മലയാള സിനിമയിലും ടെലിവിഷന്‍ രംഗത്തും നിറസാന്നിധ്യമായ ജഗദീഷ് തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലും. നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ പോരാളിയായി അദ്ദേഹം പത്തനാപുരത്ത് ഇറങ്ങുകയാണ്. സിനിമയിലെ തന്റെ സഹപ്രവര്‍ത്തകനായ ഗണേഷിനെ എതിരിടാന്‍. വാക്ക് പോരിലൂടെ ഇരുവരും രംഗം ഇതിനോടകം ചൂട് പിടിപ്പിച്ചു കഴിഞ്ഞു. തന്റെ രാഷ്ട്രീയത്തെക്കുറിച്ച് ജഗദീഷ് പറയുന്നു.
പൊതുവേ കോണ്‍ഗ്രസെന്നും രാഷ്‌ട്രീയമെന്നുമൊക്കെ പറയാന്‍ മടിക്കുന്ന കാലത്ത് എന്തുകൊണ്ടാണ് ഒരു കോണ്‍ഗ്രസുകാരനായിരിക്കുന്നത്?
എന്റെ വിദ്യാര്‍ഥിജീവിത കാലത്തുതന്നെ ഞാന്‍ രാഷ്‌ട്രീയത്തിലുണ്ടായിരുന്നു. കോളേജ് പഠനകാലത്ത് മൂന്ന വര്‍ഷം ഗവണ്‍മെന്റ് ആര്‍ട്‌സ് കോളേജില്‍ ആര്‍ട്‌സ് ക്ലബ് സെക്രട്ടറിയായിരുന്നു മാര്‍ഇവാനിയോസ് കോളേജ് കോളജ് യൂണിയന്‍ ചെയര്‍മാനായിരുന്നു. രാഷ്‌ട്രീയത്തില്‍ അന്നുതന്നെ താല്‍പര്യമുണ്ടായിരുന്നു. നാട്ടില്‍ നടക്കുന്ന കാര്യങ്ങള്‍, ഭരണനടപടികള്‍, സാമൂഹ്യപ്രശ്‌നങ്ങള്‍, പൊതുചര്‍ച്ചകള്‍ ഇതെല്ലാം ഞാന്‍ എക്കാലത്തും ശ്രദ്ധിക്കുകയും ഒരുനിലപാട് രൂപീകരിക്കുകയും ഒക്കെ ചെയ്‌തിരുന്നു. പിന്നെ കോണ്‍ഗ്രസുകാരന്‍ എന്ന പറയുന്നത്, ഇന്ന് രാജ്യത്ത് നിലനില്‍ക്കുന്ന ഒരു രാഷ്‌ട്രീയ കാലാവസ്‌ഥയില്‍ ജനാധിപത്യ മതേതരമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിക്കുന്ന ഏറ്റവും ഉചിതമായ വേദി കോണ്‍ഗ്രസാണെന്നുതന്നെ ഞാന്‍ വിശ്വസിക്കുന്നു. ദേശീയതലത്തില്‍ ഇപ്പോള്‍ ദുര്‍ബലമാണെങ്കിലും ഇനിയുള്ള കാലം തിരിച്ചുവരവിന്റേതാണെന്നും ഇനിയും ഒരു മൂന്നാം യു.പി.എ. സര്‍ക്കാരൊക്കെ വരും എന്നാണെന്റെ പ്രതീക്ഷ.
ഇപ്പോള്‍ രാഷ്‌ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് വരികയാണല്ലോ. സജീവരാഷ്‌ട്രീയക്കാരനാകാന്‍ സ്‌ഥാനാര്‍ത്ഥിത്വം വേണമെന്ന് വിശ്വസിക്കുന്നുണ്ടോ?
എന്നല്ല, നമ്മള്‍ ഓരോന്ന് ആഗ്രഹിക്കുന്ന രീതിയിലല്ല സംഭവിക്കുന്നത്. ഇത്തവണ ഞാന്‍ മല്‍സരിക്കുമോ എന്ന കാര്യത്തില്‍ ഒരുറപ്പുമില്ലായിരുന്നു. ആദ്യം കൊല്ലത്ത് എന്റെപേര് തീരുമാനിച്ചതായി വാര്‍ത്തകള്‍ പോലും വന്നു. എന്നാല്‍ ഒടുവില്‍ പത്തനാപുരത്താകാം എന്ന നിര്‍ദേശം വന്നു. ഞാന്‍ സമ്മതിച്ചു. ഇത്തവണ എല്ലാവരും ഒരേ മനസോടെ തീരുമാനിച്ചു എന്നതാണ് എന്റെ വലിയ സന്തോഷം
കോണ്‍ഗ്രസ്സിന്റെ ബാനറില്‍ മല്‍സരിക്കാനിറങ്ങുമ്പോള്‍ സ്വാഭാവികമായും ബാര്‍കോഴ, സോളാര്‍, ഭൂമി ദാനം ഇതെല്ലാം ഉയര്‍ന്നുവരും. ഈ പ്രശ്‌നങ്ങളെയെല്ലാം പ്രതിരോധിക്കാന്‍ കഴിയുമെന്ന വിശ്വാസമുണ്ടോ?
