഞാന്‍ പറഞ്ഞു. ബിപിന്‍ പറഞ്ഞ കഥ ക്ഷമയോടെ കേട്ടു. സിനിമയ്‌ക്കുള്ളിലെ സിനിമയായതിനാല്‍ എനിക്കിഷ്‌ടപ്പെട്ടില്ല. എങ്കില്‍ നാളെ മറ്റൊരു കഥ പറയാമെന്നായി ബിപിന്‍. പക്ഷേ എനിക്കതിനോട്‌ യോജിപ്പുണ്ടായില്ല. ഈ കഥ തന്നെ മാറ്റിയെടുക്കാമെന്ന്‌ പറഞ്ഞെങ്കിലും ബിപിന്‌ താല്‍പ്പര്യമില്ല.
''നാളെത്തന്നെ പാവാടയെന്ന പേര്‌ ഞാന്‍ റജിസ്‌റ്റര്‍ ചെയ്യും. ബിപിന്‍ എഴുതിയില്ലെങ്കില്‍ മറ്റൊരാളെക്കൊണ്ട്‌ എഴുതിക്കും.''
എങ്കില്‍ പത്തുദിവസം തരണമെന്നായി ബിപിന്‍. പത്തുദിവസം കഴിഞ്ഞപ്പോള്‍ അവനൊരു കഥ പറഞ്ഞു.
മനോഹരമായ കഥ. അതാണ്‌ 'പാവാട'യായി മാറിയത്‌. തിരുവനന്തപുരം ടാജ്‌ ഹോട്ടലില്‍വച്ച്‌ പൃഥ്വീരാജിനെ കണ്ടു. പാവാടയെന്ന പേര്‌ പറഞ്ഞപ്പോള്‍ രാജു പറഞ്ഞു-ഇന്ററസ്‌റ്റിംഗ്‌ പേരാണല്ലോ. തിരക്കഥ വായിച്ചു കേട്ടപ്പോള്‍ കെട്ടിപ്പിടിച്ച്‌ വാക്കുതന്നു. എവിടെയെത്തിയാലും ഈ പേരു പറയുമ്പോഴാണ്‌ കൗതുകം. അത്‌ തിയറ്ററിലും പ്രതിഫലിച്ചു.


'അച്‌ഛാദിന്‍' എന്ന പരാജയപ്പെട്ട സിനിമ ചെയ്‌ത സംവിധായകനെ 'പാവാട' ഏല്‍പ്പിക്കുമ്പോള്‍ പലരും പിന്തിരിപ്പിച്ചെന്നു കേട്ടു?

നിസാര്‍ സംവിധാനം ചെയ്‌ത ഒരു സീരിയലിന്റെ ലൊക്കേഷന്‍. ഓരോ സീനും കൃത്യസമയത്ത്‌ തീര്‍ക്കാന്‍ ഓടിനടക്കുന്ന അസോസിയേറ്റ്‌ ഡയറക്‌ടറെ കണ്ടപ്പോള്‍ ഞാന്‍ പേരുചോദിച്ചു. മാര്‍ത്താണ്ഡന്‍.
ആത്മാര്‍ഥമായി വര്‍ക്ക്‌ ചെയ്യുന്ന അയാളില്‍ നല്ലൊരു സംവിധായകനുണ്ടെന്ന്‌ അന്നേ തോന്നിയിരുന്നു. 'ഛോട്ടാമുംബൈ' എന്ന സിനിമ നിര്‍മ്മിക്കുന്ന സമയത്ത്‌ സംവിധായകന്‍ അന്‍വര്‍ റഷീദിനോട്‌ ഞാന്‍ പറഞ്ഞു-നല്ലൊരു അസോസിയേറ്റിനെ ഞാന്‍ സജസ്‌റ്റ് ചെയ്യാം.
