നിയമസഭാ തെരഞ്ഞെടുപ്പില്‍ മലയാളികള്‍ ഉറ്റുനോക്കുന്ന മണ്ഡലം ആണ് പൂഞ്ഞാര്‍ . പി.സി.ജോര്‍ജ് എന്ന 'നിഷേധി'യായ നേതാവ് ഇരുമുന്നണികളെയും വെല്ലുവിളിച്ചു മത്സരിക്കുന്നു എന്നതാണ് കാരണം. ചതുഷ്കോണ മത്സരം നടക്കുന്ന ഇവിടെ പിസി ജയിച്ചാല്‍ ചരിത്രം. തോറ്റാല്‍ പിസിയെന്ന നേതാവിന്റെ അസ്തമയവും.
ഇടതുമുന്നണി ലക്ഷ്യമിട്ട് മാണി വിഭാഗത്തില്‍നിന്ന് പുറത്തുവന്ന ജോര്‍ജ് സ്വതന്ത്രനായാണ് ഇത്തവണ പൂഞ്ഞാറില്‍ ജനവിധി തേടുന്നത്. അതിനു കാരണം പിണറായി വിജയന്റെ പകയും. പി.സി. ജോര്‍ജ് പൂഞ്ഞാറില്‍ തോല്ക്കാന്‍ കെ എം മാണിയേക്കാള്‍ ആഗ്രഹിക്കുന്നത് പിണറായി തന്നെ. സഹകരിക്കാതെ മാറിനിന്ന സഖാക്കളെ ശാസിക്കാന്‍ പിണറായി മിന്നല്‍ സന്ദര്‍ശനം നടത്തിയതും ശ്രദ്ധേയമാണ്. ഇരുമുന്നണികളെയും തറപറ്റിക്കും എന്ന വാശിയില്‍ കൈ മെയ്യ് മറന്നുള്ള പ്രചാരണമാണ് പിസിയും കൂട്ടരും നടത്തുന്നത്.
പ്രമുഖ പാര്‍ട്ടികളുടെ പിന്തുണയില്ലാതെ സ്വതന്ത്രനായാണ് മത്സരിക്കുന്നത്. വിജയ സാധ്യത എത്രത്തോളമുണ്ട്?
ഇവിടെ മത്സരമൊന്നുമില്ല. പൂഞ്ഞാറില്‍ ഇടതുപക്ഷത്തിനും യുഡിഎഫിനും ജനങ്ങള്‍ക്ക് തൃപ്തിയുള്ള സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. എല്‍ഡിഎഫ് നിര്‍ത്തിയിരിക്കുന്നത് മൂവാറ്റുപുഴയില്‍ 1977ല്‍ മത്സരിച്ച് അതിനുശേഷം ജനങ്ങള്‍ കണ്ടിട്ടില്ലാത്ത ആളെയാണ്. ഈ സ്ഥലത്തുള്ളയാളല്ല. അങ്ങനെയുള്ള ആള്‍ക്ക് പൂഞ്ഞാറില്‍ എന്താ കാര്യം? കെ.എം. ജോര്‍ജുള്‍പ്പെടെ പലരെയും പൂഞ്ഞാറുകാര്‍ ചുമന്നിട്ടുണ്ട്. പക്ഷേ, അതെല്ലാം നഷ്ടക്കച്ചവടമാണെന്നു ബോധ്യമായിട്ടുണ്ട്. ആ നിലയ്ക്ക് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയോടുള്ള അതൃപ്തി വളരെ രൂക്ഷമാണ്.
പഴയ കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍ 2006ല്‍ സ്വതന്ത്രനായി മത്സരിക്കുകയും തോറ്റശേഷം ഇനി മത്സരിക്കാനില്ലെന്നു പ്രഖ്യാപിച്ചയാളുമാണ് യുഡിഎഫ് സ്ഥാനാര്‍ഥി. പത്തു കൊല്ലം കഴിഞ്ഞ് അധികാര രാഷ്ട്രീയത്തിനുവേണ്ടി ഇറങ്ങുന്നത് ജനങ്ങള്‍ക്ക് മനസിലാകും.
മത്സരമില്ലെന്നൊക്കെ പറയാമെങ്കിലും അത്ര എളുപ്പമാണോ കാര്യങ്ങള്‍. യുഡിഎഫിനും എല്‍ഡിഎഫിനും സ്ഥാനാര്‍ഥികളുണ്ട്. ഒരു പാര്‍ട്ടിയുടേയും പിന്തുണയില്ലാതെ അനായാസ വിജയം സാധ്യമാണോ?
