വിധിയുടെ ക്രൂരതകളെ പൊരുതി മറികടന്നയാളാണ് നടി ദേവി അജിത്ത്. സ്വന്തം സിനിമ പുറത്തിറങ്ങുന്നതിന് തൊട്ടു മുമ്പ് ഭര്‍ത്താവിന്റെ വിയോഗവും പിന്നീടുണ്ടായ ഒറ്റപ്പെടലും പരിഹാസവും അതിജീവിച്ചാണ് ദേവി അജിത്ത് ഇന്നത്തെ നിലയിലെത്തിയത്. വ്യക്തിജീവിതത്തിലെ ഇരുണ്ട കാലഘട്ടംഎങ്ങനെ തരണം ചെയ്തു എന്നതിനെക്കുറിച്ചു ദേവി മനസു തുറക്കുന്നു.
ദുരനുഭവങ്ങളുടെ ആകെത്തുകയാണോ ദേവി?
ദുരനുഭവങ്ങളല്ല വിധിയുടെ എന്ന വാക്കാണ് ഏറെ ഉചിതം. ജീവിതത്തില്‍ വിധി പലപ്പോഴും പരീക്ഷണവസ്തുക്കളെ തേടിക്കൊണ്ടിരിക്കും. ഞാന്‍ അതിലൊരു ഇരയായിരുന്നു. അജിത്തിനെ എന്നില്‍ നിന്നും തട്ടിയെടുത്തതു മുതല്‍ അതു തുടങ്ങി.
'ദി കാര്‍' എന്ന ചിത്രം അതിനു നിമിത്തമായെന്നാണോ?
അതെ. ആ സിനിമയുടെ പ്രിവ്യൂ ചെന്നെയിലായിരുന്നു. അവിടെ നിന്നും കുടുംബസമേതം ഫ്‌ളൈറ്റില്‍ തിരുവനന്തപുരത്തേയ്ക്ക് പോരാന്‍ ബുക്ക് ചെയ്തിരുന്നു. ആ സമയത്താണ് കാറുമായി ഡ്രൈവര്‍ സ്റ്റുഡിയോയിലേക്ക് വരുന്നത്.അയാള്‍ക്ക് ശരീരസുഖമില്ലാത്തതിനാല്‍ അജിത്ത് കാറുമായി പോരാന്‍ തീരുമാനിക്കുകയായിരുന്നു. വിദുരനഗറില്‍ വച്ചായിരുന്നു അപകടം. അന്നു മുതല്‍ വിധി എന്നെ പരീക്ഷണവസ്തുവാക്കി.
പിന്നീട് ഒരു വിധവയുടെ ജീവിതമല്ലായിരുന്നു ദേവിയുടേതെന്ന് ആക്ഷേപമുണ്ടായിരുന്നു.?
ശരിയാണ്. ഞാന്‍ തലമുണ്ഡനം ചെയ്തില്ല. വെള്ള സാരി ചുറ്റിയില്ല. പൊട്ടുതൊടാതിരുന്നില്ല. കണ്ണീരും വിലാപവുമായി വീട്ടില്‍ തന്നെ അടച്ചിരുന്നില്ല, എന്നെയും എന്റെ മോള് നന്ദനയെയും സഹായിക്കണമെന്നു പറഞ്ഞ് ആരുടെ മുന്നിലും കൈനീട്ടിയില്ല... ഇതൊക്കെ ഒരു വിധവയുടെ വന്‍വീഴ്ചകളായിരുന്നു.
പതിനെട്ട് വയസ്സില്‍ വിവാഹിതയായി ഇരുപത്തിനാലാം വയസ്സില്‍ വിധവയായ ഒരു പെണ്‍കുട്ടിയുടെ മനസ്സിന്റെ തകര്‍ച്ച എത്രപേര്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിരിക്കുമെന്ന് എനിക്കറിയില്ല.
