ഇന്റര്‍വ്യൂ

പാതിമനസ്സോടെ സിനിമ ചെയ്താല്‍ ശരിയാകില്ല- മീരാ ജാസ്മിന്‍

മീരാ ജാസ്മിന്റെ സിനിമാ ജീവിതത്തിനു 15 വയസ്. ഉയര്‍ന്നും താഴ്ന്നും നീങ്ങിയ കരിയര്‍ . എങ്കിലും വിവാഹശേഷവും അഭിനയജീവിതം ഉപേക്ഷിക്കാത്ത ചുരുക്കം നായികമാരില്‍ ഒരാളായി മീര മാറി. കാലം മാറുമ്പോള്‍ സിനിമയ്ക്കും കലാകാരന്മാര്‍ക്കും മാത്രമല്ല, സമൂഹത്തിനും മാറ്റം വേണമെന്നു മീര പറയുന്നു.
കാലത്തിനൊത്തു സമൂഹത്തിന്റെ കാഴ്ചപ്പാടിലും മാറ്റം വന്നാല്‍മാത്രമേ സ്ത്രീ കഥാപാത്രങ്ങള്‍ക്കു കൂടുതല്‍ പ്രാധാന്യമുള്ള സിനിമകള്‍ ഉണ്ടാകൂ. അതില്ലാത്തിടത്തോളം സിനിമ പഴകിയ പ്രമേയങ്ങളില്‍ ചുറ്റിത്തിരിഞ്ഞുകൊണ്ടേയിരിക്കും എന്നാണ് മീരയുടെ അഭിപ്രായം.


നായികാ പ്രാധാന്യമുള്ള ചിത്രങ്ങളില്‍ മാത്രമാണോ ഇപ്പോള്‍ അഭിനയിക്കുന്നത്?

അങ്ങനെ പറയുന്നതു ശരിയല്ല. ഈ സിനിമയില്‍ (പത്തു കല്പനകള്‍ ) എല്ലാ കഥാപാത്രങ്ങള്‍ക്കും പ്രാധാന്യമുണ്ട്. കുറ്റാന്വേഷണ– സൈക്കളോജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുത്താവുന്ന മൂവിയാണ്. ഞാന്‍ അവതരിപ്പിക്കുന്ന ഷാസിയ അക്ബര്‍ എന്ന പൊലീസ് ഓഫിസര്‍ ഒരു ഇന്‍ഡിപെന്‍ഡന്റ് ക്യാരക്ടറാണ്. ആരുടെയും ജോഡിയല്ല. ഈയൊരു ട്രീറ്റ്മെന്റ് തന്നെ പുതിയ കാലത്തു സിനിമയില്‍ വന്നിട്ടുള്ള നല്ല മാറ്റങ്ങളില്‍ ഒന്നാണ്. അനൂപ് മേനോനും കനിഹയും തമ്പി ആന്റണിയുമെല്ലാം ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്.


കരിയറിന്റെ ആദ്യകാലത്തു വലിയ സംവിധാകന്മാരുടെ സിനിമകളില്‍ സ്ഥിരം സാന്നിധ്യമായിരുന്നു മീര. ഇപ്പോള്‍ അധികവും പുതിയ സംവിധായകരുടെ കൂടെ...?

പുതിയ ആളുകള്‍ എല്ലാം നല്ല ടാലന്റഡ് ആണ്. അവര്‍ മലയാള സിനിമയിലേക്കു പുതിയ കണ്‍സപ്റ്റുകള്‍ കൊണ്ടുവരുന്നു. എല്ലാവരും ടെക്നിക്കലി ക്വാളിഫൈഡുമാണ്. 'പത്തു കല്‍പനകളു'ടെ ഡയറക്ടര്‍ ഡോണ്‍ മാക്സും അങ്ങനെ ഒരാളാണ്. എപ്പോഴും പറയുന്നതു പോലെയല്ല, തികച്ചും വ്യത്യസ്തമായ തീം ആണ് പത്തു കല്‍പനകളുടേത്. ഇത്തരം നല്ല സിനിമകളുടെ ഭാഗമാകാന്‍ സാധിക്കുന്നതു വലിയ കാര്യമായി കാണുന്നു.ഇത് എന്റെ ആദ്യ പൊലീസ് വേഷമാണ്. അതിന്റെ ഒരു ത്രില്‍ ഉണ്ട്. യൂണിഫോമില്‍ വരുന്ന സീക്വന്‍സുകള്‍ വളരെ കുറവാണ്. ഷര്‍ട്ടും ജാക്കറ്റുമാണു ഇതിലെ ഷാസിയ മിക്കപ്പോഴും ധരിക്കുന്നത്. എങ്കിലും ബോഡി ലാംഗ്വേജില്‍ ഒരു പൊലീസ് ലുക്ക് ഉണ്ട്.