ഇരുമുന്നണികളും പറയുന്നത് ഒരു സ്വതന്ത്രന്‍ ഇവിടെനിന്ന് ജയിക്കില്ലെന്നാണ്. നിങ്ങള്‍ എഴുതിവച്ചോ. തൂക്ക് മന്ത്രിസഭയുണ്ടാകും. സ്വതന്ത്രനായി ജയിക്കുന്ന പി.സി. ജോര്‍ജും പൂഞ്ഞാറിലെ ജനങ്ങളും കേരള രാഷ്ട്രീയം നിയന്ത്രിക്കും. അതിനുള്ള അവസരം പൂഞ്ഞാറിലെ ജനങ്ങള്‍ക്കുണ്ടാകും. 161 ബൂത്ത് കമ്മറ്റികളുണ്ട്. ജയിച്ചശേഷം അവരുമായും എന്നെ സഹായിക്കുന്നവരുമായും ചര്‍ച്ച ചെയ്ത് ഏതു മുന്നണിയെ പിന്തുണയ്ക്കണമെന്ന് തീരുമാനമെടുക്കും.
എല്‍ഡിഎഫിന്റേത് പെയ്ഡ് സ്ഥാനാര്‍ഥിയാണെന്നും പിന്നില്‍ ഒരു പ്രധാന നേതാവാണെന്നും ആരോപണം ഉന്നയിച്ചിരുന്നു?
അതേക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയുന്നില്ല. അടുത്തമാസം 19ന് ശേഷം വളരെയേറെ സത്യങ്ങള്‍ വെളിപ്പെടുത്തും. എന്റെ സീറ്റു നിഷേധത്തിലെ അഴിമതി ഉള്‍പ്പെടെ വലിയ ഗൂഢാലോചന ഞാന്‍ പുറത്തുവിടും. 140 മണ്ഡലങ്ങളിലും രാഷ്ട്രീയ നേതാക്കളുടെ അഴിമതിക്കെതിരെ വലിയ കൂട്ടായ്മ ഉണ്ടാക്കും. അതു ചെറുതായിരിക്കില്ല. അതില്‍ ചേര്‍ക്കാന്‍ കഴിയുന്നവരെയെല്ലാം ചേര്‍ക്കും. വിഴിഞ്ഞം ഉള്‍പ്പെടെ വിറ്റുകാശാക്കിയ പൈസയാണല്ലോ യുഡിഎഫ് തിരഞ്ഞെടുപ്പിന് ഇറക്കുന്നത്. എല്‍ഡിഎഫിലും ചിലയിടത്തൊക്കെ ഉണ്ട്. അതാണ് പുറത്തുവിടാനുദ്ദേശിക്കുന്ന പ്രധാനപ്പെട്ടകാര്യം. ഇതൊക്കെ 19ന്ശേഷം പുറത്തുവരും.
ജനങ്ങളോട് ഇപ്പോള്‍തന്നെ പറയാമല്ലോ?
ആരോപണം സംബന്ധിച്ചു ജനങ്ങള്‍ക്ക് തെറ്റിദ്ധാരണയുണ്ടാകരുത്. ഞാന്‍ തിരഞ്ഞെടുപ്പില്‍ നില്‍ക്കുമ്പോള്‍ മാധ്യമങ്ങളോട് എന്തെങ്കിലും പറഞ്ഞാല്‍ അതു തെളിയിക്കാനുള്ള ബാധ്യതയുണ്ട്. അതിനുവേണ്ടി നടക്കാന്‍ എനിക്കിപ്പോള്‍ സമയമില്ല. ഞാന്‍ പറഞ്ഞതെല്ലാം തെളിയിക്കും. 19ന്ശേഷം. അപ്പോള്‍ എന്റെ തിരക്കുകളൊഴിയും.
എല്‍ഡിഎഫ് പ്രവേശനം തടഞ്ഞത് പിണറായി ആണോ?
നെറികേട് നടത്തിയത് ഒരാളല്ല. മോഷ്ടിക്കണം എന്നു ചിന്തയുള്ള നേതാക്കള്‍ക്കെല്ലാം ഞാന്‍ നിയമസഭയില്‍ ഉണ്ടെങ്കില്‍ പ്രശ്നമാണ്. മോഷ്ടിക്കുന്നവരും കൈക്കൂലി വാങ്ങുന്നവരുമാണ് എന്നെ രാഷ്ട്രീയമായി നശിപ്പിക്കാന്‍ ശ്രമിക്കുന്നത്. പക്ഷേ പൂഞ്ഞാറിലെ ജനങ്ങള്‍ക്കെന്നെ അറിയാം. എന്തിന് അവര്‍ (എല്‍ഡിഎഫ്) തദ്ദേശ തിരഞ്ഞെടുപ്പിന് മുന്‍പ് എന്നെ കൊണ്ടു നടന്നു. പിണറായിയുടെ മലബാര്‍ മേഖലകളില്‍ പ്രസംഗിക്കാന്‍ വിളിച്ചുകൊണ്ടുപോയി. ഞാന്‍ പോയത് ക്രിസ്ത്യന്‍ മേഖലയിലാണ്. അവിടെ നേട്ടമുണ്ടായെന്നും നന്ദിയുണ്ടെന്നും ജില്ലാ സെക്രട്ടറി എന്നെ വിളിച്ചു പറഞ്ഞല്ലോ. ഇപ്പോള്‍ ഞാന്‍ കൊള്ളില്ലെന്നു പറഞ്ഞാള്‍ എന്താണ് ന്യായം. നന്ദികേടാണ് കാണിച്ചത്.