അങ്ങനെയാണ്‌ മാര്‍ത്താണ്ഡന്‍ സിനിമയിലെത്തുന്നത്‌. പിന്നീടയാള്‍ നാല്‍പ്പതിലധികം സിനിമകളില്‍ അസോസിയേറ്റായി വര്‍ക്ക്‌ ചെയ്‌തു. ഇടയ്‌ക്ക് കണ്ടപ്പോള്‍ ഞാന്‍ പറഞ്ഞു-മാര്‍ത്താണ്ഡന്‍ സ്വതന്ത്ര സംവിധായകനായാല്‍ ആദ്യം ചെയ്യുന്ന പടം ഞാന്‍ നിര്‍മ്മിക്കാം. അവന്‍ സമ്മതിച്ചു.
പക്ഷേ യാദൃച്‌ഛികമായി അയാള്‍ക്ക്‌ മമ്മൂട്ടിയുടെ ഡേറ്റ്‌ കിട്ടി. അതില്‍ ആകൃഷ്‌ടനായി 'ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്‌' ചെയ്‌തു. അത്‌ വിജയമായപ്പോള്‍ അടുത്ത പടവും മമ്മൂട്ടിയെ വച്ച്‌ ചെയ്യാന്‍ ആലോചിച്ചു. പെട്ടെന്ന്‌ ചെയ്യേണ്ടെന്ന്‌ പറഞ്ഞെങ്കിലും അയാള്‍ കേട്ടില്ല. പടം പൊട്ടി. പക്ഷേ അതൊന്നും എന്നെ ബാധിച്ചില്ല.
'പാവാട' മാര്‍ത്താണ്ഡനാണ്‌ ചെയ്യുന്നതെന്ന്‌ അറിഞ്ഞപ്പോള്‍ ഫീല്‍ഡിലുള്ള പലരും വിളിച്ചുചോദിച്ചു-പൊട്ടിയ സിനിമയുടെ സംവിധായകനെ വച്ച്‌ ചെയ്യിക്കണോ? അവരോടൊക്കെ എനിക്ക്‌ ഒരു ഉത്തരമേയുള്ളൂ. മാര്‍ത്താണ്ഡന്‌ ഞാന്‍ കൊടുത്ത വാക്കാണത്‌. അതെനിക്ക്‌ പാലിച്ചേ പറ്റൂ. എനിക്കറിയാമായിരുന്നു, മാര്‍ത്താണ്ഡന്‌ ഈ സിനിമ പുനര്‍ജന്മം നല്‍കുമെന്ന്‌.


എന്തുകൊണ്ട്‌ പൃഥ്വീരാജ്‌?
രാജുവിന്റെ (പൃഥ്വീരാജ്‌) കുടുംബവുമായി പണ്ടേയെനിക്ക്‌ ബന്ധമുണ്ട്‌. ഞാനും രാജുവിന്റെ അമ്മ മല്ലികയും തിരുവനന്തപുരം മോഡല്‍ സ്‌കൂളില്‍ നാലാംക്ലാസ്‌ വരെ ഒന്നിച്ചുപഠിച്ചതാണ്‌.ബ്ലാക്ക്‌ ബട്ടര്‍ഫ്‌ളൈ എന്ന സിനിമ കഴിഞ്ഞതിനുശേഷം രാജുവിനെവച്ച്‌ ഒരുസിനിമ ചെയ്യാന്‍ ആഗ്രഹിച്ചിരുന്നു. പാവാടയിലെ പാമ്പ്‌ ജോയ്‌ എന്ന കഥാപാത്രത്തെക്കുറിച്ച്‌ കേട്ടപ്പോള്‍ത്തന്നെ മനസ്സിലേക്കു വന്നത്‌ രാജുവിന്റെ രൂപമാണ്‌. അത്‌ ശരിയാണെന്ന്‌ ഈ വിജയം തെളിയിക്കുന്നു.


മണിയന്‍പിള്ളയുടെ സെറ്റിലാണെങ്കില്‍ നല്ല ഭക്ഷണമുണ്ടാകും എന്നൊരു സംസാരമുണ്ട്‌, മലയാളസിനിമയില്‍?