അജിത്തിന്റെ അകാലമരണം ന്യൂറോ അറ്റാക്ക് എന്ന അവസ്ഥയിലേക്കാണ് എന്നെ എത്തിച്ചത്. കാലവും ഓര്‍മ്മകളും മനസ്സിന്റെ കണക്കുബുക്കില്‍ നിന്നും മാഞ്ഞുപോയ അവസ്ഥ.
മനസ്സുതിരികെ പിടിക്കാന്‍ ഇഷ്ടമേഖലയിലേക്ക് ദേവിയെ എത്തിക്കണമെന്ന് അച്ഛനമ്മമാരോട് ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. നിയമം പഠിച്ചെങ്കിലും ആങ്കറിങ്ങിനോടായിരുന്നു താല്പര്യം.
വിവാഹത്തിനു മുമ്പ് ഏഷ്യാനെറ്റില്‍ 'പാട്ടുപെട്ടി' അവതരിപ്പിച്ചിരുന്നു. എന്റെ അവസ്ഥ അറിഞ്ഞപ്പോള്‍ ഏഷ്യാനെറ്റ് തന്നെ പുതിയ അവസരവുമായി മുന്നോട്ടു വന്നു.
കല്യാണ്‍ സിനിഷോ അവതരിപ്പിക്കാനാണ് അവര്‍ നിര്‍ദ്ദേശിച്ചത്. അപ്പോള്‍ അജിത്തിന്റെ മരണം കഴിഞ്ഞിട്ട് നാലുമാസമേ ആയിരുന്നുള്ളൂ.
കല്യാണ്‍ സിനിഷോയില്‍ അവതാരികയുടെ വേഷം പട്ടുസാരിയായിരുന്നു. വിവാഹം കഴിഞ്ഞ് കൂടുതലും ജീന്‍സ് ധരിച്ചിരുന്ന ഞാന്‍ ഭര്‍ത്താവിന്റെ മരണശേഷം പട്ടുസാരി ഉടുത്തപ്പോള്‍ ആളുകള്‍ അമ്പരന്നു. ചിലര്‍ മൂക്കത്തുവിരല്‍വച്ചു. എന്റെ ദുര്‍വിധി എന്നല്ലേ അതിനെ പറയാന്‍ കഴിയൂ....
പുകവലിയും കള്ളുകുടിയുമൊക്കെ ജീവിതത്തിന്റെ ഭാഗമാണോ?
മാധവിക്കുട്ടി എഴുതിയതെല്ലാം സ്വന്തം അനുഭവങ്ങളായിരുന്നോ? എനിക്ക് കിട്ടിയ പല സിനിമകളിലെയും കഥാപാത്രങ്ങള്‍ സിഗരറ്റ് വലിക്കുകയും കള്ളുകുടിക്കുകയും ചെയ്യുന്നുണ്ട്. ശ്യാമപ്രസാദിന്റെ മണല്‍നഗരത്തില്‍ നിന്നാണ് അത്തരം ടൈപ്പ് കഥാപാത്രങ്ങളുടെ പിറവി. പക്ഷേ ഞാന്‍ സിഗരറ്റ് വലിക്കാറില്ല. കള്ളുകുടി ദിനചര്യയുമല്ല.
പെണ്ണുങ്ങള്‍ കള്ളുകുടിക്കുന്നതിനെക്കുറിച്ച്...?
ആണുങ്ങള്‍ കള്ളുകുടിക്കുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങളെല്ലാം ഇവിടെയും ബാധകമാകുന്നു. സര്‍ക്കാര്‍ ഔട്ട്‌ലെറ്റുകളില്‍ നിന്നും സ്ത്രീകള്‍ക്ക് മദ്യം നല്‍കില്ലെന്ന നിയമമൊന്നുമില്ലല്ലോ... അതായത് സ്ത്രീ കള്ളുവാങ്ങുന്നതോ കുടിക്കുന്നതോ നിയമവിരുദ്ധമല്ല.
ഇതൊക്കെ ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യങ്ങളാണ്. സ്ത്രീകള്‍ കിണറുകുഴിക്കുകയും, ഓട വെട്ടുകയും, തെങ്ങുകയറുകയും ചെയ്യുന്നുണ്ട്. വിരുദ്ധാഭിപ്രായങ്ങള്‍ ഉയരുന്നില്ല. പക്ഷേ ഒരു പെണ്ണ് കള്ളുകുടിച്ചു എന്നു കേട്ടാല്‍ അത് സദാചാരവിരുദ്ധമാകുന്നതെങ്ങനെ?
വിമര്‍ശനങ്ങളോട് അസഹിഷ്ണുത പുലര്‍ത്താറുണ്ടോ?
ഒരിക്കലുമില്ല. സമൂഹത്താല്‍ നിരന്തരം വേട്ടയാടപ്പെട്ട ഒരാളൊന്നുമല്ല ഞാന്‍. ചിലരുടെ നിരീക്ഷണങ്ങള്‍ നമ്മളെ സന്തോഷിപ്പിക്കണമെന്നില്ല.
ഈറന്‍നിലാവ് എന്ന സീരിയലിലെ സുമിത്രയെ കണ്ട് ഏറെപ്പേര്‍ അഭിനന്ദിച്ചു. സാരിയുടുത്ത് അഭിനയിച്ച 'മിലി'യിലെയും, ആക്ഷന്‍ഹീറോ ബിജുവിലെയും കഥാപാത്രങ്ങള്‍ക്ക് നല്ല അംഗീകാരം കിട്ടി.
ക്രിയാത്മകമായ സമൂഹത്തില്‍ നിന്നും പ്രതികരണങ്ങള്‍ പ്രതീക്ഷിക്കണം. അവിടെ അസഹിഷ്ണുത പ്രകടിപ്പിച്ചിട്ട് എന്തുകാര്യം. അവിടെയും വിധിയിലാണ് ഞാന്‍ വിശ്വസിക്കുന്നത്.
പുതിയ സൗഹൃദങ്ങളോട് വിമുഖത പുലര്‍ത്തുന്ന ആളാണോ?
അല്ല. എനിക്ക് ഒരുപാട് സൗഹൃദങ്ങളുണ്ട്. ആണും പെണ്ണുമൊക്കെ അക്കൂട്ടത്തിലുണ്ട്. പുരുഷ സൗഹൃദങ്ങളെ ഫിസിക്കല്‍ റിലേഷനുകളായി ചിലരെങ്കിലും തെറ്റിദ്ധരിക്കാറുണ്ട്. പക്ഷേ നമ്മളെ പ്രൊട്ടക്ട് ചെയ്യുന്ന ഒരുപാട് നല്ല സുഹൃത്തുക്കള്‍ അക്കൂട്ടത്തിലുണ്ടാകും...
നല്ല ഡയറക്ടര്‍മാരുടെ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ കഴിഞ്ഞില്ലെന്നു തോന്നിയിട്ടുണ്ടോ?
രാജേഷ്പിള്ളയും എബ്രിഡ് ഷൈനുമെല്ലാം മലയാള സിനിമയുടെ വിധി മാറ്റിയെഴുതിയ സംവിധായകരാണ്. എങ്കിലും കുറേക്കൂടി സ്വീകാര്യത കിട്ടേണ്ടിയിരുന്നില്ലേ എന്നൊക്കെ ഇടയ്ക്ക് തോന്നിയിരുന്നു. ഉടന്‍ തീയേറ്ററുകളില്‍ എത്തുന്ന ഹല്ലേലുയ്യായും, ദേവയാനവും പ്രതീക്ഷ നല്‍കുന്ന ചിത്രങ്ങളാണ്. എല്ലാത്തിനുമപ്പുറം വിധി വലിയ ഘടകമാണ്. മൂന്നു വര്‍ഷങ്ങള്‍ ക്കൊണ്ട് 15 സിനിമകള്‍ ചെയ്തു. ഒരു കടുംപിടുത്തക്കാരിയാണെങ്കില്‍ ഇതെങ്ങനെ സാധിക്കും? ഞാന്‍ വളരെ സെന്‍സിറ്റീവാണ്. നിസാരകാര്യങ്ങൡപ്പോലും കണ്ണു നനയുന്ന ഒരു പെണ്ണ് എന്റെയുള്ളിലും ഉണ്ട്. പക്ഷേ 18 വര്‍ഷമായി ഒരു കുടുംബത്തിന്റെ എല്ലാ കാര്യങ്ങളും തനിച്ച് അന്വേഷിക്കേണ്ടിവരുന്ന ഒരു സ്ത്രീയുടെ പാരുഷ്യം എന്നെയും പരുക്കനാക്കിയോ എന്ന് ഇപ്പോള്‍ സംശയമുണ്ട്.
