വിനീതിന്റെ ചലച്ചിത്രാഭിനയ സപര്യ തുടങ്ങിയിട്ട് 31 വര്‍ഷം പിന്നിട്ടിരിക്കുന്നു. ഇത്രയും വര്‍ഷത്തിനിടയില്‍ മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നടത്തിലും ഹിന്ദിയിലുമായി വിനീത് അഭിനയിച്ചത് 150-ലധികം സിനിമകളില്‍ മാത്രം. തഞ്ചാവൂര്‍ ശാസ്‌ത്ര യൂണിവേഴ്‌സിറ്റിയില്‍നിന്നു ഭരതനാട്യത്തില്‍ പോസ്‌റ്റ് ഗ്രാജ്വേഷന്‍ നേടിയ വിനീത് ഡോ. പത്മാ സുബ്രഹ്‌മണ്യത്തിന്റെ പ്രധാന ശിഷ്യരില്‍ ഒരാളാണ്. സിനിമയില്‍ തിരക്കില്ലാതാവുമ്പോള്‍ നൃത്ത പരിപാടികളിലൂടെയാണ് വിനീത് ആത്മസായൂജ്യം കണ്ടെത്തുന്നത്. വിനോദ് മങ്കര സംവിധാനം ചെയ്യുന്ന 'കാംബോജി'യെന്ന ചിത്രത്തില്‍ ഒരു കഥകളി നടന്റെ തീവ്രമായ അനുരാഗത്തിന്റെയും ആത്മസംഘര്‍ഷത്തിന്റെയും വഴിയിലൂടെ കടന്നുപോകുന്ന ശക്‌തമായ കഥാപാത്രമായാണ് വിനീത് അഭിനയിക്കുന്നത്. ഈ ചിത്രത്തിലൂടെ ഔദ്യോഗികമായി പുതിയൊരു പ്രൊഫഷന്‍ കൂടി അരങ്ങേറുകയാണ്.
കാംബോജിയിലെ കഥാപാത്രത്തെക്കുറിച്ച് ?
കഥകളി നടനായ കുഞ്ഞുണ്ണിയെന്ന ശക്‌തമായ കഥാപാത്രമായാണ് ഞാന്‍ അഭിനയിക്കുന്നത്. കാംബോജിയുടെ സ്‌ക്രിപ്‌റ്റ് പൂര്‍ണമായും വായിച്ചിരുന്നു. ഷൂട്ടിങ്ങിനു മുമ്പ് സംവിധായകന്‍ വിനോദ് മങ്കരയുമായി കഥാപാത്രത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്‌തിരുന്നു. ചിത്രീകരണം തുടങ്ങിയപ്പോള്‍ മുതല്‍ ഞങ്ങളുടെയൊക്കെ ചെറിയൊരു ചലനങ്ങള്‍ പോലും സൂക്ഷ്‌മതയോടെയാണ് വിനോദ് മങ്കര പറഞ്ഞുതരുന്നത്.
കാംബോജിക്ക് വേണ്ടി കഥകളി പഠിച്ചിരുന്നോ?
മാന്‍ചേന്‍ മിഴിയാളെ... എന്ന ഹരിണാക്ഷിയിലെ കഥകളിപ്പദം പഠിച്ചിരുന്നു. കലാമണ്ഡലം നാരായണന്‍കുട്ടിയാണ് പദം പറഞ്ഞുതന്നത്. നേരത്തെ പരിണയം, കമലദളം തുടങ്ങിയ ചിത്രങ്ങളിലും ഞാന്‍ കഥകളിവേഷം ചെയ്‌തപ്പോള്‍ കലാമണ്ഡലം നാരായണന്‍കുട്ടിയാണ് കഥകളിപ്പദം പഠിപ്പിച്ചുതന്നത്. കഥകളി വേഷങ്ങള്‍ ചെയ്‌തിട്ടുണ്ടെങ്കിലും പൂര്‍ണമായും കഥകളി നടന്റെ മാനസിക സംഘര്‍ഷങ്ങളിലൂടെ കടന്നുപോകുന്നത് ആദ്യമായിട്ടാണ്. കുഞ്ഞുണ്ണിയെന്ന കഥാപാത്രവുമായി മാനസികമായി അടുത്തുനിന്നാണ് ഞാന്‍ അഭിനയിക്കുന്നത്. എനിക്ക് നല്ല പ്രതീക്ഷയുള്ള ചിത്രമാണ് കാംബോജി.
കാംബോജിയില്‍ വിനീത് കൊറിയോഗ്രാഫി ചെയ്യുന്നു..?
കാംബോജിയില്‍ ഒരു പാട്ടിന്റെ കൊറിയോഗ്രാഫി ചെയ്യുന്നുണ്ട്. നിരവധി സിനിമകളില്‍ ഞാന്‍ കൊറിയോഗ്രാഫി ചെയ്‌തിട്ടുണ്ടെങ്കിലും ഗട്ട്‌സ് ഇല്ലാത്തതിനാല്‍ പേരു പുറത്ത് പറഞ്ഞിരുന്നില്ല. എന്നാല്‍, കാംബോജിയിലൂടെ ഞാന്‍ ആദ്യമായി കൊറിയോഗ്രാഫറാവുകയാണ്. ഫെഫ്‌കയില്‍നിന്നു കാര്‍ഡ് ലഭിച്ച ശേഷം ചെയ്യുന്ന ഈ ചിത്രത്തിലൂടെ കൊറിയോഗ്രാഫറെന്ന ടൈറ്റിലില്‍ എന്റെ പേരു വരാന്‍ പോവുകയാണ്.