ബാര്‍കോഴ പോലുള്ള കാര്യങ്ങളില്‍ എനിക്ക് കൃത്യമായി തന്നെ വിശദീകരിക്കാനും ജനത്തെ ബോധ്യപ്പെടുത്താനും കഴിയുമെന്ന് ഉറപ്പുണ്ട്. ഇതെല്ലാം ആരോപണങ്ങള്‍ മാത്രമാണ്. സര്‍ക്കാരിനോ ഖജനാവിനോ എന്തെങ്കിലും നഷ്‌ടമുണ്ടായിട്ടുണ്ടോ. ആരോപണങ്ങളാണ്. ഇടതുപക്ഷത്തിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടില്ലേ. തെളിയിക്കപ്പെടട്ടെ.
പ്രചാരണത്തിന് ഇറങ്ങുമ്പോള്‍ എന്തിനാണ് പ്രാധാന്യം കൊടുക്കുക?
ആരോപണങ്ങളുടെ കാര്യം പറയുമ്പോള്‍ അത് വിശദീകരിക്കേണ്ട ബാധ്യത എനിക്കുണ്ട്. പക്ഷേ എന്റെ പ്രയോരിറ്റി അതല്ല. പ്രയോരിറ്റി, മണ്ഡലവികസനവും പ്രശ്‌നങ്ങളുടെ പരിഹാരവും, പുതിയ വികസന അജന്‍ഡയുമൊക്കെയാണ്. വാചകക്കസര്‍ത്തുകള്‍ക്കപ്പുറം ജനങ്ങളുടെ വിശ്വാസം ആര്‍ജിച്ചെടുക്കാം എന്ന പ്രതീക്ഷയെനിക്കുണ്ട്.
എതിര്‍സ്‌ഥാനാര്‍ത്ഥിയെ കുറിച്ച് പ്രചാരണവേളയില്‍ എന്തുപറയാനാണ് ജഗദീഷ് ഉദ്ദേശിക്കുന്നത്?
എതിര്‍സ്‌ഥാനാര്‍ത്ഥിയെ കുറിച്ച് ഒന്നും പറയാനില്ല. ഗണേഷ്‌കുമാറിനെ കുറിച്ച് കേരളത്തിലെ ജനങ്ങള്‍ക്കറിയാം. പത്തനാപുരത്തെ ജനങ്ങള്‍ക്കറിയാം. എനിക്കെന്നെ കുറിച്ചാണ് പറയാനുള്ളത്. സാധാരണക്കാരനായി, ഒരു സ്‌കൂള്‍ അധ്യാപകന്റെ മകനായി ജനിച്ചു എന്നുപറയുമ്പോള്‍ സാധാരണക്കാരുടെ പ്രശ്‌നം എനിക്കറിയാം എന്നാണ് . അത് ഗണേശനെതിരായ ഒരുപ്രസ്‌താവനയല്ല.
ഉദാഹരണത്തിന് സമ്പന്നരായി പിറന്ന് വളര്‍ന്നവര്‍ക്ക് ഒരുസാധാരണക്കാരന്റെ പ്രശ്‌നം എങ്ങനെ പൂര്‍ണമായി മനസ്സിലാക്കാന്‍ കഴിയും. ദാരിദ്ര്യമനുഭവിക്കാത്തവര്‍ക്ക് എങ്ങനെ ദാരിദ്ര്യത്തെ കുറിച്ചറിയാന്‍ കഴിയും. പട്ടിണികിടക്കാത്തവര്‍ക്ക് എങ്ങനെ പട്ടിണിയെക്കുറിച്ച് അറിയാന്‍ കഴിയും. സ്‌കൂളില്‍ ഫീസ് കൊടുക്കാന്‍ പണമില്ലാത്തവര്‍ക്ക് എങ്ങനെ ആ ബുദ്ധിമുട്ട് മനസിലാക്കാന്‍ പറ്റും.