വിവാദങ്ങള്‍ ഏതെങ്കിലും തരത്തില്‍ കരിയറിനെ ബാധിച്ചിട്ടുണ്ടോ?

ഒരിക്കലുമില്ല. ഞാന്‍ എപ്പോഴും എന്റേതായ ഒരു ലോകം സ്വന്തമായി സൃഷ്ടിച്ചിട്ടുണ്ട്. ഞാനും എന്റെ കൊച്ചുസന്തോഷങ്ങളും മാത്രമുള്ള ലോകം. അതിനുള്ളില്‍ ഞാന്‍ തൃപ്തയാണ്. അതിനകത്തേക്കു ഞാന്‍ ആരെയും പ്രവേശിപ്പിക്കില്ല. അതുകൊണ്ടു വിവാദങ്ങളൊന്നും എന്നെ ബാധിക്കുകയേയില്ല. ഇതൊക്കെ സിനിമാ ഇന്‍ഡസ്ട്രിയുടെ ഭാഗം മാത്രമാണ്. വിവാദങ്ങള്‍ കരിയര്‍ നശിപ്പിക്കുമെങ്കില്‍ ഇന്നു ലോകസിനിമയിലെ മികച്ച കലാകാരന്മാരില്‍ പലരും അവിടെ ഉണ്ടാകുമായിരുന്നില്ലല്ലോ.


ഇത്രയും വര്‍ഷത്തെ സിനിമാ പരിചയം പുതിയ സിനിമകളുടെ തിരഞ്ഞെടുപ്പിനുള്ള മാനദണ്ഡങ്ങളില്‍ എന്തെങ്കിലും മാറ്റം?

തീര്‍ച്ചയായും. പണ്ടത്തെപോലെ സിനിമകള്‍ ചെയ്യാന്‍ നമുക്ക് ഇന്ന് എന്തായാലും സാധിക്കില്ല. 10 വര്‍ഷം മുന്‍പു തീരുമാനങ്ങള്‍ എടുത്തിരുന്നതുപോലെ ഇന്ന് എടുക്കാനും കഴിയില്ല. സിനിമ മാറുന്നതിനൊപ്പം മാനദണ്ഡങ്ങളും മാറിയിട്ടുണ്ട്. എന്തെങ്കിലും തരത്തില്‍ എക്സൈറ്റ് ചെയ്യിക്കുന്ന എലമെന്റ് സ്ക്രിപ്റ്റിലോ ക്യാരക്ടറിലോ ഉണ്ടെങ്കില്‍ ഞാന്‍ ആ സിനിമയുടെ ഭാഗമായിരിക്കും. അതു നിശ്ചയിക്കുന്നതിന് എന്റേതായ ചില മാനദണ്ഡങ്ങള്‍ ഉണ്ട്.


കരിയര്‍ എങ്ങനെയാണു മുന്നോട്ടു കൊണ്ടുപോകുന്നത്? വ്യക്തമായ പ്ലാനിങ്ങുണ്ടോ, അതോ വരുന്നതില്‍ നല്ലതു സ്വീകരിക്കുന്നു എന്ന രീതിയാണോ?