അഭിനയത്തോടൊപ്പം കൊറിയോഗ്രാഫിയിലും ശ്രദ്ധപതിപ്പിക്കുകയാണോ?
തീര്‍ച്ചയായും. ഒരുപാട് ഹിറ്റ് ചിത്രങ്ങള്‍ക്കു വേണ്ടിയെല്ലാം ഞാന്‍ കൊറിയോഗ്രാഫി ചെയ്‌തിട്ടുണ്ടെങ്കിലും പ്രേക്ഷകര്‍ക്ക് അതറിയില്ലായിരുന്നു. മണിച്ചിത്രത്താഴിന്റെ ഹിന്ദി പതിപ്പായ 'ബുല്‍ബുല്ലയ്യ' എന്ന ചിത്രത്തില്‍ ഞാന്‍ അഭിനയിക്കുകയും കൊറിയോഗ്രാഫി നിര്‍വഹിക്കുകയും ചെയ്‌തു. ഇനിമുതല്‍ കൊറിയോഗ്രാഫിയിലും ശ്രദ്ധ പതിപ്പിക്കാനുള്ള തയാറെടുപ്പിലാണ്.
സിനിമയില്‍ എത്തിയിട്ട് 31 വര്‍ഷം പിന്നിട്ടെങ്കിലും മലയാളത്തില്‍ സ്‌റ്റാര്‍ഡം നിലനിര്‍ത്തുന്ന കാര്യത്തില്‍ വിനീത് പരാജയപ്പെട്ടില്ലെ?
മലയാളത്തില്‍ വളരെ ഡിഫറന്റായ ക്യാരക്‌ടേഴസ് ചെയ്യാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. സിനിമയില്‍ 31 വര്‍ഷം പിന്നിട്ടെങ്കിലും കുറച്ച് സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂ. അഭിനയിച്ച സിനിമകളുടെ എണ്ണത്തിലല്ല നല്ല കഥാപാത്രങ്ങളാണ് പ്രധാനം. പിന്നെ ഒരു സ്‌റ്റാറായി നിലകൊള്ളാനുള്ള കാര്യങ്ങളൊന്നും ഞാന്‍ ചെയ്‌തിട്ടില്ല. സ്‌റ്റാര്‍ഡം നിലനിര്‍ത്താനുള്ള പി.ആര്‍ വര്‍ക്കുകളൊന്നും ഞാനിതേവരെ ചെയ്‌തിട്ടില്ല. മാത്രമല്ല നിരന്തരമായ കമേഴ്‌സ്യല്‍ ആസ്‌പെക്‌ടിനെ ആധാരമാക്കിയുള്ള സിനിമകളില്‍ കൂടുതല്‍ സജീവമായിട്ടില്ല. തമിഴിലെ സൂപ്പര്‍ താരങ്ങള്‍ നിരന്തരം അവരുടെ ഫോട്ടോയും പുതിയ ചലച്ചിത്ര വിവരങ്ങളുമൊക്കെ പി.ആര്‍.ഒമാര്‍ക്ക് നല്‍കാറുണ്ട്. പിന്നെ എനിക്ക് ഓഫറുകള്‍ വരുമ്പോള്‍ ക്വളിറ്റിയുള്ള റോളുകളാണ് ഞാന്‍ തെരഞ്ഞെടുത്തത്. തുടര്‍ച്ചയായി സിനിമകള്‍ ചെയ്യാനൊന്നും എനിക്ക് കഴിഞ്ഞിട്ടില്ല. മാത്രമല്ല നല്ല റോളുകളില്‍ സിനിമകള്‍ നിര്‍മ്മാതാവിന്റെ സാമ്പത്തിക പ്രയാസം മൂലം പുറത്തിറക്കാന്‍ കഴിയാതെ പെട്ടിക്കകത്താണ്. എങ്കിലും ഞാന്‍ വളരെയധികം ഹാപ്പിയാണ്. കാരണം ഇപ്പോഴുള്ളതു പോലെ നൃത്തപരിപാടിയോടൊപ്പം നല്ല കഥാപാത്രങ്ങളുമായി മുന്നോട്ടു പോകാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
31 വര്‍ഷത്തിനിടയില്‍ ദക്ഷിണേന്ത്യന്‍ സിനിമകളിലെ അഭിനയം പകര്‍ന്നു തന്ന എനര്‍ജിയെക്കുറിച്ച് ?