ഭക്ഷണത്തിന്റെ കാര്യത്തില്‍ ഞാന്‍ വളരെ സ്‌ട്രിക്‌ടാണ്‌. 1975 കാലഘട്ടത്തിലാണ്‌ സിനിമയിലെത്തുന്നത്‌. അക്കാലത്ത്‌ ഫുഡിന്റെ കാര്യത്തില്‍ വിവേചനമുണ്ടായിരുന്നു. മൂന്ന്‌ കാറ്റഗറിയിലാണ്‌ ലൊക്കേഷനില്‍ ഭക്ഷണം വിളമ്പുക.
നസീര്‍ സാറിനെപ്പോലുള്ള വലിയ താരങ്ങള്‍ക്ക്‌ ചിക്കനും മട്ടനും. ഞങ്ങളെപ്പോലുള്ളവര്‍ക്ക്‌ ബീഫ്‌. യൂണിറ്റിലുള്ളവര്‍ക്ക്‌ സാമ്പാറും തൈര്‌ സാദവും. ലൈറ്റ്‌ബോയ്‌സൊക്കെ കഴിക്കുന്നത്‌ കാണുമ്പോള്‍ എനിക്ക്‌ പലപ്പോഴും സങ്കടം തോന്നിയിട്ടുണ്ട്‌.
അതുകൊണ്ടാണ്‌ ഞാന്‍ നിര്‍മ്മാതാവായപ്പോള്‍, എല്ലാവര്‍ക്കും ഒരേ ഭക്ഷണം കൊടുക്കണമെന്നത്‌ നിര്‍ബന്ധം പിടിച്ചത്‌. 'പാവാട'യുടെ സെറ്റില്‍ത്തന്നെ പൃഥ്വീരാജ്‌ കഴിക്കുന്ന അതേ ഭക്ഷണമാണ്‌ ലൈറ്റ്‌ബോയ്‌സിനും കൊടുത്തത്‌.
മറ്റു ലൊക്കേഷനില്‍ നിന്ന്‌ വരുന്ന ലൈറ്റ്‌ബോയ്‌സ് പലപ്പോഴും പറയാറുണ്ട്‌-ചേട്ടന്റെ സെറ്റിലാണെങ്കില്‍ പതിനൊന്നുമണിക്ക്‌ ജ്യൂസൊക്കെ കിട്ടും. ചിലയിടത്തൊക്കെ കട്ടന്‍ചായ കിട്ടിയാല്‍ ഭാഗ്യം. ഇവരുടെയൊക്കെ പ്രാര്‍ഥന മാത്രം മതി, സിനിമ വിജയിക്കാന്‍.

പാവാടയുടെ ഷൂട്ട്‌ തുടങ്ങുന്ന ദിവസം പൃഥ്വീരാജ്‌ മെസിലെ പയ്യന്‍മാരോട്‌ പറഞ്ഞു-രാജുച്ചേട്ടന്റെ എല്ലാ പടത്തിലും ഫുഡിന്‌ നല്ല പേരാണ്‌. ഇതിനും ചീത്തപ്പേരുണ്ടാക്കരുത്‌. ഷൂട്ടിംഗ്‌ നടന്ന അമ്പത്തിയെട്ടു ദിവസവും വിഭവസമൃദ്ധമായ ഭക്ഷണമാണ്‌ നല്‍കിയത്‌.
പടം തീര്‍ന്നപ്പോള്‍ അഞ്ചുകിലോ കൂടിയെന്നാണ്‌ യൂണിറ്റിലെ പയ്യന്‍മാര്‍ പറഞ്ഞ കമന്റ്‌. ഞാന്‍ ഭക്ഷണം കഴിക്കുന്നത്‌ കണ്ടപ്പോള്‍ മമ്മുക്ക ഒരിക്കല്‍ പറഞ്ഞു.