ഓരോ വര്‍ഷവും ഇത്ര സിനിമ ചെയ്യണം, ഇന്ന ക്യാരക്ടര്‍ ചെയ്യണം എന്നൊന്നും ഇതുവരെ പ്ലാന്‍ ചെയ്തിട്ടില്ല. ഇനി കൂടുതല്‍ സിലക്ടീവാകണമെന്നു കരുതി ബോധപൂര്‍വം സിനിമകള്‍ കുറച്ച ഒരു കാലഘട്ടം ഉണ്ടായിട്ടുണ്ട്. പക്ഷേ, പിന്നീട് എനിക്കു തോന്നി, ചെയ്യുന്നതെന്തായാലും സന്തോഷത്തോടെ ചെയ്യുകയെന്നതാണു വേണ്ടതെന്ന്. പാതിമനസ്സോടെ സിനിമ ചെയ്താല്‍ ശരിയാകില്ല. അങ്ങനെ കൂടുതല്‍ സിനിമകള്‍ കാണാന്‍ തുടങ്ങി. സിനിമകള്‍ തിരഞ്ഞെടുക്കാനുള്ള ആത്മവിശ്വാസവും വര്‍ധിച്ചു.


വിവാഹം കഴിയുമ്പോള്‍ നടിമാരില്‍ മിക്കവരും സിനിമയോടു വിട പറയുന്നതെന്തുകൊണ്ടാവാം?

സ്ത്രീകളോടുള്ള സമൂഹത്തിന്റെ മനോഭാവം തന്നെയാണു പ്രധാന കാരണം. വെറും കാഴ്ചവസ്തു എന്ന നിലയിലാണു സിനിമയിലും അവളുടെ സ്ഥാനം. നായകനെ മരംചുറ്റി പ്രണയിക്കുക, നൃത്തമാടുക എന്നതിനപ്പുറത്തേക്കു സ്ത്രീ കഥാപാത്രങ്ങള്‍ വളരുന്നില്ല. പ്രായമേറുന്നതും വിവാഹം കഴിച്ചു കുട്ടികളുണ്ടാകുന്നതുമൊന്നും നായകന്മാരുടെ കരിയറിനെ ബാധിക്കുന്നില്ല. എന്നാല്‍, നടിമാര്‍ തങ്ങളുടെ സൗന്ദര്യം പോയി, വിവാഹം കഴിഞ്ഞു തുടങ്ങിയ കാരണങ്ങള്‍ നിരത്തി സിനിമയില്‍നിന്നു വിട്ടുനില്‍ക്കുകയാണ്. കുടുംബത്തില്‍നിന്നു പിന്തുണയില്ലാത്തതും കാരണമാകാം. പക്ഷേ, എനിക്കു നല്ല സപ്പോര്‍ട്ട് ഉണ്ട്.

(കടപ്പാട് - മനോരമ)

  • ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക് ഇന്ത്യയില്‍ പുതിയ നിയന്ത്രണങ്ങള്‍
  • കത്തോലിക്കാ സമൂഹത്തില്‍ സഹോദര സ്നേഹം കുറഞ്ഞു , സ്വാര്‍ത്ഥത വളര്‍ന്നു- ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് വലിയമറ്റം
  • പൊറിഞ്ചു ഞാനായതിന്റെ പേരില്‍ അഭിനയിക്കാതിരുന്നവരുമുണ്ട്- ജോജു ജോര്‍ജ്
  • റോയല്‍ ഗെറ്റപ്പില്‍ ഭാവന !
  • ഗ്ലാമര്‍ ലുക്കില്‍ മാത്രം പ്രത്യക്ഷപ്പെട്ട കസ്തൂരിയുടെ പുതിയ വേഷം കണ്ട് ആരാധകര്‍ ഞെട്ടി !
  • സഹിക്കാവുന്നതിനപ്പുറം സഹിച്ചു; പൊട്ടിത്തെറിച്ച് റിമിടോമിയുടെ ഭര്‍ത്താവ്
  • വീട് ജപ്തി ചെയ്തിട്ടില്ല, വാര്‍ത്തകള്‍ മാനസിക സംഘര്‍ഷമുണ്ടാക്കുന്നു- ശാലു മേനോന്‍
  • ജയിലില്‍ ആരെങ്കിലും സന്ദര്‍ശിക്കാന്‍ എത്തിയിരുന്നെങ്കിലെന്ന് കൊതിച്ചിട്ടുണ്ട്- അറ്റ്‌ലസ് രാമചന്ദ്രന്‍
  • രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല- കെ എം മാണി
  • ലിപ്‌ലോക്ക് അഭിനയിച്ചാല്‍ അച്ഛനും അമ്മയും എന്തു പറയും എന്നു ചിന്തിച്ചിരുന്നു- ഐശ്വര്യ ലക്ഷ്മി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions