എന്നു നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലെ സംഗീത സംവിധാനത്തിന്സംസ്ഥാന ചലച്ചിത്ര പുരസ്കാര നിറവില്‍ നില്ക്കുന്ന രമേശ് നാരായണന്‍ ചിത്രത്തിലെ നായകനും സംവിധായകനും തന്നെ അപമാനിച്ച കാര്യം തുറന്നടിക്കുന്നു. തന്റെ പുരസ്കാരം പൃഥ്വിരാജിനുള്ള മറുപടിയാണെന്നാണ് രമേശ് നാരായണന്‍ പറഞ്ഞത്. എന്നു നിന്റെ മൊയ്തീന്റെ എക്സിക്യൂട്ടിവ് പ്രൊഡ്യൂസറും സംഗീത സംവിധായകനുമായിരുന്നിട്ടും നേരിടേണ്ടി വന്ന മോശം അനുഭവങ്ങളെ കുറിച്ച് അദ്ദേഹം സംസാരിക്കുന്നു.
രമേശ് നാരായണന്‍ ആറ് പാട്ടുകളാണ് ചിത്രത്തിനു വേണ്ടി ചെയ്തത്. അതില്‍ മൂന്നെണ്ണം മാത്രമാണ് പുറംലോകമറിഞ്ഞത്. ഒരെണ്ണം മാത്രമേ സിനിമയിലുണ്ടായിരുന്നുള്ളൂ. ഈ മഴതന്‍, ശാരദാംബരം, പ്രിയമുള്ളവനേ എന്നീ മൂന്ന് ഗാനങ്ങളായിരുന്നു നാം കേട്ടത്. പി ജയചന്ദ്രന് മികച്ച ഗായകനുള്ള ഈ വര്‍ഷത്തെ ചലച്ചിത്ര പുരസ്കാരം നേടിക്കൊടുത്തത് ശാരദാംബരം എന്ന പാട്ടുകൂടിയാണ്. രമേശ് നാരായണന്‍ മികച്ച സംഗീത സംവിധായകനുമായി.
എന്റെ പാട്ടുകള്‍ ഉള്‍പ്പെടുത്തിയത് നിര്‍മ്മാതാവിന്റെ പിടിവാശികൊണ്ട്
എന്നെക്കൊണ്ട് എന്നു നിന്റെ മൊയ്തീനില്‍ സംഗീത സംവിധാനം ചെയ്യിച്ചതും പാട്ടുകള്‍ സിനിമയില്‍ ഉള്‍പ്പെടുത്തിയതും പൃഥ്വിക്ക് ഇഷ്ടമായിരുന്നില്ല. എന്റെ പാട്ടുകള്‍ക്ക് അക്കാദമിക് നിലവാരും മാത്രമേയുള്ളുവെന്നായിരുന്നു പൃഥ്വിയുടെ വിലയിരുത്തല്‍. പാട്ടുകളെ സിനിമയില്‍ ഉള്‍പ്പെടുത്തേണ്ടെന്നായിരുന്നു പൃഥ്വിയുടെ തീരുമാനം. അതിന് ഞാന്‍ എതിരൊന്നും പറഞ്ഞില്ല. കാരണം ആര്‍ എസ് വിമല്‍ ആറ് വര്‍ഷമായി ചിത്രത്തിന്റെ പുറകേയാണ്. എന്റെ പാട്ടുകള്‍ കാരണം അത് മുടങ്ങാന്‍ പാടില്ലല്ലോ. ഈ വിവരം എന്നോട് വിമല്‍ പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു, നീ സിനിമ തുടങ്ങിക്കോളൂ. അദ്ദേഹം തീരുമാനിക്കുന്നയാളെക്കൊണ്ട് പാട്ട് ചെയ്യിച്ചോളൂ എന്ന്.