''നിന്റെയൊന്നും ചെറുപ്പകാലത്തോ കഴിക്കാന്‍ പറ്റിയില്ല. ഇപ്പോഴെങ്കിലും നന്നായി കഴിക്ക്‌.''
അദ്ദേഹം പറഞ്ഞത്‌ ശരിയാണ്‌. അഭിനയത്തിന്റെ തുടക്കകാലത്ത്‌ മദ്രാസിലെ ഉമാ ലോഡ്‌ജിലായിരുന്നു താമസം. അന്ന്‌ സിനിമയില്‍ നിന്ന്‌ കിട്ടുന്ന പണം വാടക കൊടുക്കാന്‍ പോലും തികയില്ല. വീട്ടില്‍നിന്ന്‌ വരുന്ന മണിയോര്‍ഡറും കാത്തിരിക്കും.
ഹോട്ടലില്‍ കിട്ടുന്ന ഏറ്റവും വില കുറഞ്ഞ ആഹാരം ഇഡ്‌ഡലിയാണ്‌. പത്തുപൈസയ്‌ക്ക് ഒരിഡ്‌ഡലി കിട്ടും. അതിനാല്‍ രാവിലെയും ഉച്ചയ്‌ക്കും രാത്രിയും ഇഡ്‌ഡലിയാണ്‌ ഭക്ഷണം. ഇപ്പോഴും ചില വീടുകളില്‍ ചെല്ലുമ്പോള്‍ ഇഡ്‌ഡലിയാണ്‌ ആഹാരമെങ്കില്‍ കഴിക്കില്ല.
അതെന്താ ഇഡ്‌ഡലി കഴിക്കില്ലേ എന്നവര്‍ ചോദിക്കുമ്പോള്‍, ഈ ജന്മത്തിലെ ഇഡ്‌ഡലിയുടെ ക്വാട്ടയൊക്കെ മദ്രാസില്‍ വച്ചു തീര്‍ത്തു എന്നായിരിക്കും മറുപടി. ഏതുവീട്ടില്‍ ചെന്ന്‌ എന്ത്‌ കഴിച്ചാലും അപ്പോള്‍ത്തന്നെ സത്യസന്ധമായി അഭിപ്രായം പറയുന്നതാണ്‌ എന്റെ രീതി.
ഒരിക്കല്‍ അടുത്ത സുഹൃത്തിന്റെ വീട്ടില്‍ പോയി ഞാനും ഭാര്യയും ഭക്ഷണം കഴിച്ചു. പോകാന്‍നേരം സുഹൃത്തിന്റെ ഭാര്യ ചോദിച്ചു-എങ്ങനെയുണ്ടായിരുന്നു ഭക്ഷണം?
''സാമ്പാര്‍ നന്നായിരുന്നു. പക്ഷേ ഉപ്പിട്ടിട്ടില്ല.''
പെട്ടെന്നുള്ള മറുപടി കേട്ടപ്പോള്‍ അവരൊന്നു ചൂളി. എന്റെ ഭാര്യയുടെ മുഖവും വല്ലാതായി. പുറത്തിറങ്ങിയപ്പോള്‍ ഭാര്യ ദേഷ്യപ്പെട്ടു.
''മറ്റുള്ളവരുടെ വീട്ടില്‍ പോയി ഈ രീതിയില്‍ അഭിപ്രായം പറയരുത്‌.''
ഞാന്‍ സമ്മതിച്ചില്ല. എന്നോട്‌ ചോദിച്ചതുകൊണ്ടാണ്‌ ഞാന്‍ പറഞ്ഞത്‌. അത്‌ സത്യസന്ധമാണ്‌. ഇനി സാമ്പാറുണ്ടാക്കുമ്പോള്‍ ഉപ്പിടാന്‍ അവര്‍ ശ്രദ്ധിക്കും. ലൊക്കേഷനില്‍ ഭക്ഷണം കൊണ്ടുവരുമ്പോള്‍ മോശമാണെങ്കില്‍ അപ്പോള്‍ത്തന്നെ പറയുന്നതാണ്‌ എന്റെ ശീലം.