എല്‍ഡിഎഫ് മുന്നണിയിലെടുത്തില്ല. പക്ഷേ, എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെന്നു പ്രചരണത്തില്‍ പലയിടത്തും പറയുന്നു?
പൂഞ്ഞാറിലെ സിപിഐക്കാരും സിപിഎമ്മുകാരും ഞാന്‍ എല്‍ഡിഎഫ് ആണെന്നാണല്ലോ പറഞ്ഞത്.
വൈക്കം വിശ്വന്‍ പറഞ്ഞത്, ജോര്‍ജുമായി സഹകരണം വേണ്ടെന്നു തീരുമാനിച്ചത് ദീര്‍ഘവീക്ഷണത്തോടെ എടുത്ത തീരുമാനമാണെന്നാണ്. എല്‍ഡിഎഫില്‍ ജോര്‍ജില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്?
വൈക്കം വിശ്വന് എന്തോ ഓര്‍മ്മക്കുറവാണ്.
ശെല്‍വരാജിനെ യുഡിഎഫിലേക്ക് കൊണ്ടുപോകാന്‍ സഹായിച്ചതാണ് എല്‍ഡിഎഫ് പ്രവേശനത്തിന് തടസമായതെന്നാണ് ഒരു വാദം. പക്ഷേ, ശെല്‍വരാജ് ഇപ്പോള്‍ പറയുന്നത് ജോര്‍ജ് സഹായിച്ചിട്ടില്ലെന്നാണ്?
ശെല്‍വരാജ് യുഡിഎഫില്‍ പോയതില്‍ എനിക്ക് പങ്കുണ്ടെന്നു ഞാന്‍ പറഞ്ഞിട്ടില്ല. അത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയല്ലേ പറയുന്നത്. ശെല്‍വരാജിനെ പിടിച്ച് യുഡിഎഫില്‍ കൊണ്ടുവരാമെന്നൊന്നും ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. പക്ഷേ, ശെല്‍വരാജ് അവസാന നിമിഷം ഭയങ്കര സമ്മര്‍ദത്തിലായി ബുദ്ധിമുട്ടിയപ്പോള്‍ ആരുമറിയാതെ രാജി വയ്ക്കാന്‍..(സംഭാഷണം നിര്‍ത്തുന്നു). ആ കഥ ഞാനിപ്പോള്‍ പറയുന്നില്ല 19 കഴിയട്ടെ. ശെല്‍വരാജ് ഇന്ന് ജീവിച്ചിരിക്കുന്നത് എന്തുകൊണ്ടാണെന്ന് ശെല്‍വരാജ് പറയട്ടെ. നാടാര്‍ സമുദായത്തിലെ നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരന്‍ നെയ്യാറ്റിന്‍കര ഗസ്റ്റ് ഹൗസിലേക്ക് മാര്‍ച്ച് നടത്തിയില്ലായിരുന്നെങ്കില്‍ അന്നു ശെല്‍വരാജ് ചത്തുപോയേനെ. ശെല്‍വരാജ് നന്ദികേട് പറയരുത്. ഇത് ശരിയല്ലെന്നു ശെല്‍വരാജ് പറയട്ടെ. അപ്പോ കൂടുതല്‍ കാര്യങ്ങള്‍ ഞാന്‍ പറയാം.
മാണി വിഭാഗവുമായി ബന്ധം വിച്ഛേദിച്ചത് രാഷ്ട്രീയ നഷ്ടമായോ?
വിച്ഛേദിച്ചത് നന്നായി എന്നു മാത്രമല്ല ജീവിതത്തിള്‍ പറ്റിയ ഏക അബദ്ധം കുഞ്ഞാലിക്കുട്ടി, രമേശ്, ഉമ്മന്‍ ചാണ്ടി എന്നിവര്‍ നിര്‍ബന്ധിച്ച് എന്നെ മാണി ഗ്രൂപ്പിള്‍ ചേര്‍ത്തു എന്നതാണ്. അല്ലാതെ രാഷ്ട്രീയത്തിള്‍ ഞാന്‍ ഒരു അബദ്ധവും കാണിച്ചിട്ടില്ല. മാണി ഗ്രൂപ്പിള്‍ ചേര്‍ന്നതില്‍ ദുഖിക്കുന്നു. മകന്‍ അല്ലാതെ മറ്റൊരാളോടും മാണിക്ക് സ്നേഹമില്ല. മാണിയുമായി സഹകരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍പോലും ഇനി എനിക്കാവില്ല.
കേരള കോണ്‍ഗ്രസിലെ വിവിധ പാര്‍ട്ടികളുടെ ഐക്യം പ്രതീക്ഷിക്കാമോ?
മാണി ഇത്തവണ തോല്‍ക്കും. പിന്നെ എന്തു കേരള കോണ്‍ഗ്രസ്. കര്‍ഷകരെ രക്ഷിക്കാന്‍ കഴിയാത്ത കേരള കോണ്‍ഗ്രസിന് എന്ത് പ്രസക്തി.
(കടപ്പാട്- മനോരമ)