പിന്നീട് നിര്‍മ്മാതാവ് സുരേഷ് രാജ് കാരണമാണ് എന്റെ പാട്ടുകള്‍ സിനിമയില്‍ വന്നത്. ഞാന്‍ സംഗീതം ചെയ്യണമെന്ന് അദ്ദേഹം വാശിപിടിച്ചു. അദ്ദേഹം പൃഥ്വിരാജുമായി ഇതേപറ്റി സംസാരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു, ഈ പാട്ട് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയാല്‍ താന്‍ അഭിനയിക്കില്ല. ഇത് കേട്ടപ്പോള്‍ വിമലിന് ആകെ സങ്കടമായി. ആദ്യ ചിത്രം. അതിങ്ങനെ ഈ കാരണം കൊണ്ട് മുടങ്ങരുതല്ലോ. എന്റെ പാട്ട് ശ്രദ്ധിക്കേണ്ടെന്നു പറഞ്ഞ് മുന്നോട്ട് പൊയ്ക്കോളൂ, അദ്ദേഹം തീരുമാനിക്കുന്നയാളെ വച്ച് പാട്ട് ചെയ്തോളൂവെന്നായിരുന്നു വീണ്ടും എന്റെ മറുപടി. പൃഥ്വിരാജ് അപ്പോഴേക്കും ജയചന്ദ്രനെ വിളിച്ച് പറഞ്ഞ് കഴിഞ്ഞിരുന്നു. പക്ഷേ എന്നിട്ടും എന്റെ പാട്ടുകള്‍ ചിത്രത്തില്‍ വന്നു. അതിനു കാരണം, പ്രൊഡ്യൂസര്‍ മാത്രമാണ്.
ഇവരെ പോലെ മറ്റാരും എന്നെ അപമാനിച്ചിട്ടില്ല, ഇത് ഗതികേട്
പൃഥ്വി ഇങ്ങനെ പെരുമാറാനുള്ള കാരണം എന്തെന്ന് എനിക്കറിയില്ല. ആര്‍ എസ് വിമല്‍ എന്നോട് പറഞ്ഞത്, സ്റ്റ്യുഡിയോയില്‍ പാട്ട് കേള്‍ക്കാനെത്തിയപ്പോള്‍ ഞാന്‍ പൃഥ്വിയെ വേണ്ടവിധത്തില്‍ സ്വീകരിച്ചില്ല, ബഹുമാനിച്ചില്ല എന്നൊക്കെയാണ്. എന്താണതിലെ സത്യം എനിക്കറിയില്ല. പൃഥ്വിരാജ് ഇങ്ങനെ പറഞ്ഞിട്ടുണ്ടോയെന്ന് എനിക്കറിയില്ല. പക്ഷേ ഒരുകാര്യം എനിക്കുറപ്പിച്ച് പറയാനാകും, ഇത്രയും വര്‍ഷത്തെ എന്റെ അനുഭവത്തിനിടയില്‍ പൃഥ്വിയേയും വിമലിനേയും പോലെ എന്നെ മറ്റാരും അപമാനിച്ചിട്ടില്ല. ഇത് ആദ്യത്തെ അനുഭവമാണ്.
ഒരു സംവിധായകരോ അഭിനേതാക്കളോ എന്നോടിങ്ങനെ പെരുമാറിയിട്ടില്ല. എന്നിട്ടും ഞാന്‍ പൃഥ്വിക്ക് സന്ദേശം അയച്ചു, ഞാന്‍ പാട്ടുകള്‍ വേണമെങ്കില്‍ മാറ്റി ചെയ്യാെമന്ന് അതിനും അദ്ദേഹം മറുപടിയൊന്നും തന്നില്ല. പൃഥ്വി സിനിമയുടെ എല്ലാ കാര്യത്തിലും കൈകടത്തുന്ന ഒരാളാണ്. അദ്ദേഹം അങ്ങനെ ചെയ്തോട്ടെ. പക്ഷേ പാട്ടുകളുടെ കാര്യത്തില്‍ അങ്ങനല്ല. നല്ല സംഗീത സംവിധായകരും പാട്ടുകാരുമുണ്ടെങ്കിലേ സിനിമയില്‍ നല്ല ഗാനങ്ങളുണ്ടാകുകയുള്ളൂ.
പിന്നെ പൃഥ്വിക്ക് പാട്ടുകളുടെ കാര്യത്തില്‍ ഇടപെടാം. ഞാന്‍ അഭിനയിക്കണമെെങ്കില്‍ ഇന്നയാള്‍ സംഗീതം ചെയ്യണം എന്ന് അദ്ദേഹത്തിനു പറയാം. പാട്ടുകള്‍ എങ്ങനെ വേണമെന്നു പറയാം. പക്ഷേ ഇവിടെ അങ്ങനെയൊന്നുമല്ല സംഭവിച്ചത്, എന്റെ പാട്ടുകള്‍ കേട്ടിട്ട് പൂര്‍ണമായും അത് നിരാകരിച്ചു. ഒരു നിര്‍ദ്ദേശമോ ഒന്നുമുണ്ടായില്ല. എന്തിനാണ് അദ്ദേഹം ഇങ്ങനെ ചെയ്തതെന്ന് എനിക്കറിയില്ല. ഞാന്‍ ഇതിന്റെ എക്സിക്യൂട്ടിവ് പ്രൊഡ്യൂസറാണ്. എന്റെയും കൂടി ചിത്രമാണ്. എന്നിട്ടാണ് എനിക്കിങ്ങനെയൊരു അനുഭമുണ്ടായത്.