ഞാന്‍ നിര്‍മ്മിക്കുന്ന സിനിമയാണെങ്കില്‍ ആദ്യം ചെല്ലുന്നത്‌ മെസ്സിലേക്കാണ്‌. പാത്രം വൃത്തിയായി കഴുകുന്നുണ്ടോ വൃത്തിയുണ്ടോ എന്നൊക്കെ നോക്കും. എന്റെ സെറ്റില്‍ പച്ചക്കറിയും അരിയും മീനുമൊക്കെ കഴുകുന്നത്‌ മിനറല്‍ വാട്ടര്‍ ഉപയോഗിച്ചാണ്‌.
ലൊക്കേഷനിലെ ഏതെങ്കിലും കിണറില്‍ നിന്ന്‌ വെളളമെടുത്ത്‌ ഭക്ഷണമുണ്ടാക്കി വയറിളക്കം വന്നാല്‍ ഷൂട്ടിംഗ്‌ മുടങ്ങും. ഒരു ദിവസം ഷൂട്ടിംഗ്‌ മുടങ്ങിയാല്‍ മിനിമം മൂന്നുലക്ഷം രൂപയെങ്കിലും നഷ്‌ടംവരും. അതൊഴിവാക്കാന്‍ പത്തോ ഇരുപതോ പെട്ടി മിനറല്‍വാട്ടര്‍ വാങ്ങിക്കുന്നതല്ലേ നല്ലത്‌?


എങ്ങനെ നിര്‍മ്മാതാവായി?
സിനിമയിലെത്തിയപ്പോള്‍ നല്ലൊരു സൗഹൃദക്കൂട്ടം എനിക്കുണ്ടായിരുന്നു. മോഹന്‍ലാല്‍, പ്രിയദര്‍ശന്‍, ശ്രീനിവാസന്‍, ശങ്കര്‍ എന്നിവര്‍. മിക്കപ്പോഴും ഞങ്ങള്‍ കണ്ടുമുട്ടും. ഒരു ദിവസം ശ്രീനിവാസന്‍ രസകരമായ ഒരു കഥ പറഞ്ഞു. എങ്കില്‍ നമുക്കുതന്നെ നിര്‍മ്മിച്ചാലോ എന്നായി ആലോചന.
അങ്ങനെയാണ്‌ ഞങ്ങള്‍ അഞ്ചുപേരും ചേര്‍ന്ന്‌ സിനിമ നിര്‍മ്മിച്ചത്‌. 'ഹലോ മൈഡിയര്‍ റോങ്‌ നമ്പര്‍'. എല്ലാവരും 25,000 രൂപ വീതം ഷെയറിട്ടു. ബാക്കി ഗാന്ധിമതി ബാലനില്‍ നിന്നും വാങ്ങിച്ചു. പ്രിയനായിരുന്നു സംവിധാനം.
തിരക്കഥ ശ്രീനിവാസന്‍. പ്രിയനൊഴികെ എല്ലാവരും അതില്‍ അഭിനയിക്കുകയും ചെയ്‌തു. ആരും പേയ്‌മെന്റ്‌ വാങ്ങിയില്ല. സിനിമ സാമ്പത്തികമായി വിജയിച്ചില്ല. പത്തുവര്‍ഷം കഴിഞ്ഞപ്പോള്‍ സാറ്റലൈറ്റ്‌ വിഹിതമായി ഞങ്ങള്‍ക്കോരോരുത്തര്‍ക്കും അമ്പതിനായിരം വീതം കിട്ടി.
അതു കഴിഞ്ഞ്‌ മൂന്നുവര്‍ഷം കഴിഞ്ഞാണ്‌ സ്വന്തമായി സിനിമ നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്‌. പ്രിയനോടും ശ്രീനിയോടും കാര്യം പറഞ്ഞു. കഥയാലോചിക്കാന്‍ അവരെ മാലിദ്വീപിലേക്ക്‌ കൊണ്ടുപോയി. ദ്വീപില്‍ കറങ്ങിത്തിരിഞ്ഞ്‌ മൂന്നാംദിവസം ശ്രീനി പറഞ്ഞു.