അതൊരു വ്യത്യസ്‌തമായ അനുഭവംതന്നെയാണ്. ഓരോ സ്‌ഥലത്തും വൈവിധ്യമാര്‍ന്ന സംസ്‌കാരത്തെ മുറുകെ പിടിക്കുന്നവരാണ്. ആരാധനയുടെ കാര്യത്തില്‍ പോലും അങ്ങനെയാണ്. കഴിഞ്ഞ 31 വര്‍ഷത്തിനുള്ളില്‍ ഞാന്‍ അഭിനയിച്ച ചിത്രങ്ങളെല്ലാം എനിക്ക് എന്തെന്നില്ലാത്ത പോസിറ്റീവ് എനര്‍ജി തന്നിട്ടുണ്ട്. മലയാളത്തിലാണെങ്കില്‍ നഖക്ഷതങ്ങള്‍, പരിണയം, ഗസല്‍ തുടങ്ങി ഞാന്‍ അഭിനയിച്ച ചിത്രങ്ങള്‍ പ്രേക്ഷകരുടെ മനസ്സിലുണ്ട്. രുഗ്മിണി, വൈഫ് വരപ്രസാദ്, വംശി, ലാഹിരി... ലാഹിരി... ലാഹിരി, പാടുതാ തിയേഗ തുടങ്ങി പതിനഞ്ചോളം തെലുങ്ക് ചിത്രങ്ങളിലാണ് അഭിനയിച്ചത്. തമിഴില്‍ ആവാരംപൂ, ജന്റില്‍മാന്‍, കാതല്‍ദേശം, കന്നടത്തില്‍ 'കനസിലു നീനേ മനസ്സിലു നീനേ', 'ആപ്‌ത രക്ഷക' ഉള്‍പ്പെടെ നിരവധി സിനിമകള്‍ എന്റെ അഭിനയ ജീവിതത്തില്‍ ഒരു വഴിത്തിരിവായിരുന്നു.
മലയാളത്തിലെ പുതിയ സിനിമകളെക്കുറിച്ച് ?
പുതിയ സിനിമകളോടൊപ്പം മലയാളത്തില്‍ വളരെയധികം ടാലന്റുള്ള ചെറുപ്പക്കാര്‍ വരുന്നുണ്ട്. റിയലിസ്‌റ്റിക്കായ രീതിയില്‍ കഥ പറയുന്ന ശൈലി മലയാളസിനിമയില്‍ വര്‍ദ്ധിച്ചുവരുകയാണ്. അടുത്തകാലത്ത് കണ്ടതില്‍ എനിക്കേറെ ഇഷ്‌ടപ്പെട്ടത് 'എന്ന് നിന്റെ മൊയ്‌തീനും' 'പത്തേമാരി'യുമാണ്. പത്തേമാരിയില്‍ മമ്മൂക്കയുടെ പെര്‍ഫോമന്‍സ് എനിക്ക് ഒരുപാടിഷ്‌ടമായി. 'ബാവുട്ടിയുടെ നാമത്തില്‍' എന്ന ചിത്രത്തിലാണ് മമ്മൂക്കയോടൊപ്പം ഞാന്‍ അഭിനയിച്ചത്. മമ്മൂക്കയുടെ ശരീരസംരക്ഷണവും സൗന്ദര്യവും എന്നെ അദ്‌ഭുതപ്പെടുത്താറുണ്ട്.
ലക്ഷ്‌മി ഗോപാലസ്വാമിയെക്കുറിച്ച് ?
ലക്ഷ്‌മിയും ഞാനും തത്വമസി എന്ന ഒരു സിനിമയില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂ. ലക്ഷ്‌മിയോടൊപ്പം ധാരാളം വേദികളില്‍ നൃത്തപരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. കാംബോജിയിലേത് ഒരുതരം സ്‌പിരിച്ച്വല്‍ പ്രണയമാണ്. മാത്രമല്ല, കഥകളിയും ഭരതനാട്യവും തമ്മിലുള്ള രണ്ട് ആര്‍ട്ട് ഫോമുകളിലൂടെയുള്ള യാത്രയാണ് ഈ ചിത്രത്തിലുടനീളമുള്ളത്. ലക്ഷ്‌മി നന്നായി അഭിനയിക്കുന്നുമുണ്ട്.
പുതിയ ചിത്രങ്ങള്‍ ?
മറ്റ് ഭാഷാചിത്രങ്ങളിലൊന്നും ഇപ്പോള്‍ അഭിനയിക്കുന്നില്ല. മലയാളത്തില്‍ പള്ളിക്കൂടം എന്ന ചിത്രത്തില്‍ സ്‌കൂള്‍ അധ്യാപകനായി അഭിനയിച്ചുകഴിഞ്ഞു.
ഇനിയുള്ള ആഗ്രഹം?
സിനിമയും നൃത്തവുമായി മുന്നോട്ട് പോകണം. നല്ല കഥാപാത്രങ്ങളാണെങ്കില്‍ മാത്രം അഭിനയിക്കും.
കുടുംബം?
ചെന്നൈയിലാണ് താമസിക്കുന്നത്. ഭാര്യ പ്രസീല. മകള്‍ അവന്തി അഞ്ചാം ക്ലാസില്‍ പഠിക്കുന്നു.
(കടപ്പാട്- മംഗളം)