ഫെമിനിസ്റ്റാണോ?
അല്ല. സ്വാതന്ത്ര്യദാഹം സ്ത്രീക്കും പുരുഷനും തുല്യമാകുന്നതില്‍ കുഴപ്പമില്ലെന്ന് വിചാരിക്കുന്ന ഒരാളാണ് ഞാന്‍. പുരുഷനു മുകളില്‍ നില്‍ക്കണമെന്ന് ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. പുരുഷനു വിധേയപ്പെട്ട് ജീവിക്കുമ്പോള്‍ ആനന്ദവും സുരക്ഷിതത്വവും സ്ത്രീ അനുഭവിക്കുന്നുണ്ട്.
ഹോട്ട് സീനുകളോട് ആഭിമുഖ്യം ഉണ്ടോ?
'കാഞ്ചി' എന്ന ചിത്രത്തില്‍ ഒരു സീനില്‍ ഹോട്ടായി അഭിനയിച്ചിട്ടുണ്ട്. അത് ആ കഥയ്ക്ക് ഒഴിച്ചുകൂടാനാവാത്തതായിരുന്നു. ഭര്‍ത്താവില്ലാതെ ഒറ്റപ്പെട്ട് ജീവിക്കുന്ന ഒരു സ്ത്രീയുടെ വ്യക്തിജീവിതവും ചൂടും ചൂരും പങ്കിടുന്ന ഒന്നാവുമെന്ന് പ്രബുദ്ധമായ കേരളീയ സമൂഹം ചിന്തിക്കുമെന്ന് ഞാന്‍ കരുതുന്നില്ല.</p>
വലിയ ഭക്തയാണെന്ന് കേട്ടിട്ടുണ്ട്. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനോട് എന്താണ് അഭിപ്രായം?
ഭക്തയാണ്. അയ്യപ്പനെ നാട്ടിലെ ക്ഷേത്രങ്ങളിലൊക്കെ യഥേഷ്ടം തൊഴാന്‍ സാഹചര്യമുള്ളപ്പോള്‍ ശബരിമലയ്ക്ക് പോകണമെന്ന് ശഠിക്കണോ?
ഭാവിയെക്കുറിച്ച് എന്താണ് വിചാരിക്കുന്നത്?
ജീവിക്കുന്ന ഈ നിമിഷങ്ങളെക്കുറിച്ചു മാത്രമേ ഉറപ്പിച്ച് എന്തെങ്കിലും പറയാന്‍ കഴിയൂ... ഭാവി, വിധിയുടെ കൈകളിലാണെന്നാണ് എന്റെ വിശ്വാസം. എന്തായാലും ജീവിതത്തിലെ ഒരു പരീക്ഷണകാലഘട്ടം കഴിഞ്ഞിരിക്കുന്നു. മികച്ച കഥാപാത്രങ്ങള്‍ കിട്ടുമെന്ന പ്രതീക്ഷയുണ്ട്. പോലീസ് ഓഫീസറുടെയും ഡാന്‍സറുടെയും വേഷങ്ങള്‍ ഏറെ ഇഷ്ടമുള്ളവയാണ്. കാത്തിരിക്കാം..
(കടപ്പാട്-മംഗളം)