''കഥയുള്ളത്‌ മലയാളക്കരയില്‍ത്തന്നെയാണ്‌. നമുക്ക്‌ നാളെത്തന്നെ നാട്ടിലേക്ക്‌ തിരിച്ചുപോകാം.''
അങ്ങനെ നാട്ടിലെത്തി ശ്രീനിയൊരു കഥയെഴുതി. അതാണ്‌ വെള്ളാനകളുടെ നാട്‌. സരസ്വതി ചൈതന്യ എന്ന പേരില്‍ ഞാനത്‌ നിര്‍മ്മിച്ചു.
അമ്മയുടെ പേരാണ്‌ സരസ്വതി. ആ സിനിമ സൂപ്പര്‍ഹിറ്റായി. രണ്ടുവര്‍ഷം കഴിഞ്ഞപ്പോഴാണ്‌ വീണ്ടുമൊരു സിനിമ നിര്‍മ്മിക്കണമെന്ന ആഗ്രഹമുണ്ടായത്‌.
പ്രിയനോട്‌ പറയാമെന്ന്‌ കരുതിയപ്പോള്‍ ലാല്‍ പറഞ്ഞു-ഇത്തവണ വേണുനാഗവള്ളിയുടെ പടം ചെയ്യ്‌. വേണുവൊരു കഥ പറഞ്ഞു. ഓട്ടോക്കാരുടെ കഥ. 'ഏയ്‌ ഓട്ടോ'യും സൂപ്പര്‍ഹിറ്റായി.
ഒരുവര്‍ഷം കഴിഞ്ഞ്‌ മമ്മൂട്ടിയെ വച്ച്‌ 'അനശ്വരം' ചെയ്‌തു. അതോടെ ഞാന്‍ കടക്കാരനായി. ആ പാഠം കൊണ്ട്‌ വര്‍ഷങ്ങളോളം സിനിമയെടുത്തില്ല. എട്ടുവര്‍ഷം കഴിഞ്ഞാണ്‌ 'കണ്ണെഴുതി പൊട്ടുംതൊട്ട്‌' എടുത്തത്‌. അതും ഒറ്റയ്‌ക്കല്ല. കുറച്ചുപേര്‍ ചേര്‍ന്ന്‌. പിന്നീട്‌ 'അനന്തഭദ്രവും ഛോട്ടാമുംബൈ'യും. അതിനുശേഷമാണ്‌ മണിയന്‍പിള്ളരാജു പ്രോഡക്ഷന്‍സുണ്ടാക്കി 'ഒരുനാള്‍ വരും' നിര്‍മ്മിച്ചത്‌. ശേഷം 'ബ്ലാക്ക്‌ ബട്ടര്‍ഫ്‌ളൈ'. ഏറ്റവുമൊടുവില്‍ 'പാവാട'യും.


ഗൃഹനാഥനായ മണിയന്‍പിള്ള രാജു ?
വീട്ടില്‍ ഫ്രണ്ട്‌ലിയാണ്‌. ഭാര്യ ഇന്ദിരയാണ്‌ എന്റെ കരുത്ത്‌. എന്റെ കാര്യത്തില്‍ ഭയങ്കര ശ്രദ്ധയാണവള്‍ക്ക്‌. അമൃത ടി.വിയില്‍ 'മലയാളി ദര്‍ബാര്‍' എന്ന ഷോയുടെ അവതാരകനാണ്‌ ഞാന്‍. ഷോയ്‌ക്ക് പോകുന്ന ദിവസം രാവിലെ ഒരു ബാഗ്‌ കാറിലെടുത്തുവയ്‌ക്കും.