എല്ലാം ഒത്തുകളി
എന്നിട്ടും മൂന്ന് പാട്ടില്‍ നിന്ന് രണ്ടെണ്ണം ഒഴിവാക്കി. എനിക്കതില്‍ വിഷമമുണ്ടാകുമായിരുന്നില്ല. കാരണം നമ്മള്‍ ചെയ്യുന്ന എല്ലാ പാട്ടുകളും ചിത്രത്തില്‍ വരണമെന്നില്ല. അതൊക്കെ സംഭവിക്കുവാന്‍ സാധ്യതയുണ്ട്. പക്ഷേ ഇവിടെ മനപൂര്‍വ്വം ഒഴിവാക്കുകയാണുണ്ടായത്. ആര്‍ എസ് വിമലും പൃഥ്വിരാജും കൂടി ഒത്തുകളിച്ചാണ് ആ പാട്ടുകള്‍ ഒഴിവാക്കിയത്. എന്നിട്ടും ഞാന്‍ വിമലിനെ പിന്തുണച്ചിട്ടേയുള്ളൂ. കാരണം അദ്ദേഹത്തിന്റെ ഒരുപാട് വര്‍ഷത്തെ അധ്വാനമാണ് ഈ ചിത്രം എന്നെനിക്ക് ബോധ്യമുണ്ട്. എനിക്ക് പാട്ടുകള്‍ ചെയ്യാനായില്ലെങ്കിലും കുഴപ്പമില്ല എന്നെനിക്കുണ്ടായിരുന്നു.
വിമലിന് അങ്ങനയേ പറയാനാകൂ...
എന്റെ ആരോപണങ്ങള്‍ക്ക് മറുപടിയില്ലെന്നേ വിമലിന് പറയാനാകൂ. വേറൊരു മറുപടി അദ്ദേഹത്തിന് പറയാനുണ്ടാകില്ല. എല്ലാത്തിനും തെളിവുകളുണ്ട്. എന്റെ ആറ് പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്തിരുന്നുവെന്നും അത് കേള്‍ക്കുവാന്‍ പൃഥ്വി സ്റ്റ്യുഡിയോയില്‍ വന്നിരുന്നുവെന്നതിനുമെല്ലാം തെളിവുകളുണ്ട്. ഞാനെന്തിനാണ് കള്ളം പറയുന്നത്. എനിക്കതുകൊണ്ട് എന്ത് നേടാനാണ് സാധിക്കുക.
ഇപ്പോഴെങ്കിലും ജനങ്ങളിത് അറിയണം
എന്തിന് ഇത്രയും നാള്‍ എന്തിനാണ് എല്ലാം മറച്ചുവച്ചതെന്ന് നിങ്ങള്‍ക്ക് തോന്നാം. അതിനു കാരണം ഈ അവാര്‍ഡാണ്. ഇനിയെങ്കിലും ആളുകള്‍ എല്ലാം അറിയണം എന്നെനിക്ക് തോന്നി. ഈ പാട്ടുകളെല്ലാം എല്ലാവരും ഇഷ്ടപ്പെട്ട പാട്ടുകളാണ്. അതിന്റെ പിന്നിലെ ബുദ്ധിമുട്ടും പ്രശ്നങ്ങളും എല്ലാവരും അറിയണം.
ഞാനാരേയും ഭയക്കുന്നില്ല
ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞതുകൊണ്ട് എന്റെ സംഗീത ജീവിതത്തിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടാകുമെന്ന ഭയമെനിക്കില്ല. അതൊക്കെ വെറുതെയുള്ള വിശ്വാസങ്ങളാണ്. കാരണം ഞാന്‍ അത്രയേറെ ആത്മാര്‍ഥമായിട്ടാണ് പാട്ടിനെ സമീപിക്കുന്നത്. അതിനെ ആരാധിക്കുന്നത്. അതിന്റെ ഫലമുണ്ടാകും. ഇത്രയും സത്യസന്ധ്യമായ കലയെ സമീപിക്കുന്ന ഒരു കലാകാരനേയും, അത് ഏത് കലയിലായാലും ആര്‍ക്കും തടസപ്പെടുത്താനാകില്ല.
(കടപ്പാട്- മനോരമ)