ഗണേഷ്‌കുമാര്‍ സമ്പന്നകുടുംബത്തില്‍ ജനിച്ച് വളര്‍ന്ന ഒരു വ്യക്‌തിയാണ്. ജഗദീഷ് ഒരുസാധാരണ കുടുംബത്തില്‍ ജനിച്ചയാളാണ്. പ്രചാരണവേളയില്‍ ഇതുരണ്ടുമുള്ള ഒരു താരതമ്യം ജഗദീഷ് ഉദ്ദേശിക്കുന്നുണ്ടോ?
ഞാന്‍ ഗണേശനെ ഒരുവിഷയമാക്കിയിട്ടേയില്ല. എനിക്ക് പറയാനുള്ളത് പത്തനാപുരം മണ്ഡലത്തിന് വേണ്ടി ഇന്ന ഇന്ന കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. ഞാന്‍ ഒരുസാധാരണക്കാരനാണ് തുടങ്ങിയ കാര്യങ്ങളേ ഞാന്‍ പറയുന്നുള്ളൂ. എതിര്‍സ്‌ഥാനാര്‍ത്ഥിയെ കുറിച്ചൊന്നും പറയാന്‍ ഉദ്ദേശിക്കുന്നില്ല. ഇനി എന്തുവന്നാലും ഗണേശനെതിരെ എന്റെ ഭാഗത്തുനിന്ന് ഒരു പരാമര്‍ശമുണ്ടാകില്ല.
എതിര്‍സ്‌ഥാനാര്‍ത്ഥിയെ കുറിച്ച് ഒന്നുംപറയാതെ പോകാന്‍ എങ്ങനെ കഴിയും?
ഞാന്‍ ഉദ്ദേശിച്ചത് വ്യക്‌തിപരമായ പരാമര്‍ശങ്ങള്‍ നടത്തില്ല എന്നാണ്. എന്നാല്‍ എം.എല്‍.എ. എന്ന നിലയില്‍ അദ്ദേഹം ചെയ്‌ത പ്രവര്‍ത്തനങ്ങളെ വിലയിരുത്താമല്ലോ. അദ്ദേഹത്തിന്റെ പിഴവുകള്‍ പറയാം. ഉദാഹരണത്തിന്, അദ്ദേഹം എം.എല്‍.എ എന്ന നിലയില്‍ യു.ഡി.എഫിലായിരുന്നപ്പോള്‍ സര്‍ക്കാരുമായുമുള്ള നല്ല ബന്ധം നഷ്‌ടപ്പെടുത്തി. അദ്ദേഹം ഇന്ന് എല്‍.ഡി.എഫിലാണെന്നു പറയപ്പെടുന്നു. ആ ഇടതുപക്ഷത്തെ നേതാക്കന്മാരുമായുള്ള നല്ല ബന്ധം നഷ്‌ടപ്പെടുത്തി. അങ്ങനെ മണ്ഡലത്തെയാകെ ബുദ്ധിമുട്ടിലാക്കി.
താങ്കള്‍ പലപ്പോഴും ഒരു ഹാസ്യനടനായിട്ടാണ് ജനങ്ങള്‍ക്ക് മുന്നില്‍ വന്നിട്ടുള്ളത്. അതുകൊണ്ട് വോട്ട് ചോദിച്ചുചെല്ലുമ്പോള്‍ ജനം ചിരിച്ചുപോകന്ന അവസ്‌ഥയുണ്ടാകില്ലേ?
അതിന് ഈസിയായിട്ട് മറുപടി പറയാം. 'ഓടരുതമ്മാവാ ആളറിയാം' എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ കോളേജ് അധ്യാപകനായി തന്നെ തുടരുകയായിരുന്നു. പടം പുറത്തിറങ്ങിയതിന് ശേഷം ഞാന്‍ കോളേജില്‍ പഠിപ്പിക്കാന്‍ പോയിട്ടുണ്ട്. എന്നെ കാണുമ്പോള്‍ കുട്ടികളുടെ ഭാഗത്തുനിന്ന് ഒരു ചിരി. അതല്ലാതെ ക്ലാസിലേക്കെത്തിയാല്‍ സീരിയസായി. ഭേദപ്പെട്ട അധ്യാപകനാണ് ഞാന്‍ എന്ന വിശ്വാസം എനിക്കുണ്ട്. പഠനസമയത്ത് ഒരുകുട്ടിയും എന്നെ നോക്കി ചിരിച്ചിട്ടില്ല. ചെയ്യുന്ന ജോലി ഗൗരവത്തോടെ ചെയ്യുക എന്നതാണ് പ്രധാനം. ജനം അതൊക്കെ തിരിച്ചറിയില്ലേ. അതല്ലാതെ എപ്പോഴും ഞാന്‍ സിനിമയിലെ കഥാപാത്രമാണ് എന്ന് അവര്‍ ധരിച്ചുവയ്‌ക്കില്ല എന്നാണ് എന്റെ വിശ്വാസം.
ഈ ന്യൂജനറേഷന്‍ കാലത്ത് സിനിമകള്‍ കുറയുന്നതുകൊണ്ടാണോ രാഷ്‌ട്രീയത്തിലിറങ്ങുന്നത്?
ഞാന്‍ കലാരംഗത്ത് സജീവമാണ്. കോമഡി റിയാലിറ്റി ഷോ നിത്യവും പ്രേക്ഷകര്‍ കാണുന്നതാണ്. അതുകൂടാതെ എല്ലാക്കാലത്തും കുറവല്ലാത്ത സിനിമകളില്‍ ഞാന്‍ അഭിനയിക്കാറുണ്ട്. വലിയ തിരക്കൊന്നും ഉണ്ടാകാറില്ലെങ്കിലും. ഇപ്പോള്‍ മമ്മൂട്ടി നായകനായ കസബ എന്ന ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുകയാണ്. രഞ്‌ജിത്തിന്റെ ലീലയില്‍ അഭിനയിച്ചുകഴിഞ്ഞു. ടു കണ്‍ട്രീസ് എന്ന ചിത്രം തിയേറ്ററില്‍ ഓടിക്കൊണ്ടിരിക്കുന്നു.
ഇപ്പോള്‍ ഉമ്മന്‍ചാണ്ടി, ചെന്നിത്തല, വിഎം സുധീരന്‍..ഇവരില്‍ ഒന്നാമനായി ആരെയാണ് കാണുന്നത്?
ഞാന്‍ മൂന്നു പേര്‍ക്കും മൂന്ന് തരത്തിലുള്ള പ്രാധാന്യമാണ് കാണുന്നത്. ഉമ്മന്‍ചാണ്ടി രാഷ്‌ട്രീയനേതാക്കന്മാരില്‍ ഒരു റോള്‍ മോഡലാണ്. രാവും പകലും ഓഫീസ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. രണ്ടോ മൂന്നോ മണിക്കൂര്‍ മാത്രം ഉറങ്ങുക. ജനസമ്പര്‍ക്കപരിപാടി മാത്രം നോക്കൂ.
പിന്നെ വ്യക്‌തിപരമായി ആരെയും കുറ്റപ്പെടുത്താതെയുള്ള ശൈലി. എന്നാല്‍ വിഎം സുധീരന്‍ അങ്ങനെയല്ല, അഴിമതിക്ക് സ്‌കോപ്പ് നല്‍കാത്ത പ്രവര്‍ത്തനരീതി. അതിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ ഉണ്ടാകും. പക്ഷേ ആ ശൈലി പ്രധാനമാണ്. പിന്നെ രമേശ് ചെന്നിത്തല ദേശീയ തലത്തിലുള്ള ബന്ധങ്ങള്‍ നിരവധിയാണ്. ഇവിടെ ഒരു പ്രശ്‌നം ഉണ്ടാകുമ്പോള്‍ അത് ചര്‍ച്ച ചെയ്‌ത് പരിഹരിക്കുന്നതിന് പ്രധാനറോളാണ് അദ്ദേഹത്തിനുള്ളത്.
ഇപ്പോള്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുകയാണല്ലോ. അദ്ദേഹം ഒരു ഇടതുപക്ഷ സഹയാത്രികനാണെന്നാണ് പൊതുവേ കരുതപ്പെടുന്നത്. ഗണേഷ്‌കുമാറാണ് പത്തനാപുരത്തെ ഇടതുപക്ഷ സ്‌ഥാനാര്‍ത്ഥി. താങ്കള്‍ യുഡിഎഫിന്റെ പ്രതിനിധിയാണ്. എന്താണ് മമ്മൂട്ടി പറഞ്ഞത്?
അതുമാത്രം ഞാന്‍ രഹസ്യമായി വയ്‌ക്കുന്നു. മമ്മൂക്ക എന്താണ് പറഞ്ഞത് എന്ന കാര്യം മാത്രം. കാരണം എന്റെ എതിര്‍സ്‌ഥാനാര്‍ത്ഥിയെ വേദനിപ്പിക്കുന്ന ഒരുകാര്യവും ഞാന്‍ പറയില്ല (ചിരിക്കുന്നു)
(കടപ്പാട്- മംഗളം)