അതില്‍ രാവിലെ പത്തുമണിക്ക്‌ കഴിക്കാനുള്ള ഫ്രൂട്ട്‌സ്. പതിനൊന്നിനുള്ള ജ്യൂസ്‌. വൈകിട്ട്‌ നാലിനുള്ള സ്‌നാക്‌സ് ഇവയൊക്കെ കാണും. ഒപ്പം ഉച്ചയ്‌ക്കുള്ള ബ്രേക്കിന്‌ കിടക്കാന്‍ ഒരു പില്ലോയും. സുഹൃത്തുക്കളെ വിളിക്കുമ്പോള്‍ അവള്‍ പറയും.
''ഇവിടെ രണ്ടല്ല, മൂന്നു കുഞ്ഞുങ്ങളാണ്‌. സ്‌കൂള്‍കുട്ടികളെ അയക്കുന്നതുപോലെ പില്ലോ വരെ കൊടുത്തുവിടണം.''
ഇതൊന്നും ഞാന്‍ പറഞ്ഞിട്ടല്ല, അവള്‍ സ്വയം ചെയ്യുന്നതാണ്‌. എനിക്ക്‌ നിങ്ങളുടെ വീട്ടിലെ അടുക്കള വരെ വരാനുള്ള സ്വാതന്ത്ര്യമുണ്ടെങ്കിലേ ഞാന്‍ അകത്തേക്ക്‌ കയറുകയുള്ളൂ. അല്ലെങ്കില്‍ മുറ്റത്തുവന്ന്‌ കാര്യം പറഞ്ഞിട്ട്‌ പോകും.
ലൊക്കേഷനിലെത്തിയാല്‍ ആരെയും കുറ്റം പറയാറില്ല. അഥവാ പറയുന്നുണ്ടെങ്കില്‍, ആ ആളുടെ മുമ്പില്‍വച്ചുതന്നെ പറയും. അതുകൊണ്ടുതന്നെ സിനിമയില്‍ എനിക്ക്‌ ശത്രുക്കളില്ല.
(കടപ്പാട്- മംഗളം)

  • ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക് ഇന്ത്യയില്‍ പുതിയ നിയന്ത്രണങ്ങള്‍
  • കത്തോലിക്കാ സമൂഹത്തില്‍ സഹോദര സ്നേഹം കുറഞ്ഞു , സ്വാര്‍ത്ഥത വളര്‍ന്നു- ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് വലിയമറ്റം
  • പൊറിഞ്ചു ഞാനായതിന്റെ പേരില്‍ അഭിനയിക്കാതിരുന്നവരുമുണ്ട്- ജോജു ജോര്‍ജ്
  • റോയല്‍ ഗെറ്റപ്പില്‍ ഭാവന !
  • ഗ്ലാമര്‍ ലുക്കില്‍ മാത്രം പ്രത്യക്ഷപ്പെട്ട കസ്തൂരിയുടെ പുതിയ വേഷം കണ്ട് ആരാധകര്‍ ഞെട്ടി !
  • സഹിക്കാവുന്നതിനപ്പുറം സഹിച്ചു; പൊട്ടിത്തെറിച്ച് റിമിടോമിയുടെ ഭര്‍ത്താവ്
  • വീട് ജപ്തി ചെയ്തിട്ടില്ല, വാര്‍ത്തകള്‍ മാനസിക സംഘര്‍ഷമുണ്ടാക്കുന്നു- ശാലു മേനോന്‍
  • ജയിലില്‍ ആരെങ്കിലും സന്ദര്‍ശിക്കാന്‍ എത്തിയിരുന്നെങ്കിലെന്ന് കൊതിച്ചിട്ടുണ്ട്- അറ്റ്‌ലസ് രാമചന്ദ്രന്‍
  • രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല- കെ എം മാണി
  • ലിപ്‌ലോക്ക് അഭിനയിച്ചാല്‍ അച്ഛനും അമ്മയും എന്തു പറയും എന്നു ചിന്തിച്ചിരുന്നു- ഐശ്വര്യ ലക്ഷ്മി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions